CMDRF

പുത്തൻമാറ്റങ്ങളുമായി ഹോണ്ട അമേസ്; ഡിസംബര്‍ മാസത്തോടെ നിരത്തിൽ

പുത്തൻമാറ്റങ്ങളുമായി ഹോണ്ട അമേസ്; ഡിസംബര്‍ മാസത്തോടെ നിരത്തിൽ
പുത്തൻമാറ്റങ്ങളുമായി ഹോണ്ട അമേസ്; ഡിസംബര്‍ മാസത്തോടെ നിരത്തിൽ

ഒന്നും രണ്ടും തലമുറകളില്‍ ഹോണ്ടയ്ക്ക് മികച്ച വില്‍പ്പന നേട്ടം സമ്മാനിച്ച ഇന്ത്യയിലെ കോംപാക്ട് സെഡാന്‍ ശ്രേണിയിലെ ഹോണ്ടയുടെ പ്രതിനിധിയായ അമേസ് മൂന്നാം തലമുറയിലേക്കുള്ള മാറ്റത്തിന്റെ ഒരുക്കത്തിലാണ്. മൂന്നാം സീസണിലെ അമേസ് 2024 ഡിസംബര്‍ മാസത്തോടെ നിരത്തുകളില്‍ എത്തിതുടങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഒരുപാട് മാറ്റങ്ങളോടെയാണ് ഇത് എത്തുക.

പ്ലാറ്റ്‌ഫോം, എക്‌സ്റ്റീരിയര്‍, ഇന്റീരിയര്‍ എന്നിവയിലും മാറ്റം കൊണ്ടുവരും. എന്നാല്‍, മെക്കാനിക്കലായുള്ള മാറ്റത്തിന് ഹോണ്ട മുതിരുന്നില്ലെന്നാണ് വിവരം. 90 ബി.എച്ച്.പി. പവറും 110 എന്‍.എം. ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയായിരിക്കും പുതിയ അമേസിലും നല്‍കുക. അഞ്ച് സ്പീഡ് മാനുവല്‍, സി.വി.ടി. ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്‌സുകള്‍ ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും.

അമേസിന്റെ യഥാര്‍ഥ സിലിവേറ്റും ഡിസൈനും നിലനിര്‍ത്തുന്നതിനൊപ്പം ഹോണ്ടയുടെ ഗ്ലോബല്‍ സെഡാന്‍ മോഡലുകളില്‍ നല്‍കുന്ന ഏതാനും അലങ്കാരങ്ങള്‍ അധികമായി നല്‍കും. ഇന്റീരിയറില്‍ ഹോണ്ടയുടെ മിഡ് സൈസ് എസ്.യു.വി. മോഡലായ എലിവേറ്റില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകളും സ്ഥാനം പിടിക്കും. കൂടുതല്‍ വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി സംവിധാനങ്ങള്‍ തുടങ്ങിയവയായിരിക്കും ഇന്റീരിയറില്‍ നല്‍കുക.

ഹോണ്ട ഭാവിയില്‍ നിര്‍മിക്കാനൊരുങ്ങുന്ന എസ്.യു.വികള്‍, ചെറിയ ഇലക്ട്രിക് വാഹനങ്ങള്‍, പുതുതലമുറ സിറ്റി തുടങ്ങിയ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന പി.എഫ്2 പ്ലാറ്റ്‌ഫോമിലാണ് പുതുതലമുറ അമേസ് ഒരുങ്ങുന്നത്. ഈ മോഡുലാര്‍ ആര്‍കിടെക്ചര്‍ ഹൈബ്രിഡ്, ഇലക്ട്രിക് തുടങ്ങിയ പവര്‍ട്രെയിനുകള്‍ക്ക് ഇണങ്ങുന്നതാണെന്നാണ് വിലയിരുത്തലുകള്‍. അമേസിന് പുറമെ, പുതിയ എസ്.യു.വിക്കുള്ള ഗവേഷണങ്ങളും ഹോണ്ടയുടെ ആര്‍ ആന്‍ഡ് ഡി സെന്ററില്‍ പുരോഗമിക്കുന്നുണ്ട്.

പുതിയ അമേസിന് പുറമെ മറ്റ് വാഹനങ്ങളും ഹോണ്ട ഇന്ത്യക്കായി പരിഗണിക്കുന്നുണ്ട്. എലിവേറ്റിന്റെ സ്‌ട്രോങ്ങ് ഹൈബ്രിഡ് മോഡലാണ് ഇതില്‍ പ്രധാനം. ഇതിനുപുറമെ, ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഒരു ഫുള്‍ സൈസ് എസ്.യു.വിയുടെ ഹോണ്ട പരിഗണിക്കുന്നുണ്ട്. 2027-ഓടെ ഈ വാഹനം നിരത്തുകളില്‍ എത്തിക്കാനാണ് ഹോണ്ടയുടെ പദ്ധതി.

Top