ലണ്ടൻ; ബ്രിട്ടിഷ് പൊതുതിരഞ്ഞെടുപ്പില്‍ വൻ വിജയം നേടിയ ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ–യുകെ ബന്ധം ശക്തമാക്കാൻ സഹകരിച്ച് പ്രവർത്തിക്കാമെന്നും എക്സിൽ പങ്കുവച്ച കുറിപ്പിൽ പ്രധാനമന്ത്രി പറഞ്ഞു.
ബ്രിട്ടനിലെ ലേബർ പാർട്ടിയുടെ വിജയം ഇന്ത്യ–യുകെ ബന്ധത്തിൽ വലിയ ചലനങ്ങൾക്ക് കാരണമായേക്കില്ല. ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുന്നതിൽ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കെയ്ർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തുതന്നെ വ്യക്തമാക്കിയിരുന്നു.
സാങ്കേതികവിദ്യ, കാലാവസ്ഥാമാറ്റം, വിദ്യാഭ്യാസം, സൈബർ സുരക്ഷ എന്നീ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്തുമെന്ന് സ്റ്റാർമർ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കൺസർവേറ്റീവ് പാർട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ ഋഷി സുനകിന് നന്ദി അറിയിച്ചുള്ള സന്ദേശവും മോദി എക്സിൽ പങ്കുവച്ചു. ബ്രിട്ടനെ മികച്ച രീതിയിൽ നയിച്ചതിനും ഇന്ത്യയുമായുള്ള സഹകരണത്തിന് നൽകിയ സംഭാവനയ്ക്കും നന്ദിയെന്നും ഭാവിയ്ക്കും കുടുംബത്തിനും ആശംസകളെന്നും മോദി പറഞ്ഞു.