‘അമ്മയുടെ പാലുകുടിക്കുന്ന കുഞ്ഞുങ്ങൾക്ക് അത് തന്നെ കൊടുക്കണം’; ദുരന്തം തകര്‍ത്തെറിഞ്ഞ വയനാട്ടിലേക്കു സ്‌നേഹം ചുരത്താൻ സജിനും കുടുംബവും എത്തി

‘അമ്മയുടെ പാലുകുടിക്കുന്ന കുഞ്ഞുങ്ങൾക്ക് അത് തന്നെ കൊടുക്കണം’; ദുരന്തം തകര്‍ത്തെറിഞ്ഞ വയനാട്ടിലേക്കു സ്‌നേഹം ചുരത്താൻ സജിനും കുടുംബവും എത്തി
‘അമ്മയുടെ പാലുകുടിക്കുന്ന കുഞ്ഞുങ്ങൾക്ക് അത് തന്നെ കൊടുക്കണം’; ദുരന്തം തകര്‍ത്തെറിഞ്ഞ വയനാട്ടിലേക്കു സ്‌നേഹം ചുരത്താൻ സജിനും കുടുംബവും എത്തി

മേപ്പാടി; “ഞങ്ങള്‍ ഇടുക്കിയില്‍ ആണ്, എങ്കിലും വയനാട്ടില്‍വന്ന് കുഞ്ഞുമക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാല്‍ നല്‍കി സംരക്ഷിക്കാനും എന്റെ കുടുംബം തയ്യാറാണ്, ഞങ്ങള്‍ക്കും ഉണ്ട് കുഞ്ഞുമക്കള്‍”, വയനാട്ടിലേക്കുള്ള ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലേക്ക് വന്ന വ്യത്യസ്തമായ ഒരു സഹായസന്നദ്ധതയായിരുന്നു ഇത്.

ഇടുക്കി ഉപ്പുതറ സ്വദേശിയായ സജിന്‍ പാറേക്കരയാണ് ഏറ്റവും പവിത്രവും മഹത്തരവുമായ സഹായ സന്നദ്ധത അറിയിച്ചത്. വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ച ഈ കുറിപ്പിന് ലഭിച്ച പ്രതികരണങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ പന്ത്രണ്ടുമണിയോടെ വയനാട്ടിലേക്ക് യാത്രതിരിച്ച സജിനും കുടുംബവും ദുരന്തം തകര്‍ത്തെറിഞ്ഞ വയനാട്ടിലേക്കു സ്‌നേഹം ചുരത്താൻ എത്തി.

ദുരന്തത്തില്‍ അമ്മ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്കു മുലപ്പാല്‍ നല്‍കി പരിചരിക്കാനാണു സജിനും കുടുംബവും വയനാട്ടില്‍ എത്തിയിരിക്കുന്നത്. ഇടുക്കി സ്വദേശികളായ ഇവര്‍ക്ക് നാലു വയസും നാലു മാസവും പ്രായമുള്ള രണ്ടു കുട്ടികളാണുള്ളത്. കഴിഞ്ഞ ദിവസമാണു വയനാടിനെ ചേര്‍ത്തുപിടിച്ചു സജിന്‍ ഇട്ട പോസ്റ്റ് സമൂഹമാധ്യമത്തില്‍ ചർച്ചയായത്.

‘ഞങ്ങള്‍ ഇടുക്കിയില്‍ ആണ്, വയനാട്ടില്‍ വന്നു കുഞ്ഞുമക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ പരിപാലിക്കാനും മുലപ്പാല്‍ നല്‍കി സംരക്ഷിക്കാനും എന്റെ കുടുംബം തയാറാണ്. ഞങ്ങള്‍ക്കും ഉണ്ടു കുഞ്ഞുമക്കള്‍’ ഇത്രയുമായിരുന്നു സജിന്റെ പോസ്റ്റ്. തുടര്‍ന്നു രണ്ടാളുകള്‍ ബന്ധപ്പെട്ടതിനു പിന്നാലെയാണു സജിനും ഭാവനയും കുട്ടികളുമൊത്തു വയനാട്ടിലേക്കു തിരിച്ചത്.

എന്നാല്‍ ഫോണില്‍ ബന്ധപ്പെട്ടവര്‍ അവിടെയത്തി വിളിച്ചിട്ട് എടുക്കുന്നില്ല. തങ്ങളെ പരീക്ഷിക്കാന്‍ അവര്‍ വിളിച്ചതാണെന്നാണു കരുതുന്നതെന്നും സജിന്‍ പറഞ്ഞു. തുടർന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ ബന്ധപ്പെടുകയായിരുന്നു. ‘‘മേപ്പാടിയിലേക്ക് ചെല്ലാന്‍ പറഞ്ഞതു പ്രകാരം അവിടേക്കുള്ള യാത്രയിലാണ്. അവിടെയെത്തി ഏതെങ്കിലും ആശുപത്രി കേന്ദ്രീകരിച്ചു മുലപ്പാല്‍ നല്‍കുകയോ ഏതെങ്കിലും കുരുന്നുകള്‍ ഉണ്ടെങ്കില്‍ നേരിട്ടു മുലപ്പാല്‍ നല്‍കുകയോ ചെയ്യും’’ – സജിന്‍ പറഞ്ഞു.

രണ്ടു ചെറിയ കുട്ടികളുടെ അമ്മയാണു താനെന്നും അമ്മ നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് തനിക്കറിയാമെന്നും സജിന്റെ ഭാര്യ ഭാവന പറഞ്ഞു. കുഞ്ഞുങ്ങള്‍ക്കു മുലപ്പാല്‍ നല്‍കുന്നതിനെപ്പറ്റി ഭര്‍ത്താവിനോടു പറഞ്ഞപ്പോള്‍ എതിരു പറയാതെ ഒപ്പം നില്‍ക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Top