ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ നിന്ന് രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി. നിർവീര്യമാകാത്ത ബോംബ് ആയതിനാൽ സുരക്ഷ മുൻകരുതലിന്റെ ഭാഗമായി 400ലേറെ വീടുകൾ ഒഴിപ്പിച്ചു. ബെൽഫാസ്റ്റിൽനിന്ന് 15 കിലോമീറ്റർ അകലെയുള്ള ന്യൂടൗണാർഡ്സിൽ വെള്ളിയാഴ്ചയാണ് അവിചാരിതമായി ബോംബ് കണ്ടെത്തിയത്.
പുതിയ വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്. രണ്ടാം ലോകയുദ്ധ കാലത്ത് വീണുപൊട്ടാതെ കിടക്കുന്ന ബോംബാണെന്നാണ് പ്രാഥമിക നിഗമനം. ഇത് നിർവീര്യമാക്കാൻ അഞ്ചുദിവസം വേണ്ടിവരുമെന്നാണ് കരുതുന്നത്. ബാരിക്കേഡ് സ്ഥാപിച്ച് പ്രദേശത്തേക്കുള്ള പ്രവേശനം വിലക്കിയിട്ടുണ്ട്.
എമർജൻസി സപ്പോർട്ട് സെന്റർ സ്ഥാപിച്ചതായും അധികൃതർ അറിയിച്ചു. രണ്ടാം ലോകയുദ്ധകാലത്തെ പൊട്ടാത്ത ആയിരക്കണക്കിന് ബോംബുകൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കണ്ടെത്താനാകാതെ കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.ഫെബ്രുവരിയിൽ, ലണ്ടൻഡെറി കൗണ്ടിയിൽ നിന്നും രണ്ടാം ലോകമഹായുദ്ധ കാലത്തേ പൊട്ടാത്ത ഷെൽ കണ്ടെത്തിയിരുന്നു. നിയന്ത്രിത സ്ഫോടനത്തിൽ വെടിമരുന്ന് സാങ്കേതിക ഉദ്യോഗസ്ഥർ നശിപ്പിക്കുകയാണുണ്ടായത്.