ദോഹ: രാജ്യത്തെ ഇലക്ട്രോണിക്, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഓര്‍മിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. വിവിധ മാര്‍ഗങ്ങളിലൂടെ സൈബര്‍, ഇലക്ട്രോണിക് തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ പിഴയോ മൂന്ന് വര്‍ഷം വരെ തടവോ അതുമല്ലെങ്കില്‍ രണ്ട് ശിക്ഷയും ഒരുമിച്ചോ നല്‍കാന്‍ നിയമം അനുശാസിക്കുന്നതായി ആഭ്യന്തര മന്ത്രാലയം സാമ്പത്തിക, ഇലക്ട്രോണിക് കുറ്റകൃത്യ വിഭാഗത്തിലെ സൈബര്‍ ക്രൈം ഓഫിസര്‍ ഫസ്റ്റ്. ലെഫ് ഒമര്‍ അഹ്‌മദ് സുല്‍ത്താന്‍ പറഞ്ഞു. ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തട്ടിപ്പുകള്‍ ചെറുക്കുന്നതിന് ഗവേഷണ കേന്ദ്രങ്ങളുമായും ബാങ്കുകളുമായും സമൂഹത്തെ ബോധവത്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും വ്യക്തമാക്കി. ഒണ്‍ലൈന്‍, ഇലക്ട്രോണിക് തട്ടിപ്പിനുള്ള ശിക്ഷ കുറ്റകൃത്യത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചായിരിക്കും.
സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് സാമൂഹിക വിദ്യാഭ്യാസ, ബോധവത്കരണ കാമ്പയിനുകള്‍ ഉള്‍പ്പെടെയുള്ള നിരവധി ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്നും തുടരുന്നതായും, കുറ്റകൃത്യങ്ങള്‍ കുറക്കുന്നതിന് ബാങ്കുകളുമായും അനുബന്ധ സ്ഥാപനങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സൈബര്‍ തട്ടിപ്പുകളില്‍ പണം വീണ്ടെടുക്കുന്നതില്‍ കാലതാമസമെടുക്കും. ഇതിന് പ്രധാന കാരണം സൈബര്‍ തട്ടിപ്പിലൂടെ കുറ്റക്കാര്‍ കൈവശപ്പെടുത്തുന്ന പണത്തില്‍ 95 ശതമാനവും രാജ്യത്തിന് പുറത്തേക്ക് പോകുന്നതാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.