CMDRF

സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന

സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന
സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന

കേന്ദ്ര ബജറ്റിലെ ഇറക്കുമതി തീരുവയിളവിന് പിന്നാലെയുണ്ടായ വിലയിടിവിന്റെ ട്രെന്‍ഡിന് ബ്രേക്കിട്ട് സ്വര്‍ണ വില വീണ്ടും കുതിപ്പ് തുടങ്ങി. രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് കേരളത്തിലും ഇന്ന് വില കത്തിക്കയറി. ഗ്രാമിന് ഒറ്റയടിക്ക് 80 രൂപ ഉയര്‍ന്ന് വില 6,400 രൂപയായി. 640 രൂപ വര്‍ധിച്ച് 51,200 രൂപയാണ് പവന്‍ വില.

ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. കനംകുറഞ്ഞ ആഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് ഇന്ന് 70 രൂപ വര്‍ധിച്ച് 5,300 രൂപയായി. വെള്ളി വിലയിലും കുതിപ്പുണ്ട്. ഗ്രാമിന് രണ്ടുരൂപ ഉയര്‍ന്ന് വില 90 രൂപയിലെത്തി.

ലോകത്തെ ഒന്നാം നമ്പര്‍ സമ്പദ്‌വ്യവസ്ഥയായ അമേരിക്കയിലെ സാമ്പത്തിക രംഗത്തെ ചലനങ്ങളാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ മധേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കിയേക്കുമെന്ന വിലയിരുത്തലും സ്വര്‍ണക്കുതിപ്പിന് വളമാകുന്നുണ്ട്.

അമേരിക്കയില്‍ പണപ്പെരുപ്പം കുറയുന്നതിനാല്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് സെപ്റ്റംബറോടെ അടിസ്ഥാന പലിശനിരക്ക് കുറച്ചു തുടങ്ങിയേക്കും. ഇത് സംബന്ധിച്ച വ്യക്തത ഈയാഴ്ച ചേരുന്ന ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക യോഗത്തിലുണ്ടായേക്കും.

ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളുണ്ടാകുന്നത് രാജ്യാന്തര സമ്പദ്സ്ഥിതിക്ക് മോശമാണ്. ഓഹരി, കടപ്പത്ര വിപണികള്‍ അതോടെ തളര്‍ച്ചയിലേക്ക് നീങ്ങും. ഇത്തരം പ്രതിസന്ധിക്കാലത്ത് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ സ്വര്‍ണത്തിന് കിട്ടാറുണ്ട്.

നിക്ഷേപകര്‍ ഓഹരി, കടപ്പത്രങ്ങളില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ച് സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് മാറ്റും. പിന്നീട് പ്രതിസന്ധികള്‍ അയയുമ്പോള്‍ സ്വര്‍ണത്തില്‍ നിന്ന് പണം പിന്‍വലിച്ച് വീണ്ടും ഓഹരികളിലേക്കും കടപ്പത്രങ്ങളിലേക്കും ഒഴുക്കും. ഈ പ്രവണതകള്‍ സ്വര്‍ണ വിലയെയും സ്വാധീനിക്കും.

അമേരിക്കയില്‍ പലിശനിരക്ക് താഴുമ്പോള്‍ അത് കടപ്പത്രങ്ങളുടെ ആദായ നിരക്ക് കുറയാനിടയാക്കും. ഇതും സ്വര്‍ണ പദ്ധതികളിലേക്ക് നിക്ഷേപ വര്‍ധനയ്ക്ക് കളമൊരുക്കും.

ഈ ട്രെന്‍ഡാണ് ഇപ്പോഴത്തെ വിലക്കുതിപ്പിന് മുഖ്യ കാരണം. കഴിഞ്ഞദിവസം ഔണ്‍സിന് 2,400 ഡോളറിന് താഴെയായിരുന്ന രാജ്യാന്തര വില ഇപ്പോഴുള്ളത് 2,417 ഡോളറില്‍. ഈ വിലക്കുതിപ്പാണ് കേരളത്തിലെ വിലയെയും സ്വാധീനിച്ചത്.

Top