CMDRF

ഇന്ത്യയില്‍ നിര്‍മിക്കുന്ന കാറുകള്‍ക്കായി പ്രത്യേകം പ്ലാറ്റ്ഫോം വികസിപ്പിച്ചെടുക്കാന്‍ ഹോണ്ട

ഇന്ത്യയില്‍ നിര്‍മിക്കുന്ന കാറുകള്‍ക്കായി പ്രത്യേകം പ്ലാറ്റ്ഫോം വികസിപ്പിച്ചെടുക്കാന്‍ ഹോണ്ട
ഇന്ത്യയില്‍ നിര്‍മിക്കുന്ന കാറുകള്‍ക്കായി പ്രത്യേകം പ്ലാറ്റ്ഫോം വികസിപ്പിച്ചെടുക്കാന്‍ ഹോണ്ട

ലതരം പവര്‍ട്രെയിനുകളുള്ള വാഹനങ്ങള്‍ക്കുവേണ്ടി പിഎഫ്2 എന്നു പേരിട്ടിരിക്കുന്ന പ്ലാറ്റ്ഫോം വികസിപ്പിച്ചെടുക്കാനാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ ശ്രമം. ഇതേ പ്ലാറ്റ്ഫോമിലായിരിക്കും ഭാവിയില്‍ പുതു തലമുറ സിറ്റിയും ഹെബ്രിഡ് വാഹനങ്ങളും എസ്യുവികളുമെല്ലാം ഇന്ത്യയിലേക്കും കയറ്റി അയക്കാനുമായി ഹോണ്ട നിര്‍മിക്കുക.

ഇന്ത്യയെ രാജ്യാന്തര വിപണിയിലേക്കുള്ള കാര്‍ നിര്‍മാണ കേന്ദ്രമാക്കാനുള്ള ശ്രമങ്ങള്‍ ഹോണ്ട നടത്തുന്നുണ്ട്. ഈ വര്‍ഷം ആദ്യ പാദത്തില്‍ 10,659 ഇന്ത്യന്‍ നിര്‍മിത ഡബ്ല്യുആര്‍-വികളാണ് മാതൃരാജ്യമായ ജപ്പാനിലേക്ക് ഹോണ്ട കയറ്റി അയച്ചത്. പരമ്പരാഗതമായി തായ്ലന്‍ഡാണ് ഹോണ്ടയുടെ നിര്‍മാണ കേന്ദ്രമായിരുന്നത്. ഇത് ഇന്ത്യയിലേക്ക് പതുക്കെ മാറുന്നുവെന്ന സൂചനകളുണ്ട്.

ഇന്ത്യന്‍ വിപണിയില്‍ സിറ്റി ഹൈബ്രിഡിലൂടെ ആദ്യം എത്തിയത് ഹോണ്ടയായിരുന്നു. എങ്കിലും പിന്നീട് ശ്രദ്ധേയമായ മുന്നേറ്റം നടത്താന്‍ കമ്പനിക്കായിരുന്നില്ല. രാജ്യാന്തര വിപണിയില്‍ ഇപ്പോള്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് വലിയ തോതില്‍ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ നിര്‍മിത ഹൈബ്രിഡ് വാഹനങ്ങള്‍ വിദേശ വിപണികളിലേക്ക് കയറ്റി അയക്കാനാവുക എന്നതും മികച്ച സാധ്യതയായി ഹോണ്ട കരുതുന്നുണ്ടാവും. ഹോണ്ടയുടെ പുതിയ പിഎഫ്2 പ്ലാറ്റ്ഫോം ഹൈബ്രിഡ അടക്കമുള്ള വാഹനങ്ങള്‍ക്ക് അനുയോജ്യമാണ്.

2027ല്‍ ഹോണ്ട പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന 7 സീറ്റര്‍ എസ്യുവിയിലായിരിക്കും ആദ്യമായി പിഎഫ് 2 പ്ലാറ്റ്ഫോം പരീക്ഷിക്കുക. മൂന്നു നിരകളിലായി സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്ന ഈ വാഹനം വിലയുടെ കാര്യത്തില്‍ എലിവേറ്റിന് മുകളിലായിരിക്കും. പ്രധാനമായും ഹോണ്ടയുടെ ജപ്പാന്‍, തായ്ലാന്‍ഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് സെന്ററുകളാണ് ഈ എസ് യു വി വികസിപ്പിച്ചെടുക്കുന്നത്. അതേസമയം ഇന്ത്യ അടക്കമുള്ള വിപണികള്‍ ഈ വാഹനത്തിന് നിര്‍ണായകമായിരിക്കും. സ്ട്രോങ് ഹൈബ്രിഡ് ഓപ്ഷനുള്ള 1.5 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് എന്‍ജിനാണ് പ്രതീക്ഷിക്കുന്നത്. 2027 ഒക്ടോബറില്‍ ഈ 7 സീറ്റര്‍ എസ്യുവിയുടെ നിര്‍മാണം ഹോണ്ട തുടങ്ങും.

2028ല്‍ പുറത്തിറങ്ങാനിരിക്കുന്ന ആറാം തലമുറ ഹോണ്ട സിറ്റിയാണ് ഈ പ്ലാറ്റ്ഫോം ലഭിക്കാനിടയുള്ള അടുത്ത വാഹനം. ഹൈബ്രിഡ് ഓപ്ഷനുള്ള നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനായിരിക്കും പുതിയ സിറ്റിയിലുണ്ടാവുക. ഇപ്പോഴത്തെ മോഡലിനെ അപേക്ഷിച്ച് പുതിയ സിറ്റിയുടെ രൂപകല്‍പനയിലും കാര്യമായ മാറ്റങ്ങളുണ്ടാവും. 2028 മെയ് മുതല്‍ പ്രൊഡക്ഷന്‍ ആരംഭിക്കും.

2029 പകുതിയോടെ പുറത്തിറങ്ങുന്ന ഹോണ്ടയുടെ കോംപാക്ട് എസ് യു വിയിലും പിഎഫ് 2 പ്ലാറ്റ്ഫോം പ്രതീക്ഷിക്കാം. സബ് 4 മീറ്റര്‍ എസ് യു വിയായിരിക്കും ഇത്. 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഈ മോഡലില്‍. ഹോണ്ടയുടെ എലിവേറ്റിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ വൈദ്യുത വാഹനം 2026ല്‍ പുറത്തിറങ്ങും. രണ്ടാമത്തെ വൈദ്യുത കാര്‍ 2029ല്‍ ഹോണ്ട പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ രണ്ടാമത്തെ ഇവിയായിരിക്കും പിഎഫ് 2 പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുക.

Top