CMDRF

അമേരിക്കയെ തോൽക്കാൻ പഠിപ്പിച്ച ‘ഹോ ചി മിൻ’ എന്ന വിപ്ലവകാരി

അമേരിക്കയെ തോൽക്കാൻ പഠിപ്പിച്ച ‘ഹോ ചി മിൻ’ എന്ന വിപ്ലവകാരി
അമേരിക്കയെ തോൽക്കാൻ പഠിപ്പിച്ച ‘ഹോ ചി മിൻ’ എന്ന വിപ്ലവകാരി

റാനെതിരെ അണിനിരക്കാന്‍ ഇസ്രായേലിന് വേദോപദേശം നല്‍കുന്ന അമേരിക്ക പരോക്ഷമായി യുദ്ധത്തില്‍ പങ്കാളികളാകുമ്പോള്‍ ഇറാന്‍ ഭയന്ന് പിന്‍മാറുമെന്നാണ് ഇരുകക്ഷികളുടെയും ധാരണ. എന്നാല്‍ പടവെട്ടാല്‍ ഒരുങ്ങി തന്നെയാണ് ഇറാന്റെ മുന്നൊരുക്കം. എന്ത് സങ്കീര്‍ണതകള്‍ വന്നാലും അതെല്ലാം പടവെട്ടി അവിടെയെല്ലാം സ്വന്തം കൊടി നാട്ടാനുള്ള അമേരിക്കയുടെ കൂര്‍മ ബുദ്ധിക്ക് പണ്ട് വിയറ്റാമിലേറ്റ ഒരു തിരിച്ചടിയുണ്ട് ചരിത്രത്തില്‍. യുദ്ധക്കൊതിയന്‍മാരായ അമേരിക്കയ്ക്ക് ഏറ്റ വലിയൊരു നാണംകെട്ട തോല്‍വി. തോറ്റ് ശീലമില്ലാത്ത അമേരിക്കന്‍ സാമ്രാജ്യത്തെ തോല്‍വിയുടെ കയ്പ്നീര് കുടിപ്പിച്ച വിയറ്റ്‌നാം ജനത. അവരെ നയിച്ച് സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ പടവെട്ടിയ ഹോ ചി മിന്‍ എന്ന ഇതിഹാസ നായകന്‍.

ഫ്രഞ്ച് ആധിപത്യത്തിനെതിരെ ആഞ്ഞടിച്ച ഹോ ചി മിന്റെ ആയുധം കമ്യൂണിസമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് കൊളോണിയലിസത്തിനെതിരെ ശബ്ദമുയര്‍ത്തിയ ഹോ ചി മിന്റെ യഥാര്‍ത്ഥ പേര് എന്‍ഗൂയന്‍ സിന്‍ കുങ് എന്നായിരുന്നു. കമ്യൂണിസ്റ്റ് ചൈനയില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന അദ്ദേഹം 1942 ല്‍ വിയറ്റ്‌നാം സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്ക് ഗറില്ലാ പോരാളികളെ സന്നദ്ധരാക്കുന്നതിന് വേണ്ടി ജന്മനാട്ടില്‍ തിരിച്ചെത്തി. ആദ്യം ഫ്രാന്‍സിനെതിരെയും രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനെതിരെയും പോരാടി. ഗറില്ലാ പോരാളികളെ അണിനിരത്തി ഓരോ പ്രദേശമായി പിടിച്ചെടുക്കാന്‍ നേതൃത്വം നല്‍കി. 1945 സെപ്റ്റംബറില്‍ വിയറ്റ്നാമിന്റെ ഒരു പകുതി, സ്വതന്ത്രമായി പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണം ആരംഭിച്ചു.

ഒരു യുദ്ധം തുടങ്ങിയാല്‍ അവിടെ മികച്ച ആയുധങ്ങളും സൈന്യവുമുള്ളവര്‍ ജയിക്കും. ചുരുക്കത്തില്‍ സമ്പന്ന രാജ്യം വിജയിക്കും. ഈ ധാരണയെ ഇല്ലാതാക്കി ഹോ ചി മിനും ഗറില്ലാ പടയും. നയിക്കാന്‍ ഒരു കരുത്തനായ നേതാവും, പൊരുതാന്‍ ധീരരായ കുറച്ച് ദേശസ്‌നേഹികളും ഉണ്ടെങ്കില്‍ വിജയത്തെ സ്വപക്ഷത്താക്കാമെന്ന് ഹോ ചി മിന്‍ കാണിച്ചുതന്നു. ലളിതമായ ജീവിതശൈലിക്ക് ഉടമയായ ഹോ ചിയെ കണ്ടാല്‍ ഒരു പാവപ്പെട്ട ഏഷ്യന്‍ കര്‍ഷകന്റെ പ്രകൃതമാണ്. പക്ഷേ, ആ നിഷ്‌കളങ്ക വേഷത്തിനുള്ളില്‍ ഒരു കരുത്തുറ്റ കമ്യൂണിസ്റ്റ് നേതാവുണ്ടായിരുന്നു. രാജ്യഭരണാധികാരി എന്ന നിലയില്‍ ലഭിക്കേണ്ട ഹാനോയിലെ കൊട്ടാരം ഓഫീസ് ജോലികള്‍ക്കായി വിട്ടുകൊടുത്ത് കൊട്ടാരവളപ്പിലെ ജോലിക്കാര്‍ക്കുള്ള ചെറിയ മുറിയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ബഹുഭാഷാപണ്ഡിതനും കവിയുമായിരുന്നു ഹോ ചി മിന്‍. ഹോ അമ്മാവന്‍ എന്നാണ് ജനങ്ങള്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വം വിശേഷിപ്പിച്ചിരുന്നത്.

അമേരിക്കയെ ഹോ ചി മിന്‍ ആദ്യമായി തോല്‍പ്പിച്ചത് ഒരു ചോദ്യം കൊണ്ടാണ്… തലസ്ഥാനമായ ഹനോയില്‍ വന്നിറങ്ങുന്ന അമേരിക്കക്കാരോട് അദ്ദേഹം പരിഹാസത്തോടെ ചോദിച്ചു, ‘ആ സ്വാതന്ത്ര്യ പ്രതിമ ഇപ്പോഴും അവിടെയുണ്ടോ..? എനിക്ക് തോന്നുന്നു അത് തലക്കുത്തിയാണ് നില്‍ക്കുന്നതെന്ന്…’ സ്വാതന്ത്ര്യത്തിന്റെ മഹത്വം ഇത്ര ലളിതമായി അവതരിപ്പിച്ച അദ്ദേഹത്തിന്റെ ആ ചോദ്യത്തിന്റെ പ്രസക്തി അന്നവര്‍ക്ക് മനസ്സിലായി കാണില്ല. സ്വന്തം നാട്ടിലെ പൗരന്മാരനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ മാറ്റണം, ജനതയുടെ ഈ ഗതികേടിന് അറുതി വരുത്തണം. ഇതിനായി തുനിഞ്ഞിറങ്ങിയ ഒരു ചെറുപ്പക്കാരന്‍ തന്റെ ജീവിതം തന്നെയാണ് നാടിനായി കരുതിവച്ചത്. ആ ചെറുപ്പക്കാരനാണ് കമ്യൂണിസ്റ്റ് വിയറ്റ്‌നാമിന്റെ നായകനായ ഹോ ചി മിന്‍.

ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് വിയറ്റ്‌നാമിന്റെ ആദ്യ പ്രസിഡന്റ്. ഫ്രഞ്ച് പട്ടാളം മടങ്ങിയെത്തി രാജ്യം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഹോയുടെ നേതൃത്വത്തില്‍ എട്ട് വര്‍ഷമാണ് ഏറ്റുമുട്ടിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബലത്തില്‍ ഹോയുടെ അധികാരത്തിലുള്ള വടക്കന്‍ വിയറ്റ്‌നാമും അമേരിക്കയുടെ താളത്തിനൊത്ത് തുള്ളുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ തെക്കന്‍ വിയറ്റ്‌നാമും പോരിനിറങ്ങിയപ്പോള്‍ ഹോചിമിന്റെ ഉജ്ജ്വലപോരാട്ടം തന്നെയാണ് ജന്മ നാടിനെ തിരിച്ചുപിടിക്കാന്‍ സഹായിച്ചത്. പോരാട്ടത്തിനിടയില്‍ 79-ാം വയസ്സില്‍ അന്തരിച്ചപ്പോഴും ഗറില്ല പോരാളികള്‍ക്കിടയില്‍ ഹോയുടെ സ്വാധീനം അവസാനിച്ചിരുന്നില്ല. സമാനതകളില്ലാത്ത പോരാട്ടം നയിച്ച ഹോ ചി മിനെ പോലത്തെ വിപ്ലവ പോരാളികള്‍ എല്ലാ മണ്ണിലും കാണും. എത്ര വലിയ ഭീമന്‍മാരാണെങ്കിലും ആത്മധൈര്യമുള്ളവരെ തോല്‍പ്പിക്കാന്‍ എത്ര വലിയ സൈനീക ശക്തിയാണെങ്കിലും ഭയക്കണമെന്നാണ് ഹോ ചി മിന്‍ എന്ന കമ്യൂണിസ്റ്റ് നേതാവ് തലമുറകള്‍ക്ക് നല്‍കുന്ന പാഠം.

REPORT: ANURANJANA KRISHNA

Top