സോഷ്യല്‍ മീഡിയ വഴി വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ പരാതി നല്‍കി കളമശ്ശേരി സിപിഎം ഏരിയ കമ്മിറ്റി അംഗം വി.എ സക്കീര്‍ ഹുസൈന്‍. തന്റെ പേരും ചിത്രവും ഉപയോഗിച്ച് ബിജെപി, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വ്യാപകമായ വ്യക്തിഹത്യയാണ് നടത്തുന്നത്. തികച്ചും വസ്തുതാ വിരുദ്ധവും അടിസ്ഥാനരഹിതവുമായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഒരു തരത്തിലും ബന്ധമില്ലാത്ത ദുരിതാശ്വാസ ഫണ്ട് തട്ടിയെടുക്കലിന്റെ കഥ കെട്ടിച്ചമച്ചാണ് കള്ളപ്രചാരണം തുടരുന്നത്. എറണാകുളം കളക്ടറേറ്റിലെ വിഷ്ണു എന്ന ജീവനക്കാരന്‍ നടത്തിയ തട്ടിപ്പില്‍ അയാളുടെ സുഹൃത്തുക്കള്‍ ആയിരുന്ന സിപിഐഎം അംഗങ്ങള്‍ പ്രതികളായിരുന്നു. ആ സമയത്ത് മുഖം നോക്കാതെ തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സക്കീര്‍ ഹുസൈന്‍ നേതൃത്വം നല്‍കിയിരുന്നു. പാര്‍ട്ടി എറണാകുളം ജില്ലാ കമ്മിറ്റിയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു. അത്തരമൊരു തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ട സന്ദര്‍ഭത്തില്‍ തന്നെ നടപടി സ്വീകരിക്കുവാന്‍ തയ്യാറായ പാര്‍ട്ടിയാണ് സിപിഐഎം എന്നും സക്കീര്‍ ഹുസൈന്‍ വ്യക്തമാക്കുന്നു.
സഹിക്കാന്‍ കഴിയാത്ത തരത്തിലാണ് തനിക്കെതിരെ ആക്രമണം നടക്കുന്നത്. വ്യക്തി എന്ന നിലയില്‍ തനിക്കും കുടുംബത്തിനും ഇതുമൂലം ഉണ്ടാകുന്ന പ്രയാസം വസ്തുതാ വിരുദ്ധമായി പോസ്റ്റ് ഇടുന്നവര്‍ മനസ്സിലാക്കണം. തന്നെ അറിയാത്തവര്‍ പോലും താന്‍ സിപിഐഎം ആയതുകൊണ്ട് മാത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയാണെന്നും ഇനി ഇത് നോക്കിനില്‍ക്കാനാവില്ലെന്നും സക്കീര്‍ ഹുസൈന്‍ പറയുന്നു. ആയതിനാല്‍ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും പേരും ചിത്രവും വെച്ച് പോസ്റ്റിടുന്നവര്‍ക്കെതിരെ നിയമപരമായ കര്‍ശന നടപടി സ്വീകരിക്കുന്നതിന്റെ ആദ്യപടിയായാണ് കളമശ്ശേരി സ്റ്റേഷന്‍ ഓഫീസര്‍ക്ക് പരാതി സമര്‍പ്പിച്ചതെന്നും സക്കീര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.