CMDRF

കോളറ എന്ന ആളെകൊല്ലി..! എന്തൊക്കെയാണ് പ്രതിരോധ മാര്‍ഗങ്ങൾ..?

കോളറ എന്ന ആളെകൊല്ലി..! എന്തൊക്കെയാണ് പ്രതിരോധ മാര്‍ഗങ്ങൾ..?
കോളറ എന്ന ആളെകൊല്ലി..! എന്തൊക്കെയാണ് പ്രതിരോധ മാര്‍ഗങ്ങൾ..?

കാലാകാലങ്ങളായി മനുഷ്യരെ വേട്ടയാടുന്ന പകർച്ച വ്യാധിയാണ് കോളറ. ഭക്ഷണപദാർഥങ്ങൾ വഴിയാണ് ഇവ പ്രധാനമായും വ്യാപിക്കുന്നത്.
വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെ മനുഷ്യ ശരീരത്തിൽ എത്തുന്ന വിബ്രിയോ കോളറ എന്ന ബാക്ടീരിയ ശരീരത്തിൽ കടന്ന് “കോളറ ടോക്സിൻ” എന്ന വിഷവസ്തു ഉത്പാദിപ്പിക്കുന്നു. ഇതാണ് വയറിളക്കത്തിന് കാരണമാക്കുന്നത്. ബാക്ടീരിയ ശരീരത്തിൽ കയറിക്കഴിഞ്ഞാൽ ഒന്ന്, രണ്ട് ദിവസത്തിനകം ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. രോഗാണുബാധയുണ്ടായാലും 75 ശതമാനം ആള്‍ക്കാരും യാതൊരു ലക്ഷണങ്ങളും പ്രകടിപ്പിക്കാറില്ലെന്നുള്ളതാണ് വസ്തുത. ബാക്കി വരുന്ന 25-30 ശതമാനം ആളുകളില്‍ കടുത്ത ഛര്‍ദി, വയറിളക്കം എന്നിവ കാണപ്പെടുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ രോഗം പെട്ടെന്ന് പടരും. രോഗ ലക്ഷണങ്ങള്‍ മാറിയാലും ഏതാനും ദിവസങ്ങള്‍ കൂടി രോഗിയില്‍ നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്.

എന്തൊക്കെയാണ് രോ​ഗലക്ഷണങ്ങൾ..?

പെട്ടെന്നുണ്ടാകുന്ന വയറിളക്കവും, ഛർദ്ദിയുമാണ്‌ കോളറയുടെ പ്രധാന ലക്ഷണങ്ങൾ. കഠിനമായ ഈ അവസ്ഥമൂലം രോ​ഗി പെട്ടന്ന് അവശനാകുന്നു. ലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ നിര്‍ജലീകരണം കാരണമുള്ള ​ബുദ്ധിമുട്ടുകൾ നേരിടുന്നതും മരണങ്ങള്‍ സംഭവിക്കുന്നതുമാണ് ഈ രോഗത്തെ ഇത്രയും പ്രശ്‌നക്കാരനാക്കുന്നത്. ശരീരത്തില്‍ ഗ്ലൂക്കോസിന്റെയും മറ്റു ലവണങ്ങളുടെയും കുറവുമൂലം അപസ്മാരത്തിന് കാരണമായേക്കാം. മറ്റ് വയറിളക്കങ്ങളിൽ പ്രകടമാകുന്ന പനി, വയറുവേദന, മലത്തിൽ ഉണ്ടാകുന്ന രക്തത്തിന്റെ അംശം എന്നിവ കോളറയിൽ കാണില്ല. കൃത്യ സമയത്ത് ചികിത്സ ലഭ്യമായില്ലെങ്കിൽ രോ​ഗം ​ഗുരുതരമാകും.

എന്തൊക്കെ ശ്രദ്ധിക്കണം..?

കൂടുതലും വൃത്തിഹീനമായ സാഹചര്യത്തിൽ നിന്നുമാണ് കോളറ പടരുന്നത്. പൂർണ ആരോ​ഗ്യവാനായ ഏതൊരാളെയും പെട്ടെന്ന് തന്നെ അവശനാക്കാൻ ഈ രോ​ഗത്തിന് സാധിക്കും. വൃത്തിക്കുറവ്, വൃത്തിഹീനമായ സാഹചര്യത്തിൽ നിന്നും ലഭിക്കുന്ന ഭക്ഷണം, വെള്ളം എന്നിവയുടെ ഉപയോ​ഗമാണ് കോളറയെ വിളിച്ചുവരുത്തുന്നത്. ഈച്ചയും ഈ രോഗം പരത്തുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. ആരംഭം മുതല്‍ ഒആര്‍എസ് ലായനിയുടെ ഉപയോ​ഗം തുടക്കത്തിൽ തന്നെ രോ​ഗത്തിന്റെ ​ഗുരുതരാവസ്ഥ കുറയ്ക്കാൻ സഹായിക്കുന്നു.

എങ്ങനെ പ്രതിരോധിക്കാം..?

. ജലാശയങ്ങൾ മലിനീകരിക്കരുത്
. ഭക്ഷണശുചിത്വം ഉറപ്പുവരുത്തുക
. ഭക്ഷ്യവസ്തുക്കള്‍ നന്നായി വേവിച്ച് മാത്രം കഴിക്കുക
. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകി മാത്രം ഉപയോഗിക്കുക
. കൃത്യസമയത്ത് ചികിത്സ ഉറപ്പ് വരുത്തുക

REPORT: ANURANJANA KRISHNA

Top