ഭൂകമ്പങ്ങള്‍ സംബന്ധിച്ച അറിയിപ്പിനായി ഒരു സുരക്ഷാ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഫോണിന്റെ ആക്‌സിലറോ മീറ്റര്‍ പോലുള്ള സെന്‍സറുകള്‍ ഉപയോഗിച്ചാണ് ഗൂഗിള്‍ ഭൂമികുലുക്കം തിരിച്ചറിയുക. ഇതിന്റെ അടിസ്ഥാനത്തില്‍ അറിയിപ്പ് നല്‍കും. ആന്‍ഡ്രോയിഡ് എര്‍ത്ത് ക്വേക്ക് അലേര്‍ട്ട് സിസ്റ്റം എന്ന ഈ ഫീച്ചര്‍ ഇതിനകം വിവിധ രാജ്യങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഭൂമികുലുക്കത്തിന്റെ തുടക്കത്തില്‍ തന്നെ വിവരം അറിയാന്‍ സാധിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് മുന്‍കരുതലെടുക്കാന്‍ സാധിക്കുന്നു. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുമായും നാഷണല്‍ സീസ്‌മോളജി സെന്ററുമായും കൂടിയാലോചിച്ചതിന് ശേഷമാണ് ഗൂഗിള്‍ ഈ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
എങ്ങനെയാണ് ഇതിന്റെ പ്രവര്‍ത്തനം?
ഭൂകമ്പങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ഒരു കുഞ്ഞന്‍ ഭൂകമ്പമാപിനിയാക്കി ഫോണിനെ മാറ്റുകയാണ് ഇതില്‍ ചെയ്യുന്നതെന്ന് ഗൂഗിള്‍ പറയുന്നു. അതിനായി ഫോണിലെ ആക്‌സലെറോ മീറ്ററിനെ ഒരു സീസ്‌മോഗ്രാഫ് ആയി ഉപയോഗിക്കും.ചാര്‍ജ് ചെയ്യുന്നതിന് പ്ലഗില്‍ കണക്ട് ചെയ്ത് മേശപ്പുറത്ത് വെച്ച ഒരു ഫോണിന് ഭൂകമ്പത്തിന്റെ ആദ്യ സൂചനകള്‍ തിരിച്ചറിയാനാവും. പ്രദേശത്തെ ഒന്നിലധികം ഫോണുകള്‍ സമാനമായ ചലനം തിരിച്ചറിയുന്നതോടെ ഗൂഗിള്‍ സെര്‍വറുകള്‍ അത് ഭൂകമ്പമാണെന്നും എവിടെയാണ്, എത്ര ശക്തമാണ് എന്നെല്ലാം തിരിച്ചറിയുകയും ചെയ്യും. ശേഷം ഗൂഗിള്‍ അടുത്തുള്ള ഫോണുകളിലേക്കെല്ലാം അലര്‍ട്ട് ആയി നല്‍കും.