2023 ജൂണ്‍ 18 നായിരുന്നു കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സറേയിലെ ഗുരു നാനാക്ക് ഗുരുദ്വാരയ്ക്ക് പുറത്തുവെച്ച് ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വെടിയേറ്റ് വീണത്. ആ കൊലപാതകം ആകെ ഉലച്ചത് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്ത കൂടിയാണ്. പ്രതികാര നടപടികളും വാക്‌പോരുകളും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഉടലെടുത്തു. നിജ്ജാറിന്റെ കൊലപാതകത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയെ പലവട്ടം പ്രതിയാക്കി.
ഇന്ത്യയെ കൊലപാതകത്തിന്റെ സൂത്രധാരനാക്കിയ കനേഡിയന്‍ ആരോപണത്തിന്റെ ഫലമായി കാനഡയില്‍ നിന്നുള്ള ഹൈക്കമ്മീഷണറെ പിന്‍വലിച്ചാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്. തെളിവുകള്‍ നല്കാന്‍ ഇന്ത്യ പലകുറി ആവശ്യപ്പെട്ടപ്പോഴും ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമാണ് ആക്രമണം നടത്തിയതെന്ന ആരോപണത്തെ പിന്തുണയ്ക്കാന്‍ ട്രൂഡോ കൂട്ടുപിടിച്ചത് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെയാണ്.
എന്നാല്‍ തന്റെ നിഗമനം രഹസ്യാന്വേഷണ വിഭാഗം അംഗീകരിച്ചെന്ന ട്രൂഡോയുടെ വാദം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. പകരം നിജ്ജാറിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരങ്ങളെ ട്രൂഡോ വളച്ചൊടിക്കുകയാണുണ്ടായത്. കാനഡയിലെയും കാലിഫോര്‍ണിയയിലെയും സംഘടിത കുറ്റകൃത്യങ്ങളിലും കൂട്ട അക്രമങ്ങളിലും സിഖ് തീവ്രവാദികളുടെ വലിയ ഇടപെടലുകള്‍ എല്ലായ്‌പ്പോഴുമുണ്ട്. പലപ്പോഴും ഇത്തരം അക്രമങ്ങളുടെ മുന്നറിയിപ്പുകള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം അവരുടെ സഖ്യ രാജ്യങ്ങള്‍ക്ക് മാത്രമല്ല, ശത്രു രാജ്യങ്ങള്‍ക്ക് പോലും നല്‍കാറുണ്ട്.
ഇറാന്റെ പരമോന്നത നേതാവും ബദ്ധശത്രുവുമായ ആയത്തുള്ള അലി ഖമേനിയുടെ വധശ്രമത്തെക്കുറിച്ച് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ നയതന്ത്ര പ്രതിസന്ധിയില്‍ കുടുങ്ങിയ ട്രൂഡോ കാനഡയ്ക്ക് ലഭിച്ച വിവരങ്ങളെ ഇന്ത്യയ്ക്കെതിരായ ആയുധമായി ഉപയോഗിച്ചു,തന്റെ പൊള്ളവാദങ്ങളെ സാധുകരിക്കുന്നതിനായി അമേരിക്കയെയും കൂട്ടുപിടിച്ചു.
Also Read: അമേരിക്കൻ സഖ്യരാജ്യങ്ങളിൽ വൻ സുരക്ഷാ ഭീഷണി; റഷ്യൻ തന്ത്രത്തിൽ പകച്ച് നാറ്റോ സഖ്യം
കാനഡയിലെ സ്ഥിതി പരിശോധിക്കുകയാണെങ്കില്‍ നീണ്ട ഒമ്പത് വര്‍ഷത്തെ ട്രൂഡോ ഭരണത്തില്‍ കനേഡിയന്‍ ജനതയ്ക്ക് കൂടുതലും നിരാശയാണുള്ളത്. കോവിഡിന് ശേഷമുള്ള രാജ്യത്തെ കടുത്ത നിയന്ത്രണങ്ങള്‍ അവരെ കൂടുതല്‍ മടുപ്പിച്ചു എന്ന് പറയുന്നതാകും ശരി. മങ്ങിയ തൊഴില്‍ സാധ്യതകള്‍, മോശം പണപ്പെരുപ്പം, അഴിമതിക്കുമേല്‍ അഴിമതി എന്നിവയാല്‍ ജനം വലഞ്ഞു. രാജ്യത്തെ പത്ത് ശതമാനത്തിലധികം ജനങ്ങളും ട്രൂഡോ ഭരണത്തെ പരസ്യമായി എതിര്‍ക്കുന്നതായി സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
ഇവയൊക്കെ മറയ്ക്കാനുള്ള പരിച കണക്കെയാണ് ഇന്ത്യയ്‌ക്കെതിരെ അത്തരം വ്യാജ ആരോപണങ്ങള്‍ ട്രൂഡോ ഉന്നയിക്കുമ്പോള്‍ സ്വന്തം തെറ്റുകളെ അത് മറയ്ക്കുമെന്ന് ട്രൂഡോ കരുതിയിട്ടുണ്ടാവണം. സിഖ് തീവ്രവാദികളെ പിന്തുണയ്ക്കുന്നതിലൂടെ തന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ അത് ഗുണകരമായി ബാധിക്കുമെന്നാണ് ട്രൂഡോ വിലയിരുത്തുന്നത്. എന്നാല്‍ രാഷ്ട്രീയ നേട്ടത്തിനായി രഹസ്യാന്വേഷണ വിവരങ്ങള്‍ വളച്ചൊടിച്ച ട്രൂഡോയുടെ കള്ളത്തരം പൊളിഞ്ഞതോടെ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയും ദേശീയ സുരക്ഷാ ഏജന്‍സിയും ട്രൂഡോയെ തള്ളുകയാണുണ്ടായത്. ഈ ഒരു തിരിച്ചടി ട്രൂഡോ പ്രതീക്ഷിച്ചിരിക്കാന്‍ വഴിയില്ല. മതത്തെ തീവ്രവാദവുമായി ബന്ധിപ്പിച്ചുകൊണ്ടും, പ്രോത്സാഹിപ്പിച്ചുകൊണ്ടും ട്രൂഡോ രാജ്യത്ത് കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണ് നിലവില്‍ ചെയ്യുന്നത്.
ബ്രിട്ടനിലെ സ്ഥിതിയും ഈ സാഹചര്യത്തില്‍ വിലയിരുത്തേണ്ടതുണ്ട്. രാജ്യത്തെ മതതീവ്രവാദത്തെ കുറിച്ച് പഠിക്കാന്‍ അഞ്ച് വര്‍ഷം മുന്‍പാണ് ഒരു ഇന്‍ഡിപെന്‍ഡന്റ് ഫെയ്ത്ത് എന്‍ഗേജ്മെന്റ് അഡൈ്വസറെ ബ്രിട്ടന്‍ നിയമിച്ചത്. തത്ഫലമായി, മുന്‍ യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കമ്മീഷന്‍ ചെയ്ത ഒരു സ്വതന്ത്ര റിപ്പോര്‍ട്ടാണ് ബ്ലൂം റിവ്യൂ. തീവ്രവാദ പ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടാത്ത ബ്രിട്ടനിലെ ഭൂരിപക്ഷം സിഖുകാരെയും സംരക്ഷിക്കാനും പ്രശ്‌നം പരിഹരിക്കാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പട്ടു.
ഖലിസ്ഥാന്‍ പ്രവര്‍ത്തകര്‍ ഗവണ്‍മെന്റിന്റെ അജ്ഞതയെ ആശ്രയിക്കുന്നതായും അവരുടെ ലക്ഷ്യം നടപ്പിലാക്കുന്നതിനുള്ള മാര്‍ഗമായി സിഖ് സമൂഹത്തെ ദുരുപയോഗിക്കുന്നതായും റിപ്പോര്‍ട്ട് കണ്ടെത്തി. സിഖ് മതവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ മത തീവ്രവാദത്തിന്റെ കൂടുതല്‍ ഉള്‍ക്കാഴ്ചയുള്ളതായിരുന്നു. ചില ഖലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തകരുടെ അട്ടിമറിയും ആക്രമണാത്മകവും വിഭാഗീയവുമായ നടപടികളും വിശാലമായ സിഖ് സമൂഹങ്ങളില്‍ സൃഷ്ടിക്കുന്ന പ്രതികൂല ഫലങ്ങളെ വെച്ചുപൊറുപ്പിക്കരുതെന്നുമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ ആകെത്തുകയായി നാം മനസ്സിലാക്കേണ്ടത്. എന്നാല്‍ ട്രൂഡോയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റൊരു വിധത്തിലായിരുന്നു എന്ന് കാണാം.
Also Read: അമേരിക്കൻ സൈനിക ക്യാംപിന് മുകളിൽ അജ്ഞാത ഡ്രോണുകൾ, ഇറാൻ്റെ ഡ്രോണുകളെന്ന് സംശയം
വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ക്ക് പിന്നാലെ അവയെ ന്യായീകരിക്കാന്‍ വസ്തുതകളെ വളച്ചൊടിക്കുകയും ചെയ്തു. ഒരു അന്താരാഷ്ട്ര പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ട്രൂഡോ വീണ്ടും സിഖ് ഭീകരതയ്ക്കും തീവ്രവാദ ധനകാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണുണ്ടായത്. ഖലിസ്ഥാന്‍ തീവ്രവാദത്തെ പിന്തുണയ്ക്കുക മാത്രമല്ല, കാനഡയെ ഭീകരതയ്ക്കും ഭീകരവാദത്തിനും സാമ്പത്തിക സഹായം നല്‍കുന്ന ഒരു സുരക്ഷിത താവളമാക്കി മാറ്റുകയും ചെയ്തു. അമേരിക്കയും പാശ്ചാത്യ ഗവണ്‍മെന്റുകളും ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിനായി സ്‌പോണ്‍സര്‍മാരെ നിയമിക്കുമ്പോള്‍ രാജ്യത്തിന്റെ ആത്മനിഷ്ഠത പലപ്പോഴും വസ്തുനിഷ്ഠതയെ തകര്‍ക്കുന്നതായി കാണാം.
ഉദാരണമായി, 2017-ല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള നൂറ്റിയമ്പതില്‍പ്പരം രാജ്യങ്ങളിലെ മൂന്നുലക്ഷം കംപ്യൂട്ടറുകളെ നിശ്ചലമാക്കിയ ഉത്തരകൊറിയയുടേതെന്നു കരുതപ്പെടുന്ന ‘വാനാക്രൈ സൈബര്‍’ ആക്രമണം. 2014-ല്‍ സോണി പിക്‌ചേഴ്‌സ് കമ്പനിയിലെ കംപ്യൂട്ടറുകള്‍ നിശ്ചലമാക്കുകയും അവിടെയുള്ളവരുടെ ഇ-മെയില്‍, ശമ്പള വിവരങ്ങള്‍, മെഡിക്കല്‍ വിവരങ്ങള്‍ ഒക്കെ ചോര്‍ത്തിയ ‘ഗാര്‍ഡിയന്‍സ് ഓഫ് പീസ്’ എന്ന ഹാക്കര്‍മാരെ അത്ര പെട്ടെന്ന് മറക്കാന്‍ വഴിയില്ല. 2016-ല്‍ ബംഗ്‌ളാദേശിലെ ബാങ്കില്‍ നിന്ന് കോടികള്‍ മോഷ്ടിച്ച ഹാക്കര്‍മാരെയും മറന്നിരിക്കാന്‍ വഴിയില്ല. ഇതിനൊക്കെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ആയിരുന്നു എന്നാണ് അമേരിക്കന്‍ നീതിന്യായ വകുപ്പ് കണ്ടെത്തിയത്.
ഉത്തര കൊറിയന്‍ ഹാക്കര്‍മാരുടെ ഹാക്കിങ് പരിജ്ഞാനവും ടൂളുകളും സൈബര്‍ സുരക്ഷാ വിദഗ്ധരെ വരെ ഞെട്ടിച്ചിരുന്നു. തങ്ങളുടെ ഹാക്കിങ് പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണസംവിധാനത്തിന്റെ പൂര്‍ണരീതിയിലുള്ള പിന്തുണ മാത്രമല്ല, പണവും ടൂളുകളും ലഭിക്കും. ലോകരാജ്യങ്ങളില്‍ നിന്ന് വിവിധ തരത്തിലുള്ള ഉപരോധങ്ങള്‍ നേരിടുന്ന ഉത്തരകൊറിയയുടെ നിലനില്‍പ്പിനാവശ്യമായ പണം കണ്ടെത്തുകയാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യമെന്നും ആരോപിക്കപ്പെടുന്നു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ഒരു സൈനിക സംഘടന പോലെ തന്നെ കള്ളപ്പണം വെളുപ്പിക്കല്‍ സംഘമാണെന്നും അമേരിക്ക ആരോപിക്കുന്നു.
അമേരിക്കയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ക്യൂബ സുരക്ഷിത താവളമൊരുക്കുന്നു എന്ന ആരോപണങ്ങളും മറ്റൊരു തരത്തില്‍ സമാന സാഹചര്യങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. തീവ്രവാദത്തിന് ധനസഹായം നല്‍കുന്നതും കള്ളപ്പണം വെളുപ്പിക്കുന്നത് തടയുകയും ചെയ്യുന്ന ആഗോള നിരീക്ഷകരായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ് എ ടി എഫ്) ന്റെ ഗ്രേ ലിസ്റ്റില്‍ നിന്ന് ചൈനയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി പാകിസ്ഥാനെ നീക്കിയതും റഷ്യന്‍ മധ്യസ്ഥതയോടെയുള്ള തുര്‍ക്കിയുടെ മോചനവുമെല്ലാം ഇതില്‍പ്പെടും. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന അതേ പെരുമാറ്റത്തില്‍ സ്വന്തം പങ്കാളിത്തം തിരിച്ചറിയാന്‍ വിസമ്മതിക്കുന്ന പാശ്ചാത്യരെ കപടരെന്ന് വിളിക്കുന്നത് ഇതുമൂലം തന്നെയാണ്.
Also Read: ഒടുവിൽ അയൺ ഡോമും ഇറാൻ തകർത്തു, അമേരിക്കയുടെ ‘താഡിൽ’ അഭയം തേടി ഇസ്രയേൽ!
ഖലിസ്ഥാനി ഭീകരരുടെ ആസൂത്രിത ആക്രമണത്തില്‍ തകര്‍ന്ന കനിഷ്‌ക വിമാനദുരന്തത്തെ അവഗണിക്കാന്‍ കാനഡയ്ക്ക് അത്ര പെട്ടെന്നൊന്നും സാധിക്കില്ല. ഖലിസ്ഥാനി തീവ്രവാദികള്‍ക്കായുള്ള വാതില്‍ ട്രൂഡോ ഗവണ്‍മെന്റ് ഇനിയും തുറന്നിട്ടാല്‍ അല്‍ ഖ്വയ്ദ പോലെ മാരകമായ ഒരു സംഘടനയായി അത് പരിണമിക്കുമെന്നുറപ്പാണ്. ധനസഹായമില്ലാത്തപക്ഷം പ്രസ്ഥാനം അശക്തമാകും. 1998-ലെ കിഴക്കനാഫ്രിക്കന്‍ എംബസി സ്ഫോടനങ്ങള്‍ക്കും 2001 സെപ്റ്റംബര്‍ 11-ന് ന്യൂയോര്‍ക്കിലെയും വാഷിംഗ്ടണിലെയും ഭീകരാക്രമണങ്ങള്‍ക്ക് പണം നല്‍കി സഹായിച്ച അറബ് സൊമാലിയന്‍ ഹവാല ഏജന്റുകളെപ്പോലെ ഇവിടെ കനേഡിയന്‍ ബാങ്കുകളും കുറ്റക്കാരാണെന്ന് ഓര്‍ക്കേണ്ടതുണ്ട്.