പ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ (HMMA) പുരസ്കാരം നേടി എ.ആർ.റഹ്മാൻ. മലയാളത്തിൽ ഇന്നും ബെസ്റ്റ് സെല്ലറുകളിൽ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതത്തിലെ പശ്ചാത്തല സംഗീതത്തിനാണ് പുരസ്കാരം. അടുത്തിടെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ (HMMA) പുരസ്കാരങ്ങൾക്കായുള്ള നാമനിർദേശ പട്ടികയിൽ ആടുജീവിതം ഇടം നേടിയിരുന്നു. മികച്ച ഗാനത്തിനും വിദേശചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുമായി രണ്ടു നാമനിർദേശങ്ങളാണ് ആടുജീവിതം നേടിയത്.
Also Read: സിനിമയില്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചു; ‘അമരൻ’ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് വിദ്യാർത്ഥി
ഹോളിവുഡിലെ അവലോണിലാണ് പുരസ്കാര വിതരണ ചടങ്ങ്. റഹ്മാനു വേണ്ടി സംവിധായകൻ ബ്ലെസി പുരസ്കാരം ഏറ്റുവാങ്ങി. “ഈ വലിയ അംഗീകാരത്തിന് നന്ദി. എആർ റഹ്മാനു വേണ്ടിയാണ് ഞാനിവിടെ നിൽക്കുന്നത്. ഒരിക്കൽക്കൂടി എല്ലാവർക്കും നന്ദി,”- പുരസ്കാരം സ്വീകരിച്ചു കൊണ്ട് സംവിധായകൻ ബ്ലെസി പറഞ്ഞു. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ പുരസ്കാരം നേടുന്നത്.
റഹ്മാൻ ഈണമിട്ട ‘പെരിയോനെ’ എന്ന ഗാനവും പുരസ്കാരത്തിന് പരിഗണിച്ചിരുന്നു. മികച്ച ഗാനത്തിനുള്ള പുരസ്കാരത്തിനാണ് ‘പെരിയോനെ’ എന്ന ഗാനം പരിഗണിക്കപ്പെട്ടത്. വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്കാരത്തിനാണ് ആടുജീവിതം പരിഗണിക്കപ്പെട്ടത്. ചാലഞ്ചേഴ്സ്, എമിലിയ പേരെസ്, ബെറ്റർമാൻ, ട്വിസ്റ്റേഴ്സ്, ദ ഐഡിയ ഓഫ് യു, ദ സിക്സ് ട്രിപ്പിൾ എയ്റ്റ്, ബ്ലിറ്റ്സ് എന്നിവയാണ് ആടുജീവിതത്തിനു പുറമേ ഫീച്ചർ ഫിലിം ഗാന വിഭാഗത്തിൽ മത്സരിച്ചത്.