അമേരിക്ക യുക്രെയിനെ മുന്‍നിര്‍ത്തി ഒരു പോര്‍മുഖമാണ് തുറന്നതെങ്കില്‍ റഷ്യ അമേരിക്കയ്ക്കും അവരുടെ സഖ്യ രാജ്യങ്ങള്‍ക്കുമെതിരെ തുറന്നിരിക്കുന്നത് നാല് പോര്‍മുഖങ്ങളാണ്. അതായത് റഷ്യയ്ക്ക് മുന്നില്‍ തീയിടാന്‍ ശ്രമിച്ച അമേരിക്കന്‍ ചേരിക്ക് ചുറ്റും യഥാര്‍ത്ഥത്തില്‍ തീയിട്ടിരിക്കുന്നതിപ്പോള്‍ റഷ്യയാണ്. ഇസ്രയേല്‍ മാത്രമല്ല അമേരിക്കയുടെ സഹായം ഒന്നുകൊണ്ടു മാത്രം മുന്നോട്ടുപോകുന്ന ദക്ഷിണ കൊറിയയും തായ്വാനുമെല്ലാം വലിയ ആക്രമണ ഭീഷണിയാണിപ്പോള്‍ നേരിടുന്നത്.
Also Read: അമേരിക്കൻ സൈനിക ക്യാംപിന് മുകളിൽ അജ്ഞാത ഡ്രോണുകൾ, ഇറാൻ്റെ ഡ്രോണുകളെന്ന് സംശയം
ദക്ഷിണ കൊറിയക്കെതിരെ റഷ്യയുടെ അടുത്ത സുഹൃത്തായ ഉത്തര കൊറിയയാണ് ആക്രമണ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ആണവായുധങ്ങള്‍ കൈവശമുള്ള ഉത്തര കൊറിയ അത് പ്രയോഗിക്കുമെന്ന് തന്നെയാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. 1945-ലെ വിഭജനത്തിന് ശേഷം ദക്ഷിണ കൊറിയയുടെ സംരക്ഷകരായി നില്‍ക്കുന്നത് അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ്. കമ്യൂണിസ്റ്റ് രാജ്യമായ ഉത്തര കൊറിയക്ക് ഒപ്പം ചൈനയും സോവിയറ്റ് യൂണിയനുമാണ് ഉണ്ടായിരുന്നത്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷവും റഷ്യ പഴയ ആ അടുപ്പം ഉത്തര കൊറിയയോട് ഇപ്പോഴും തുടരുന്നുണ്ട്. റഷ്യന്‍ പ്രസിഡന്റ് എന്ത് പറഞ്ഞാലും അത് അപ്പോള്‍ തന്നെ നടപ്പാക്കുമെന്ന വാശിയിലാണ് ഉത്തര കൊറിയയുള്ളത്. ഉത്തര കൊറിയ – ദക്ഷിണ കൊറിയ അതിര്‍ത്തികളില്‍ ബലൂണ്‍ പറത്തിവിട്ട പ്രകോപനമാണിപ്പോള്‍ പരിധിവിട്ട് ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണിയില്‍ വരെ എത്തിനില്‍ക്കുന്നത്.
ഇത്തരമൊരു ഭീഷണി മുന്‍പ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഉയര്‍ത്തിയപ്പോള്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊറിയന്‍ അതിര്‍ത്തിയില്‍ കുതിച്ചെത്തിയാണ് കിമ്മിനെ തണുപ്പിച്ചിരുന്നത്. അമേരിക്ക വരെ എത്താന്‍ ശേഷിയുള്ള ആണവ മിസൈല്‍ പോര്‍മുന അമേരിക്കയ്ക്ക് നേരെ തിരിച്ചുവച്ചപ്പോഴാണ് അമേരിക്ക ഭയന്നിരുന്നത്. പ്രകോപിപ്പിച്ചാല്‍ എടുത്തുചാട്ടക്കാരനായ കിം ജോങ് ഉന്‍ ആണവായുധം എടുത്ത് പ്രയോഗിച്ച് കളയുമെന്ന ഭയം അന്നും ഇന്നും അമേരിക്കയ്ക്കുണ്ട്.
അതു കൊണ്ടുതന്നെ, ദക്ഷിണ കൊറിയയുടെ സുരക്ഷയ്ക്കായി സൈനിക സഹായം നല്‍കുന്നതോടൊപ്പം തന്നെ കൂടുതലായി സ്വയം പ്രതിരോധം തീര്‍ക്കേണ്ട അവസ്ഥയും അമേരിക്കയ്ക്കുണ്ട്. ഇതിനുപുറമെ അമേരിക്കയെ ആശ്രയിക്കുന്ന തായ്വാനെതിരായ ചൈനയുടെ പടപുറപ്പാടും അമേരിക്കയ്ക്ക് ഉയര്‍ത്തുന്നത് വലിയ വെല്ലുവിളിയാണ്. തായ്‌വാന് ചുറ്റും ശക്തമായ സൈനിക സന്നാഹവുമായാണ് റഷ്യയുടെ മറ്റൊരു സുഹൃത്തായ ചൈനയും തമ്പടിച്ചിരിക്കുന്നത്.
‘ജോയിന്റ് വാള്‍-2024 ബി’ എന്ന് പേരിട്ട സൈനികാഭ്യാസ പ്രകടനങ്ങള്‍ തായ്വാന്‍ ദ്വീപിന്റെ വടക്ക്, തെക്ക്, കിഴക്ക് ഭാഗങ്ങളില്‍ നടന്നുവരികയാണ്. 25 ഓളം യുദ്ധ വിമാനങ്ങളും നാവികസേനയുടേതുള്‍പ്പടെ 11 കപ്പലുകളും തായ്വാന് ചുറ്റും ചൈന വിന്യസിച്ചതായാണ് പുറത്തുവരുന്ന വിവരം. ചൈന അവരുടേതായി അവകാശവാദമുന്നയിച്ചുവരുന്ന ദ്വീപ് രാഷ്ട്രമാണിത്. തെക്ക്-കിഴക്കന്‍ ചൈനയുടെ തീരത്ത് നിന്ന് ഏകദേശം 100 മൈല്‍ അകലെയാണ് തായ്‌വാന്‍ ദ്വീപ് രാഷ്ട്രം സ്ഥിതിചെയ്യുന്നത്.
പതിനേഴാം നൂറ്റാണ്ടില്‍ തായ്‌വാന്‍, ചൈനീസ് സാമ്രാജ്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു. പിന്നീട് 1895-ല്‍ ഇത് ഒരു ജാപ്പനീസ് കോളനിയായി. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ പരാജയപ്പെട്ടതിനുശേഷം ചൈന ദ്വീപ് വീണ്ടെടുത്തു. ചൈനയില്‍ കമ്മ്യൂണിസ്റ്റ് വിപ്ലവം നടക്കുകയും 1949-ല്‍ കമ്മ്യൂണിസ്റ്റുകള്‍ ചൈനയുടെ ഭരണം പിടിക്കുകയും ചെയ്തു. പരാജയപ്പെട്ട കുമിന്‍താങ്ങിന്റെ നാഷണലിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ദ്വീപിലേക്ക് പലായനം ചെയ്യുകയും തായ്‌വാന്‍ എന്ന സ്വതന്ത്രരാജ്യം രൂപീകരിച്ച് ഭരണം ആരംഭിക്കുകയും ചെയ്യുകയാണുണ്ടായത്.
ചൈനയെ സംബന്ധിച്ചിടത്തോളം തായ്‌വാന്‍ എന്ന ദ്വീപ് രാഷ്ട്രം ചൈനയുടെ ഭാഗമായാണ് കരുതുന്നത്. തായ്‌വാന്റെ പരമാധികാരത്തെ ചൈന അംഗീകരിക്കുന്നില്ല. തായ്‌വാന്‍ ചൈനയുടെ അവിഭാജ്യ ഭാഗമാണെന്നതാണ് ചൈനീസ് ഭരണകൂടത്തിന്റെ നിലപാട്. എന്നാല്‍ സ്വന്തം ഭരണഘടനയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടവുമുള്ള തായ്‌വാന്‍ തങ്ങളെ ചൈനയില്‍ നിന്ന് വേര്‍പ്പെടുത്തി സ്വതന്ത്ര രാഷ്ട്രമായാണ് കാണുന്നത്. തായ്‌വാനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചത് 13 രാജ്യങ്ങള്‍ മാത്രമാണെന്നതും ഓര്‍ക്കണം.
ചൈനയുടെ ഭീഷണി ഉയര്‍ന്നഘട്ടത്തില്‍ എല്ലാം തായ്വാന് വേണ്ടി രംഗത്തിറങ്ങുന്നത് അമേരിക്കയാണ്. ഇപ്പോഴത്തെ ചൈനയുടെ പ്രകോപനം അതുകൊണ്ട് തന്നെ അമേരിക്കയ്ക്ക് വലിയ തലവേദനയാണ്. ഈ രണ്ട് രാജ്യങ്ങളിലും സംഘര്‍ഷം പൊട്ടി പുറപ്പെട്ടാല്‍ അമേരിക്കയാണ് ത്രിശങ്കുവിലാകുക. നിലവില്‍, യുക്രെയിനിനും ഇസ്രയേലിനും ആയുധങ്ങള്‍ നല്‍കുന്നതു മൂലം, ആയുധകലവറ തന്നെ ഏതാണ്ട് ശൂന്യമായ അവസ്ഥയിലാണ് ഉള്ളത്. ഈ രണ്ട് രാജ്യങ്ങളും പൊട്ടിച്ച് കളഞ്ഞ ആയുധങ്ങളില്‍ മഹാഭൂരിപക്ഷവും അമേരിക്കയുടേതാണ്.
ഇനിയും ആയുധങ്ങള്‍ നല്‍കിയാല്‍ അത് അമേരിക്കയുടെയും മറ്റു സഖ്യരാജ്യങ്ങളുടെയും സുരക്ഷയെ തന്നെ ബാധിക്കുമെന്ന മുന്നറിയിപ്പാണ് വിദഗ്ദര്‍ നല്‍കിയിരിക്കുന്നത്. ഇസ്രയേല്‍ ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്ക ആഗ്രഹിക്കുന്നതും ഈ യാഥാര്‍ത്ഥ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ്. കാരണം, ഇറാന്‍ കൂടി യുദ്ധമുഖത്തേക്ക് ഇറങ്ങിയാല്‍ അമേരിക്കയും വലിയ സുരക്ഷാ ഭീഷണി നേരിടും. ഒരേസമയം ഇറാനും ഹിസ്ബുള്ളയും ഹമാസും ആക്രമിച്ചാല്‍ ഇസ്രയേലിനെ സംരക്ഷിച്ച് നിര്‍ത്തുക അമേരിക്കയ്ക്കും പ്രയാസമാകും.
Also Read: ഒടുവിൽ അയൺ ഡോമും ഇറാൻ തകർത്തു, അമേരിക്കയുടെ ‘താഡിൽ’ അഭയം തേടി ഇസ്രയേൽ!
ഇത്തരമൊരു സാഹചര്യം ഉണ്ടായാല്‍ തായ്‌വാനിനും ദക്ഷിണ കൊറിയക്കും നേരെ ഉത്തര കൊറിയയുടെയും ചൈനയുടെയും നീക്കങ്ങളുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ഒരേസമയം ഈ മൂന്ന് രാജ്യങ്ങളെ സംരക്ഷിക്കാനുള്ള സൈനിക ശേഷിയൊന്നും എന്തായാലും അമേരിക്കയ്ക്ക് ഉണ്ടാകുകയില്ല. മാത്രമല്ല അപ്പുറത്ത് ചൈനയും ഉത്തര കൊറിയയും ആയതിനാല്‍ ഒരു യുദ്ധത്തിലേക്ക് എടുത്തുചാടാന്‍ അമേരിക്കന്‍ സഖ്യകക്ഷികളും തയ്യാറാവുകയില്ല. ഇപ്പോള്‍ തന്നെ യുക്രെയിന് പരിധിയില്‍ കവിഞ്ഞ് ആയുധങ്ങള്‍ നല്‍കിയത് മൂലം പല രാജ്യങ്ങളും വലിയ പ്രതിസന്ധി നേരിടുന്നുണ്ട്.
റഷ്യ ഒന്നു വിചാരിച്ചാല്‍ ഒറ്റയടിക്ക് തീര്‍ക്കാമായിരുന്ന യുദ്ധം ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നത് തന്നെ റഷ്യയുടെ സ്ട്രാറ്റര്‍ജിയായാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോഴും യുക്രെയിനെതിരെ ഒരു യുദ്ധം റഷ്യ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മാരക പ്രഹരശേഷിയുള്ള ആയുധങ്ങളോ സൈനാത്തിന്റെ നല്ലൊരു വിഭാഗത്തേയോ റഷ്യന്‍ ഭരണകൂടം സംഘര്‍ഷ മേഖലയിലേക്ക് അയച്ചിട്ടില്ല. ഇതെല്ലാം ഒരു തന്ത്രത്തിന്റെ ഭാഗമായിരുന്നോയെന്ന് ഇപ്പോഴാണ് അമേരിക്കന്‍ ചേരി സംശയിക്കുന്നത്.
സോവിയറ്റ് യൂണിയന്റെ കാലം മുതലുള്ള എണ്ണിയാലൊടുങ്ങാത്ത അത്രയും ആയുധങ്ങള്‍ റഷ്യയുടെ ആയുധ ശേഖരത്തിലുണ്ട്. വിസ്തൃതിയില്‍ ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യ അതിന്റെ സൈനിക ശേഷിയുടെയും ആയുധങ്ങളുടെയും വളരെ ചെറിയ ഒരു വിഭാഗത്തെ മാത്രമാണ് യുക്രെയിനെതിരെ ഉപയോഗിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ വരാന്‍ പോകുന്ന വലിയ ഒരു യുദ്ധത്തിന്റെ ട്രയലാണ് റഷ്യ നടത്തുന്നത് എന്ന വിലയിരുത്തലുകള്‍ പോലും ഇപ്പോള്‍ പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്.
അമേരിക്കയുടെയും മറ്റു നാറ്റോ സഖ്യകക്ഷികളുടെയും ആയുധങ്ങളുടെ കരുത്ത് പരീക്ഷിക്കാനുള്ള ഒരവസരമാണ് യുക്രെയിന്‍ യുദ്ധത്തിലൂടെ റഷ്യയ്ക്ക് വീണുകിട്ടിയിരിക്കുന്നത്. റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യുന്ന യുക്രെയിന്‍ സൈനികരും അമേരിക്കന്‍ കൂലിപ്പട്ടാളവും ഉപയോഗിച്ചത് നാറ്റോ രാജ്യങ്ങള്‍ നല്‍കിയ ആധുനിക ആയുധങ്ങളാണ്. ഇതിലെ മഹാഭൂരിപക്ഷവും തകര്‍ത്ത റഷ്യന്‍ സൈന്യം അമേരിക്ക അഭിമാനമായി കണ്ടിരുന്ന എ16 യുദ്ധവിമാനത്തെയും ഇതിനകം തന്നെ വീഴ്ത്തിയിട്ടുണ്ട്.
റഷ്യയുടെ സുരക്ഷയ്ക്ക് അനിവാര്യമായ പ്രദേശങ്ങള്‍ ഇതിനകം തന്നെ റഷ്യന്‍ സൈന്യം പിടിച്ചെടുത്ത് കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും പോരാട്ടം നീട്ടിക്കൊണ്ട് പോകുന്നത് കൃത്യമായ അജണ്ട മുന്‍നിര്‍ത്തി തന്നെയാണ്. സോവിയറ്റ് യൂണിയന്റെ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയായ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്റെ കാഞ്ഞ ബുദ്ധിയാണത്. ഇറാന്‍ – ഇസ്രയേല്‍ യുദ്ധം ആരംഭിച്ചാല്‍ അത് പശ്ചിമേഷ്യയെ ആകെ ബാധിക്കും. ഈ മേഖലയില്‍ നിരവധി സൈനിക ക്യാംപുകളുള്ള അമേരിക്കയ്ക്കും നഷ്ടപ്പെടാന്‍ പലതുമുണ്ട്.
ശത്രുക്കളുടെ യുദ്ധവിമാനങ്ങള്‍ക്ക് പാതയൊരുക്കരുത് എന്നാണ് അമേരിക്കയുടെ സുഹൃത്തുക്കളായ അറബ് രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ വാണിങ് ഇസ്രയേലിനെ മാത്രമല്ല അമേരിക്കയെക്കൂടി ലക്ഷ്യമിട്ടാണ്. ഇറാന്റെ എണ്ണപ്പാടങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ അമേരിക്കന്‍ ചേരിയിലുള്ള രാജ്യങ്ങളിലെ എണ്ണപ്പാടങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടാകും. അത് പശ്ചിമേഷ്യയില്‍ മാത്രമല്ല യൂറോപ്പിലും ഉണ്ടാക്കുന്ന പ്രതിസന്ധി ഭീകരമായിരിക്കും. അപ്പോഴും റഷ്യയെ ഇതൊന്നും തന്നെ ബാധിക്കുകയില്ല.
മാത്രമല്ല പെട്രോളിയം ഉല്‍പ്പന്നങ്ങളാല്‍ സമ്പന്നമായ റഷ്യയ്ക്ക് അവര്‍ക്കൊപ്പമുള്ള രാജ്യങ്ങളെ സഹായിക്കാനും കഴിയും. ഇന്ത്യയുള്‍പ്പെടെ റഷ്യയില്‍ നിന്നും പെട്രോളിയും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് അമേരിക്കയുടെ ഉപരോധഭീഷണി അവഗണിച്ചാണ്. റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത് ചൈനയും ഇന്ത്യയുമാണ്. അതിപ്പോള്‍ റെക്കോര്‍ഡ് നിലവാരത്തിലാണുള്ളത്. അമേരിക്കന്‍ സഖ്യകക്ഷികള്‍ക്കെതിരെ ഉത്തര കൊറിയയെയും, ചൈനയെയും രംഗത്തിറക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്ന ബുദ്ധി റഷ്യയുടെതാണ്.
ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാകാതെ നോക്കുന്നതില്‍ പോലും അദൃശ്യമായ ഇടപെടല്‍ പുടിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്നതും ന്യായമായും സംശയിക്കാവുന്നതാണ്. കാരണം, റഷ്യയെ സംബന്ധിച്ച് ചൈനയേക്കാള്‍ അടുപ്പുള്ള രാജ്യമാണ് ഇന്ത്യ. സോവിയറ്റ് യൂണിയന്റെ കാലം മുതലുള്ള ആ ബന്ധം ഇപ്പോഴും റഷ്യ കാത്ത് സൂക്ഷിക്കുന്നുമുണ്ട്. ഇന്ത്യയ്ക്കും ചൈനയ്ക്കും റഷ്യയ്ക്കും ബ്രിക്സ് കൂട്ടായ്മയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതുപോലും ഒരു പരിധിവരെ ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഇതെല്ലാം തന്നെ അമേരിക്കയുടെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമുള്ള കാര്യങ്ങളാണ്.
ഒരേസമയം ഇറാനോടും ഇസ്രയേലിനോടും അടുപ്പമുള്ള രാജ്യമായതിനാല്‍ ഇപ്പോഴത്തെ സംഘര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാട്. യുക്രെയിന്‍ – റഷ്യ യുദ്ധത്തിലും ഇന്ത്യയുടെ നിലപാട് വ്യക്തമാണ്. റഷ്യയെ ഒരു ഘട്ടത്തില്‍ പോലും തള്ളിപ്പറയാന്‍ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല. ഇനിയൊട്ട് തയ്യാറാകുകയുമില്ല. അത്രയ്ക്കും ആഴത്തിലുള്ള ബന്ധമാണത്. ഇന്ത്യ – ഒരിക്കലും ഇത്തരം ഒരു സംഘര്‍ഷത്തിന്റെയും ഭാഗമാകില്ല. നമ്മള്‍ പിന്തുടരുന്ന നയവും അതു തന്നെയാണ്.
എന്നാല്‍ ഏതെങ്കിലും ഘട്ടത്തില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒരു മധ്യസ്ഥത ആവശ്യമായി വന്നാല്‍ അതിന് ലോകത്തിന് മുന്നില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യത ലഭിക്കുന്ന രാജ്യം ഇന്ത്യ തന്നെയായിരിക്കും. അക്കാര്യത്തില്‍ എന്തായാലും സംശയം ഉണ്ടാവേണ്ടതില്ല.യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് പറയുമ്പോഴും സംഘര്‍ഷം അടിച്ചേല്‍പ്പിക്കുന്ന ഘട്ടം വന്നാല്‍ ആയുധം എടുക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്നതും നാം മനസ്സിലാക്കേണ്ടതുണ്ട്. ഇപ്പോഴത്തെ സംഘര്‍ഷങ്ങളിലെല്ലാം തന്നെ അണിയറയില്‍ വില്ലന്‍ വേഷത്തിലുള്ളത് അമേരിക്കയാണ്.
കാലം മാറിയിട്ടും മാറാത്ത സങ്കുചിത താല്‍പ്പര്യങ്ങളാണ് ആ രാജ്യത്തിന്റെ ഭരണാധികാരികളെ ഇപ്പോഴും നയിച്ച് കൊണ്ടിരിക്കുന്നത്. പാശ്ചാത്യ മാധ്യമങ്ങളിലൂടെ നുണക്കഥകള്‍ പടച്ചുവിട്ടും ലോകത്തെ അവര്‍ വല്ലാതെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. റഷ്യയെ… യുക്രെയിനുമായുള്ള യുദ്ധമുണ്ടാക്കി അമേരിക്ക തളച്ചിട്ടു എന്ന് പറയുന്ന മാധ്യമങ്ങള്‍ ആര് ആരെയാണ് തളച്ചിട്ടതെന്നത് വസ്തുതകള്‍ വച്ചാണ് ആദ്യം പരിശോധിക്കേണ്ടത്. യുക്രെയിനിനെകൂടി ചേര്‍ത്താല്‍ നിലവില്‍ റഷ്യന്‍ ചേരിയില്‍ നിന്നും ഭീഷണി നേരിടുന്നത് അമേരിക്കന്‍ പക്ഷത്തുള്ള നാല് രാജ്യങ്ങളാണ്.
ഒരേസമയം ഇവരെയെല്ലാം സംരക്ഷിക്കേണ്ട ഗതികേടിലാണ് അമേരിക്ക ഇപ്പോഴുള്ളത്. അതിന് അവര്‍ക്ക് സാധിച്ചില്ലെങ്കില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം അമേരിക്ക പടുത്തുയര്‍ത്തിയ സാമ്രാജ്യവും, പവറുമാണ് ആ രാജ്യത്തിന് നഷ്ടമാകുക. റഷ്യ, ഇറാന്‍, ചൈന, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ തീര്‍ത്ത പത്മവ്യൂഹത്തിലാണ് യഥാര്‍ത്ഥത്തില്‍… അമേരിക്ക ഇപ്പോള്‍ പെട്ടിരിക്കുന്നത്. ആരൊക്ക നിഷേധിച്ചാലും വസ്തുത വസ്തുത തന്നെയാണ്.
വീഡിയോ കാണാം