ആക്രമണത്തില്‍ ബന്ദികള്‍ക്കും ജീവന്‍ നഷ്ടമായി; 4 ബന്ദികളെ മോചിപ്പിക്കുന്നതിനിടെ ഇസ്രായേല്‍ 3 ബന്ദികളെ കൊന്നു: ഹമാസ് നേതാവ്

ആക്രമണത്തില്‍ ബന്ദികള്‍ക്കും ജീവന്‍ നഷ്ടമായി; 4 ബന്ദികളെ മോചിപ്പിക്കുന്നതിനിടെ ഇസ്രായേല്‍ 3 ബന്ദികളെ കൊന്നു: ഹമാസ് നേതാവ്
ആക്രമണത്തില്‍ ബന്ദികള്‍ക്കും ജീവന്‍ നഷ്ടമായി; 4 ബന്ദികളെ മോചിപ്പിക്കുന്നതിനിടെ ഇസ്രായേല്‍ 3 ബന്ദികളെ കൊന്നു: ഹമാസ് നേതാവ്

ബെയ്‌റൂത്ത്: സ്ത്രീകളെയും കുട്ടികളെയും കൂട്ടത്തോടെ കൊലപ്പെടുത്തുന്ന ഇസ്രായേല്‍ സേനയുടെ ആക്രമണത്തില്‍ നിരവധി ബന്ദികള്‍ക്കും ജീവന്‍ നഷ്ടമായതായി ഹമാസ് നേതാവ് ഉസാമ ഹംദാന്‍. തങ്ങള്‍ ബന്ദികളാക്കിയവരില്‍ എത്രപേര്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും ബാക്കി എത്രപേര്‍ ഇപ്പോഴും ജീവനോടെ അവശേഷിക്കുന്നുണ്ടെന്നും അറിയില്ലെന്നും അദ്ദേഹം ലെബനീസ് തലസ്ഥാനമായ ബെയ്റൂത്തില്‍ സി.എന്‍.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച ഗസയിലെ നുസൈറത്തില്‍നിന്ന് നാല് ബന്ദികളെ മോചിപ്പിക്കാന്‍ ഇസ്രായേല്‍ നടത്തിയ ഓപറേഷനിടെ അമേരിക്കന്‍ പൗരന്‍ ഉള്‍പ്പെടെ മൂന്ന് ബന്ദികള്‍ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം നിരവധി പലസ്തീനികളെയും ഇസ്രായേല്‍ സേന അന്ന് കൊലപ്പെടുത്തിയിരുന്നു. നോആ അറഗാമി (25), ആല്‍മോങ് മെയര്‍ (21), ആന്ദ്രേ കോസ്ലോവ് ( 27), ഷലോമി സിവ് (40) എന്നിവരെയാണ് കര, നാവിക, വ്യോമ സൈനിക നീക്കത്തിലൂടെ ഇസ്രായേല്‍ മോചിപ്പിച്ചത്.

ഗസയില്‍ കഴിയുന്ന 100ലധികം ബന്ദികളില്‍ 70ലേറെ പേര്‍ ജീവനോടെയുണ്ടെന്നാണ് ഇസ്രായേല്‍ കരുതുന്നത്. എന്നാല്‍, എത്രപേര്‍ ജീവിച്ചിരിപ്പുണ്ടെന്ന് തനിക്ക് അറിയില്ലെന്ന് സി.എന്‍.എന്നിനോട് സംസാരിക്കവെ ഹംദാന്‍ പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നതടക്കം ഗസയില്‍ ഇസ്രായേല്‍ നിരന്തരം ചെയ്തുകൂട്ടുന്ന ക്രൂരത കണ്‍മുന്നില്‍ കാണുന്നതിന്റെ ആഘാതത്തില്‍ ബന്ദികള്‍ മാനസികപ്രശ്‌നം നേരിടുന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ബന്ദികളെ വിട്ടയക്കണമെങ്കില്‍ ശാശ്വതവെടിനിര്‍ത്തലും ഗസയില്‍നിന്ന് ഇസ്രായേല്‍ സേനയെ പൂര്‍ണമായി പിന്‍വലിക്കുന്നതും പലസ്തീനി തടവുകാരുടെ മോചനവും ഉറപ്പാക്കണം. തടവുകാരുടെ കൈമാറ്റം, ഗസയില്‍ നിന്ന് പൂര്‍ണമായി പിന്‍വാങ്ങല്‍, ഗസ പുനര്‍നിര്‍മാണം, ഉപരോധം അവസാനിപ്പിക്കല്‍, ഗസയുടെ ഭരണത്തില്‍ പലസ്തീനികള്‍ക്ക് സ്വയം നിര്‍ണയാവകാശം എന്നീ കാര്യങ്ങളില്‍ ഇസ്രായേല്‍ നിലപാട് വ്യക്തമാക്കിയാല്‍ മാത്രമേ ബന്ദിമോചന ചര്‍ച്ച ഫലവത്താകൂ. എന്നാല്‍, ഇസ്രായേലിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശമെന്ന പേരില്‍ കഴിഞ്ഞ മാസം അവസാനം യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ ഹമാസ് ഉന്നയിച്ച ആവശ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബൈഡന്റെ നിര്‍ദേശത്തോടുള്ള ഹമാസ് പ്രതികരണം മധ്യസ്ഥരായ ഖത്തറും ഈജിപ്തും മുഖേന കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഹമാസ് നേരത്തെ ഉന്നയിച്ച ആവശ്യങ്ങളില്‍നിന്ന് കാര്യമായ മാറ്റങ്ങളൊന്നും മറുപടിയില്‍ ഇല്ലെന്നും കരാറില്‍ നിരവധി തിരുത്തലുകള്‍ നിര്‍ദേശിച്ചത് നിരാശാജനകമാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ബുധനാഴ്ച ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വെടിനിര്‍ത്തല്‍ പദ്ധതിയെ കുറിച്ച് ഹമാസ് പറയുന്നത്

തിങ്കളാഴ്ച യു.എന്‍ സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ച യു.എസ് പിന്തുണയുള്ള വെടിനിര്‍ത്തല്‍ പദ്ധതിയില്‍ മൂന്ന് ഘട്ടങ്ങളാണുള്ളത്. ഇതില്‍ ആദ്യ ഘട്ടമായ ആറാഴ്ചയാണ് വെടിനിര്‍ത്തല്‍ ഉറപ്പുനല്‍കുന്നത്. തടവുകാരെ പരസ്പരം കൈമാറുന്ന ഈ ഘട്ടത്തില്‍ ഇസ്രായേല്‍ സൈന്യം ഗസയിലെ ജനവാസ മേഖലകളില്‍ നിന്ന് പിന്‍വാങ്ങും. എന്നാല്‍, ആറാഴ്ച കഴിഞ്ഞാല്‍ പിന്നെയെന്ത് എന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനം എടുക്കില്ല.

ആക്രമണം ശാശ്വതമായി നിര്‍ത്തുന്നതും ഗസയില്‍ നിന്ന് ഇസ്രായേല്‍ പൂര്‍ണമായി പിന്‍വാങ്ങുന്നതുമാണ് രണ്ടാംഘട്ടത്തില്‍ നിര്‍ദേശിക്കുന്നത്. ആദ്യ ആറാഴ്ചക്കാലയളവില്‍ ഇരുപക്ഷവും തമ്മില്‍ കൂടുതല്‍ ചര്‍ച്ച നടത്തിയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. എന്നാല്‍, ഇത് അംഗീകരിക്കാനാവില്ലെന്നും ആറാഴ്ച കഴിഞ്ഞാല്‍ വീണ്ടും അതിക്രമം തുടരാനുള്ള ഇസ്രായേല്‍ ഗൂഢതന്ത്രമാണ് ഇതിനുപിന്നിലെന്നും ഹമാസ് ചൂണ്ടിക്കാട്ടുന്നു.

‘കരാറിന്റെ രണ്ടാം ഘട്ടം നടപ്പാക്കാന്‍ ഇസ്രായേല്‍ ഉദ്ദേശിക്കുന്നില്ല. കരാര്‍ നടപ്പാക്കണമെങ്കില്‍ യുദ്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കണം. ഇസ്രായേല്‍ ഗസയില്‍ നിന്ന് പൂര്‍ണമായും പിന്മാറണം. എന്നാല്‍, ഇസ്രായേലിന് ആദ്യ ആറാഴ്ച വെടിനിര്‍ത്തല്‍ മാത്രമേ താല്‍പര്യമുള്ളൂ. അതിനുശേഷം അവര്‍ വീണ്ടും യുദ്ധം തുടരാന്‍ ആഗ്രഹിക്കുന്നു. ശാശ്വത വെടിനിര്‍ത്തല്‍ ഇസ്രായേലിനെ കൊണ്ട് അംഗീകരിപ്പിക്കാന്‍ അമേരിക്ക ഇതുവരെ ശ്രമിച്ചിട്ടില്ല’ – ഹംദാന്‍ സി.എന്‍.എന്നിനോട് പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ അംഗീകരിച്ചുവോ?

ഇസ്രായേല്‍ സര്‍ക്കാര്‍ അംഗീകരിച്ച്, അവര്‍ മുന്നോട്ടുവെച്ച കരാറാണിത് എന്ന മുഖവുരയോടെയാണ് ബൈഡന്‍ വെടിനിര്‍ത്തല്‍ പദ്ധതി പുറത്തുവിട്ടത്. വൈറ്റ് ഹൗസ് ഇക്കാര്യം ആവര്‍ത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുമുണ്ട്. എന്നാല്‍, ഇസ്രായേല്‍ ഇതുവരെ കരാര്‍ തങ്ങള്‍ പൂര്‍ണമായി അംഗീകരിച്ചതായി പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. എന്നുമാത്രമല്ല, ഹമാസിനെ ഇല്ലാതാക്കുന്നതുവരെ യുദ്ധം അവസാനിക്കില്ലെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ച് പറയുന്നത്.

അതേസമയം, ഈ നിര്‍ദേശത്തെ ഇസ്രായേല്‍ പിന്തുണച്ചിട്ടുണ്ടെന്നും ഓകെ പറയാന്‍ തയാറാണെന്നും രണ്ട് ദിവസം മുമ്പ് കണ്ടപ്പോള്‍ നെതന്യാഹു തന്നോട് പറഞ്ഞതായി ബ്ലിങ്കന്‍ പറയുന്നുണ്ട്.

ഒക്ടോബര്‍ ഏഴ് അധിനിവേശത്തിനെതിരായ പ്രതികരണം

ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ തൂഫാനുല്‍ അഖ്‌സ ഓപറേഷന്‍ അധിനിവേശത്തിനെതിരായ പ്രതികരണമാണെന്ന് ഹംദാന്‍ പറഞ്ഞു. 1200ഓളം ഇസ്രായേലികള്‍ കൊല്ലപ്പെട്ട പ്രസ്തുത നീക്കത്തിന് പിന്നാലെയാണ് ഇസ്രായേല്‍ ഗസയില്‍ നരനായാട്ട് ആരംഭിച്ചത്. എട്ടുമാസം പിന്നിട്ട ഇസ്രായേലിന്റെ വംശഹത്യാപരമായ ആക്രമണത്തില്‍ 37,000ത്തിലധികം പലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളുമാണ് അവരില്‍ ഭൂരിഭാഗവും. 90 ശതമാനം ഗസക്കാരും വീടുകളില്‍നിന്ന് പുറത്താക്കപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് ഇസ്രായേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) വക്താവും നേരത്തെ സമ്മതിച്ചിരുന്നു.

പലസ്തീനികളുടെ മരണം അനിവാര്യമായ ത്യാഗമാണെന്ന് ഹമാസ് നേതാവ് യഹിയ സിന്‍വാര്‍ പറഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജവാര്‍ത്തകളാണെന്ന് ഹംദാന്‍ പറഞ്ഞു. ‘ഇത് ഹമാസിനെതിരെ ജനവികാരം ഇളക്കിവിടാന്‍ പലസ്തീനിയല്ലാത്ത ആരോ ഉണ്ടാക്കിയ വ്യാജ സന്ദേശങ്ങളാണ്. എന്നിട്ട് വാള്‍സ്ട്രീറ്റ് ജേണലിലേക്ക് അയച്ചുകൊടുത്തു. സ്വന്തം ജനതയെ കൊന്നൊടുക്കുന്നത് ആര്‍ക്കും അംഗീകരിക്കാനാവില്ല’ – എന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബര്‍ ഏഴിന് നടത്തിയ ഓപറേഷനെ കുറിച്ച് ഹമാസ് ഖേദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഇസ്രായേല്‍ അധിനിവേശത്തിനെതിരായ പ്രതികരണമാണത്’ എന്നായിരുന്നു ഹംദാന്റെ മറുപടി. ‘ഇസ്രായേല്‍ അധിനിവേശമാണ് അതിന്റെ ഉത്തരവാദി. നിങ്ങള്‍ അധിനിവേശത്തെ എതിര്‍ത്താല്‍ ഇസ്രായേല്‍ നിങ്ങളെ കൊല്ലും. നിങ്ങള്‍ അധിനിവേശത്തെ എതിര്‍ത്തില്ലെങ്കിലോ, അവര്‍ നിങ്ങളെ കൊല്ലുകയും നിങ്ങളുടെ രാജ്യത്തുനിന്ന് പുറത്താക്കുകയും ചെയ്യും. അപ്പോള്‍ നമ്മള്‍ എന്താണ് ചെയ്യേണ്ടത്?’ – അദ്ദേഹം ചോദിച്ചു.

ഗസയില്‍ 38 പേരെ കൂടി ഇസ്രായേല്‍ കൊന്നതോടെ ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 37,202 ആയി.

Top