കോയമ്പത്തൂർ: കേന്ദ്രമന്ത്രി നിർമല സീതാരാമനോട് മാപ്പ് പറയുന്ന ഹോട്ടലുടമയുടെ വിഡിയോ പ്രചരിപ്പിച്ചതിന്റെ പേരിൽ പാർട്ടി നേതാവിനെ പുറത്താക്കി ബിജെപി. തമിഴ്നാട്ടിലെ അന്നപൂർണ ഹോട്ടൽസ് ഉടമ ഡി. ശ്രീനിവാസൻ, ജിഎസ്ടി നിരക്ക് വിഷയത്തിൽ നടത്തിയ പ്രതികരണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് മാപ്പ് ചോദിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഹോട്ടലുകളിൽ വിളമ്പുന്ന വിവിധയിനം ഭക്ഷണങ്ങൾ വിവിധ തരത്തിൽ ജിഎസ്ടി നിരക്ക് ഏർപ്പെടുത്തിയതിനെക്കുറിച്ചായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. കേന്ദ്രമന്ത്രിയോടു മാപ്പുപറയുന്നതിന്റെ വിഡിയോ ബിജെപി നേതാവുതന്നെ പുറത്തുവിട്ടത് വലിയ വിവാദത്തിൽ എത്തിയിരുന്നു.
തമിഴ്നാട് സിംഗനല്ലൂർ മണ്ഡൽ പ്രസിഡന്റ് ആർ. സതീഷിനെ പദവിയിൽനിന്നും പാർട്ടി അംഗത്വത്തിൽനിന്നു പുറത്താക്കിയതായി കോയമ്പത്തൂർ ജില്ലാ പ്രസിഡന്റ് ജെ.രമേഷ് കുമാർ വാർത്താക്കുറിപ്പ് ഇറക്കി. വിഡിയോ പുറത്തുവന്നതിനുപിന്നാലെ സംസ്ഥാന ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ ക്ഷമാപണവുമായെത്തിയിരുന്നു. തമിഴ്നാട് ഹോട്ടൽസ് അസോസിയേഷൻ ഓണററി പ്രസിഡന്റ് കൂടിയാണ് ശ്രീനിവാസൻ.
വിശദാംശങ്ങൾ ചുവടെ :
കോയമ്പത്തൂർ സൗത്ത് ബിജെപി എംഎൽഎ വാനതി ശ്രീനിവാസന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. കോയമ്പത്തൂരിൽ നിർമല സീതാരാമൻ പങ്കെടുത്ത വ്യവസായ സംരംഭകരുടെ യോഗത്തിൽ തമിഴ്നാട് ഹോട്ടൽ അസോസിയേഷനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ശ്രീനിവാസൻ, ഭക്ഷണ സാധനങ്ങൾക്ക് വ്യത്യസ്തനിരക്കിൽ ജിഎസ്ടി ഈടാക്കുന്നതിനെതിരെ പറഞ്ഞിരുന്നു. ജിഎസ്ടിയിലെ ചില സങ്കീർണതകൾ കംപ്യൂട്ടറിനു പോലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി നിർമല സീതാരാമന്റെ സാന്നിധ്യത്തിൽ വ്യാഴാഴ്ച കോയമ്പത്തൂരിൽ നടന്ന യോഗത്തിൽ അന്നപൂർണ ഹോട്ടൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡി.ശ്രീനിവാസൻ ചൂണ്ടിക്കാട്ടിയിരുന്നു. ബണ്ണിനു ജിഎസ്ടി ഇല്ലെങ്കിലും ബട്ടറിനു 18% നികുതി ഈടാക്കുന്നതിനാൽ ബണ്ണും ക്രീമും വെവ്വേറെ മതിയെന്ന് ഉപഭോക്താക്കാൾ ആവശ്യപ്പെടുന്നതായി തമാശമട്ടിൽ പറയുകയും ചെയ്തു.
മറുപടിപ്രസംഗത്തിൽ മന്ത്രി ശ്രീനിവാസനെ വിമർശിക്കുകയും തെറ്റായ വാദമാണെന്നു വിശദമാക്കുകയും ചെയ്തു. ശ്രീനിവാസന്റെ പ്രസംഗം വ്യാപകമായി പ്രചരിച്ചതോടെ ബിജെപി കേന്ദ്രങ്ങളിലും അസ്വസ്ഥത പടർന്നു. തുടർന്നാണു കേന്ദ്രമന്ത്രിയെ നേരിൽ കണ്ട് മാപ്പ് പറയാൻ ഹോട്ടലുടമ നിർബന്ധിതനായത്. താനൊരു പാർട്ടിയിലും അംഗമല്ലെന്നു വ്യക്തമാക്കിയശേഷം ശ്രീനിവാസൻ മാപ്പപേക്ഷ നടത്തുന്നതാണു വിഡിയോയിലുള്ളത്.
ഹോട്ടലുടമയെ മാപ്പു പറയാൻ നിർബന്ധിച്ച സംഭവം, കാര്യങ്ങൾ തുറന്നുപറയുന്നതിനോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനമാണു തുറന്നുകാട്ടിയതെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും വിമർശിച്ചു. തമിഴ്നാട്ടിലെങ്ങും പ്രതിഷേധം ഉയർന്നതോടെയാണു വിഡിയോ പുറത്തുവിട്ടതിൽ അണ്ണാമലൈ ക്ഷമാപണം നടത്തിയത്. എന്നാൽ, ആരും ഹോട്ടലുടമയെ സമ്മർദത്തിലാക്കിയിട്ടില്ലെന്നും അദ്ദേഹം സ്വയം ഖേദം പ്രകടിപ്പിക്കുകയായിരുന്നെന്നും ബിജെപി എംഎൽഎ വാനതി ശ്രീനിവാസൻ പറഞ്ഞു.