സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ തിരഞ്ഞെടുപ്പിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മുന്‍സ്പീക്കര്‍ ഓം ബിര്‍ളയും ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നു. ലോക്സഭയുടെ ഭരണഘടനാ തലവനാണ് സ്പീക്കര്‍. സ്പീക്കറുടെ അഭാവത്തിലുള്ള സഭാനാഥനാണ് ഡെപ്യൂട്ടി സ്പീക്കര്‍. 1919ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ നിയമപ്രകാരമാണ് രണ്ടു പദവികളും നിര്‍വചിച്ചിരിക്കുന്നത്.
ലോക്‌സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ നിന്നാണ് സ്പീക്കറെ തിരഞ്ഞെടുക്കുക. ഏത് അംഗത്തിനും സ്പീക്കര്‍ സ്ഥാനത്തിനായി മത്സരിക്കാം. സാധാരണയായി, മുതിര്‍ന്ന പരിചയസമ്പന്നരായ നേതാക്കളെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കാറുള്ളത്. എംപിമാര്‍ രഹസ്യ ബാലറ്റിലൂടെയാണ് വോട്ട് രേഖപ്പെടുത്തുക. കൂടുതല്‍ വോട്ട് ലഭിക്കുന്ന വ്യക്തിയാണ് സ്പീക്കറാകുന്നത്. സഭയ്ക്കകത്ത് അംഗങ്ങളുടെ അച്ചടക്കവും ഇടപെടലും സ്പീക്കറുടെ നിയന്ത്രണത്തിലായിരിക്കും.
ഭരണ- പ്രതിപക്ഷ തര്‍ക്കങ്ങള്‍ക്കിടയില്‍ സഭ നിര്‍ത്തിവെയ്ക്കാനും അംഗങ്ങളെ അച്ചടക്ക നടപടിയില്‍ കുരുക്കിയിടാനും ആവശ്യമെങ്കില്‍ സഭ പിരിച്ച് വിടാനും സ്പീക്കര്‍ക്കാകും. പേരിന് മാത്രം അധികാരമുളള പദവി അല്ല ലോക്‌സഭാ സ്പീക്കര്‍ സ്ഥാനമെന്നര്‍ഥം. ഇന്ത്യന്‍ ഭരണഘടനയിലെ വ്യവസ്ഥകളുടെയും നടപടിക്രമങ്ങളുടെയും ലോക്‌സഭയുടെ പെരുമാറ്റച്ചട്ടങ്ങളുടെയും അന്തിമ വാക്കാണ് സ്പീക്കര്‍. ഒരംഗത്തെ അയോഗ്യനാക്കുന്നതിലും കൂറുമാറ്റ വിഷയത്തിലും അന്തിമ അധികാരിയും സ്പീക്കറാണ്. നിഷ്പക്ഷത, കക്ഷി വ്യത്യാസമില്ലാതെ എല്ലാവരോടും തുല്യമായി പെരുമാറുക എന്നതാണ് സ്പീക്കറുടെ പ്രധാന ചുമതല.