ഓഹരി വിപണികളിൽ വൻ നേട്ടം; സെൻസെക്സ് 80,000 പോയിന്റ് പിന്നിട്ടു

ഓഹരി വിപണികളിൽ വൻ നേട്ടം; സെൻസെക്സ് 80,000 പോയിന്റ് പിന്നിട്ടു

മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ബോംബെ സൂചിക സെൻസെക്സ് 80,000 പോയിന്റ് പിന്നിട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായ 80,039 പോയിന്റിലാണ് സെൻസെക്സിന്റെ വ്യാപാരം. നിഫ്റ്റി 169 പോയിന്റ് ഉയർന്ന് 24,292 പോയിന്റിലെത്തി. നിഫ്റ്റിയിലും മികച്ച നേട്ടമാണ് ഇന്ന് ഉണ്ടായത്.

സെൻസെക്സിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് എച്ച്.ഡി.എഫ്.സി ബാങ്കാണ്. 2.51 ശതമാനം നേട്ടത്തോടെ 1774.05 രൂപയിലാണ് ഓഹരികൾ വ്യാപാരം നടത്തുന്നത്. നിഫ്റ്റി മിഡ്ക്യാപ്, സ്മോൾ ക്യാപ് ഇൻഡക്സുകളും ഇന്ന് നേട്ടമുണ്ടാക്കി. സെക്ടറുകളിൽ ഐ.ടി ഒഴികെ ബാക്കിയെല്ലാം നേട്ടത്തിലാണ്.

ഏഷ്യ-പസഫിക് മാർക്കറ്റുകളിലും നേട്ടം ദൃശ്യമാണ്. യു.എസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ പുരോഗതിയുണ്ടെന്ന് അറിയിച്ചതോടെയാണ് ഏഷ്യ-പസഫിക് വിപണികളിൽ നേട്ടമുണ്ടായത്. ഇന്ത്യയിലേയും ചൈനയിലേയും ബിസിനസ് ആക്ടിവിറ്റികളുമായി ബന്ധപ്പെട്ട വിവരങ്ങളും ഇന്ന് പുറത്ത് വരുന്നുണ്ട്. ഇതും വിപണിയെ സ്വാധീനിക്കും.

ചൊവ്വാഴ്ച നേരിയ നഷ്ടത്തോടെയാണ് ഇന്ത്യൻ ഓഹരി വിപണികൾ വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 35 പോയിന്റും നിഫ്റ്റി 18 പോയിന്റും നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top