ഹെല്‍ത്ത് ഡ്രിങ്ക് അല്ല ഹോര്‍ലിക്സ്

ഹെല്‍ത്ത് ഡ്രിങ്ക് അല്ല ഹോര്‍ലിക്സ്
ഹെല്‍ത്ത് ഡ്രിങ്ക് അല്ല ഹോര്‍ലിക്സ്

ഹോര്‍ലിക്‌സില്‍ നിന്ന് ‘ഹെല്‍ത്ത്’ ലേബല്‍ ഒഴിവാക്കി ‘ഹിന്ദുസ്ഥാന്‍ യൂണിലിവര്‍. ഹോര്‍ലിക്‌സിനെ ‘ഫംഗ്ഷണല്‍ ന്യൂട്രീഷ്യന്‍ ഡ്രിങ്ക്‌സ്’ എന്നായിരിക്കും ഇനി അവതരിപ്പിക്കുക. നേരത്തെ ‘ഹെല്‍ത്ത് ഫുഡ് ഡ്രിങ്ക്‌സ്’ എന്നായിരുന്നു അവകാശപ്പെട്ടിരുന്നത്.നിയമപരമായ വ്യക്തതയില്ലാത്തതിനാല്‍ ഡയറി, ധാന്യങ്ങള്‍ അല്ലെങ്കില്‍ മാള്‍ട്ട് അധിഷ്ഠിത പാനീയങ്ങള്‍ എന്നിവയെ ‘ഹെല്‍ത്ത് ഡ്രിങ്ക്‌സ്’ അല്ലെങ്കില്‍ ‘എനര്‍ജി ഡ്രിങ്ക്‌സ്’ എന്നിങ്ങനെ തരംതിരിക്കാന്‍ പാടില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ഈ തീരുമാനം.

ബോണ്‍വിറ്റ ഉള്‍പ്പെടെയുള്ള പാനീയങ്ങളെ ‘ഹെല്‍ത്ത് ഡ്രിങ്ക്‌സ്’ വിഭാഗത്തില്‍നിന്ന് നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇ- കൊമേഴ്‌സ് സൈറ്റുകളോട് നേരത്തെ നിര്‍ദേശിച്ചിരുന്നു. ഏപ്രില്‍ പത്തിനാണ് നിര്‍ദേശം നല്‍കിയത്. എഫ്.എസ്.എസ്.എ.ഐ ആക്ട് 2006 പ്രകാരം ഹെല്‍ത്ത് ഡ്രിങ്ക് എന്നൊരു വിഭാഗമില്ലെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കേന്ദ്രത്തിന്റെ നടപടി. ഹെല്‍ത്ത് ഡ്രിങ്ക് എന്ന പ്രയോഗം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. ഉയര്‍ന്ന പഞ്ചസാരയുടെ അളവ് സംബന്ധിച്ച ആശങ്കകളെ തുടര്‍ന്നാണ് തീരുമാനം.ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ റിതേഷ് തിവാരി വാര്‍ത്താ സമ്മേളനത്തിലാണ് മാറ്റം പ്രഖ്യാപിച്ചത്. കുട്ടികള്‍ക്ക് ഉള്‍പ്പെടെ നിരന്തരം വീടുകളില്‍ ശീലമാക്കിയിരുന്ന ഹോര്‍ലിക്സ് ഹെല്‍ത്തി ഡ്രിങ്ക് എന്ന പേരില്‍ തന്നെയാണ് വിപണി കീഴടക്കിയത് പേര് മാറ്റത്തോടെ ഹിന്ദുസ്ഥാന്‍ യുണിലിവറിന് ഓഹരിയില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വന്നു.

Top