CMDRF

മോദി താമസിച്ച ഹോട്ടലിലെ 80 ലക്ഷം രൂപയുടെ ബിൽ കർണാടക സർക്കാർ നൽകും

മോദി താമസിച്ച ഹോട്ടലിലെ 80 ലക്ഷം രൂപയുടെ ബിൽ കർണാടക സർക്കാർ നൽകും
മോദി താമസിച്ച ഹോട്ടലിലെ 80 ലക്ഷം രൂപയുടെ ബിൽ കർണാടക സർക്കാർ നൽകും

ബെംഗളൂരു: മൈസൂർ സന്ദർശനത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി താമസിച്ച ഹോട്ടലിലെ 80 ലക്ഷം രൂപയുടെ ബിൽ സംസ്ഥാന സർക്കാർ നൽകുമെന്ന് കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രെ. കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു മോദിയുടെ മൈസൂരു സന്ദർശനം. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി സംഘടിപ്പിച്ച പ്രോജക്ട് ടൈഗർ ഇവന്റിന്റെ 50ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാനാണ് മോദി എത്തിയത്.

ഏപ്രിൽ 9 മുതൽ 11 വരെ പരിപാടി നടത്താനായിരുന്നു വനംവകുപ്പിന് കേന്ദ്രസർക്കാരിന്റെ നിർദേശം. ചടങ്ങിലുടനീളം കേന്ദ്രസഹായം ഉറപ്പു നൽകുകയും ചെയ്തു. 3 കോടിയായിരുന്നു പരിപാടിയുടെ നടത്തിപ്പിന് അനുവദിച്ചിരുന്ന തുക. എന്നാൽ പെട്ടെന്ന് സംഘടിപ്പിച്ച പരിപാടിയായത് കൊണ്ടു തന്നെ ചെലവ് ഇരട്ടിയാവുകയായിരുന്നു.

പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ വിശിഷ്ട വ്യക്തികൾ വരുമ്പോൾ അവരെ സ്വീകരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ പാരമ്പര്യമാണ്. എന്നാൽ കഴിഞ്ഞ വർഷം കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നു. അതിനാൽ സംസ്ഥാന സർക്കാർ പരിപാടിയുടെ ആസൂത്രണത്തിൽ ഏർപ്പെട്ടിരുന്നില്ലെന്ന് മന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വനംവകുപ്പ് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിക്ക് കത്തയച്ചിരുന്നു. ഹോട്ടൽ ബിൽ തുകയായ 80 ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകണമെന്ന് അവർ അറിയിച്ചു. തങ്ങൾ ഈ തുക തിരിച്ചടയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിനാൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Top