ആലപ്പുഴ: കൊടി ഉപേക്ഷിച്ച് പ്രചരണം നടത്തുന്ന കോണ്‍ഗ്രസിന് എങ്ങനെയാണ് ഫാസിസത്തെ നേരിടാനാവുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോണ്‍ഗ്രസിന് ബിജെപിയെ പേടിയാണെന്നും അദ്ദേഹം ആരോപിച്ചു. വയനാട്ടില്‍ ലീഗിന് പതാക ഉയര്‍ത്താന്‍ കഴിയുന്നില്ല. പാകിസ്താന്‍ പതാകയെന്ന ബിജെപി പ്രചാരണത്തെ രാഹുല്‍ ഗാന്ധി എതിര്‍ത്തില്ല. ലീഗിനെ തമസ്‌കരിക്കുകയാണ് ചെയ്തത്. ഇത്തവണ കോണ്‍ഗ്രസിന്റെ കൊടി പോലും ഉയര്‍ത്താന്‍ കഴിയുന്നില്ല. സംഘപരിവാറിനെ ഭയന്നാണ് വയനാട്ടില്‍ കൊടി ഉപേക്ഷിച്ചത്. കൊടി ഉപേക്ഷിച്ച് പ്രചരണം നടത്തുന്ന കോണ്‍ഗ്രസിന് എങ്ങനെയാണ് ഫാസിസത്തെ നേരിടാനാവുകയെന്നും അദ്ദേഹം ചോദിച്ചു.
പ്രധാനമന്ത്രിക്ക് താഴെത്തട്ടിലെ ഒരു ആര്‍എസ്എസുകാരന്റെ നിലവാരം മാത്രമാണുള്ളതെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. കരുവന്നൂര്‍ ബാങ്ക് സംബന്ധിച്ചും ഇഡി അന്വേഷണം സംബന്ധിച്ചും പ്രധാനമന്ത്രി പറഞ്ഞത് തെറ്റായ കാര്യമാണ്. കരുവന്നൂരില്‍ 116 കോടി നിക്ഷേപകര്‍ക്ക് മടക്കി നല്‍കി. 198 കോടിയുടെ സ്ഥിര നിക്ഷേപം പുതുക്കിയിട്ടുണ്ട്. പിടിച്ചെടുത്ത 162 ആധാരങ്ങള്‍ ഇഡി തിരികെ നല്‍കിയിട്ടില്ല. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ബാങ്കിനെപ്പറ്റി അസത്യം പ്രചരിപ്പിക്കുന്നതെന്നും തെറ്റ് ചെയ്തവര്‍ക്ക് ഒരു സംരക്ഷണവും പാര്‍ട്ടിയോ സര്‍ക്കാരോ നല്‍കിയിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് പറയുന്നില്ല. രാഹുല്‍ ഗാന്ധി ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. രാജ്യത്തെ ഏറ്റവും മര്‍മ്മ പ്രധാനമായ കാര്യത്തില്‍ ശരിയായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ഇലക്ടറല്‍ ബോണ്ട് കൊള്ളയടിക്കല്‍ എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഈ കൊള്ളയടിക്കലില്‍ പങ്കാളിയാണ് കോണ്‍ഗ്രസ്. കെ സി വേണുഗോപാലിന് രാജ്യസഭയില്‍ രണ്ട് കൊല്ലം കൂടി ബാക്കിയുണ്ട്. അതുകൊണ്ട് ആലപ്പുഴക്കാര്‍ ലോകസഭയിലേക്ക് ആരിഫിനെ തിരഞ്ഞെടുക്കും. ബിജെപിക്ക് എതിരെയാണ് മത്സരിക്കുന്നതെങ്കിലും കോണ്‍ഗ്രസ് നേതാക്കളായ രാഹുലും കെ സി വേണുഗോപാലും കേരളത്തില്‍ ഇടതിനെതിരെയാണ് മത്സരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രില്‍ നിന്ന് ബിജെപിയിലേക്ക് നേതാക്കള്‍ ഒഴുകുന്നതിനെയാണ് വിമര്‍ശിച്ചത് എന്നായിരുന്നു രാഹുലിനെ വിമര്‍ശിക്കുന്നു എന്നതിനുള്ള മറുപടിയായി സിപിഐഎം സെക്രട്ടറി പറഞ്ഞത്.
കെ കെ ശൈലജക്ക് എതിരെ നടന്നത് അശ്ലീല ആക്രമണമാണ്. അശ്ലീലം പറഞ്ഞ് ജയിക്കാമെന്ന വ്യാമോഹമാണ് പിന്നില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അറിവോടെയാണ് കൂട്ടാളികള്‍ ആക്രമണം നടത്തിയത്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വരെ പ്രചരിപിക്കുന്നു. ഇത് തെറ്റായ പ്രവണതയാണ്. ഇതെല്ലാം ശൈലജക്ക് അനുകൂമായി മാറും. പ്രചരണ ബോര്‍ഡുകള്‍ തകര്‍ക്കുന്നത് ജനാധിപത്യപരമായി അംഗീകരിക്കുന്നില്ല. തെരുവ് നാടകത്തിലേക്ക് അതിക്രമിച്ച് കയറിയതിനോട് യോജിപ്പില്ലെന്നും ഇക്കാര്യങ്ങള്‍ പരിശോധിക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.