ഐഫോണില്‍ അവതരിപ്പിക്കുന്ന ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ആയിരിക്കും ഐഒഎസ് 18 എന്നാണ് റിപ്പോര്‍ട്ടുകള്‍. എഐ ഫീച്ചറുകള്‍ ഉള്‍പ്പടെയുള്ള പുതിയ മാറ്റങ്ങള്‍ ഈ അപ്‌ഡേറ്റില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ ഐഫോണ്‍ ഹോം സ്‌ക്രീനില്‍ കൂടുതല്‍ കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ ഐഒഎസ് 18 ല്‍ ലഭിക്കുമെന്നാണ് ബ്ലൂം ബെര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ട്. ഇതുപ്രകാരം ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസരണം ഐഫോണ്‍ ഹോം സ്‌ക്രീന്‍ ക്രമീകരിക്കാനാവും.
ആപ്പ് ഐക്കണുകളുടെ സ്ഥാനം ക്രമീകരിക്കുന്നതിലും, ഫോള്‍ഡറുകള്‍ നിര്‍മിക്കുന്നതിലും, ഐക്കണുകള്‍ തമ്മിലുള്ള അകലം ക്രമീകരിക്കുന്നതിലുമെല്ലാം പുതിയ സൗകര്യങ്ങള്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന് പുറമെയാണ് എഐ ഫീച്ചറുകള്‍ വരുന്നത്. ആപ്പിളിന്റെ തന്നെ നോട്ട്‌സ് ആപ്പ്, ഗാലറി, മെസേജസ് ഉള്‍പ്പടെയുള്ള ആപ്പുകളിലാവും ആദ്യം എഐ ഫീച്ചറുകള്‍ എത്തുക. സിരി എന്ന സ്മാര്‍ട് അസിസ്റ്റന്റ് സേവനവും എഐ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിച്ചേക്കും. ആപ്പിള്‍ മ്യൂസിക്കിലും എഐ ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ഐഫോണില്‍ വരാനിരിക്കുന്ന എഐ ഫീച്ചറുകളില്‍ ജെമിനി എഐ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ആപ്പിളും ഗൂഗിളും തമ്മില്‍ ചര്‍ച്ച നടത്തിയതായി ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎസ് ഭരണ കൂടം ആപ്പിളിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐഒഎസ് 18 എസില്‍ തേഡ് പാര്‍ട്ടി ആപ്പ്‌സ്റ്റോര്‍, തേഡ് പാര്‍ട്ടി പേമെന്റ് ഗേറ്റ് വേ ഉള്‍പ്പടെ വിവിധങ്ങളായ മാറ്റങ്ങള്‍ അവതരിപ്പിക്കപ്പെട്ടേക്കും. ആന്‍ഡ്രോയിഡ് ഉള്‍പ്പടെ മറ്റ് പ്ലാറ്റ്‌ഫോമുകളുമായി ഐഫോണിനെ ബന്ധിപ്പിക്കാനും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും അനുവദിക്കുന്ന സോഫ്റ്റ്‌വെയര്‍ തലത്തിലുള്ള മാറ്റങ്ങളും ഐഒഎസ് 18 ന്റെ ഭാവി അപ്‌ഡേറ്റുകളില്‍ ഉള്‍പ്പെടുത്തിയേക്കും. ഈ വര്‍ഷം നടക്കാനിരിക്കുന്ന വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ചായിരിക്കും ഐഒഎസ് 18 അവതരിപ്പിക്കുക.