സിഡ്നി: ഓസ്ട്രേലിയൻ വിമാനക്കമ്പനിയായ ക്വാണ്ടാസ് എയർവേയ്‌സിലുണ്ടായ കോഡിങ്ങിലെ ഗുരുതര പിഴവുകാരണം നൂറുകണക്കിന് ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ വൻ ഓഫറിൽ വിൽപന നടത്തി. 85 ശതമാനം വരെ ഓഫറിൽ വിറ്റാണ് കമ്പനിക്ക് അബദ്ധം പറ്റിയത്. കോഡിങ് പിശക് കാരണമാണ് ഇത്തരത്തിൽ തെറ്റായി ടിക്കറ്റ് വിൽപന നടന്നതെന്നാണ് റിപ്പോർട്ട്.
15,000 ഡോളർ വിലയുള്ള ടിക്കറ്റുകൾ 5000 ഡോളറിൽ താഴെയാണ് വിൽപന നടത്തിയത്. വ്യാഴാഴ്ച ക്വാണ്ടാസ് എയർവേയ്‌സിന്റെ ആസ്‌ട്രേലിയ- യു.എസ് ഫ്ലൈറ്റുകളിലെ ഫസ്റ്റ് ക്ലാസ് ടിക്കറ്റുകളിലാണ് അപൂർവ ഓഫറുകൾ യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത്.
വെബ്‌സൈറ്റിൽ ഓഫർ പോസ്റ്റ് ചെയ്ത ഉടൻ തന്നെ നിരവധി പേർ ടിക്കറ്റ് വാങ്ങി. എട്ടു മണിക്കൂറിനുള്ളിൽ 300ലേറെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു. എന്നാൽ, കുറഞ്ഞ ടിക്കറ്റുകൾ നേടിയ ഉപഭോക്താക്കളെ ബിസിനസ് ക്ലാസിലേക്ക് റീബുക്ക് ചെയ്യുമെന്ന് എയർലൈൻ അറിയിച്ചു.
Also Read: സ്വർണവിലയിൽ നേരിയ വർധന
ക്വാണ്ടാസ് നിയമമനുസരിച്ച് തെറ്റായ നിരക്കുകൾ അവതരിപ്പിച്ചാൽ ബുക്കിംഗ് റദ്ദാക്കാനോ റീഫണ്ട് ചെയ്യാനോ അല്ലെങ്കിൽ പുതിയ ടിക്കറ്റ് നൽകാനോ കമ്പനിക്ക് അധികാരമുണ്ട്. ബിസിനസ് ക്ലാസ് യാത്രക്കാരന് സാധാരണയേക്കാൾ 65 ശതമാനം കുറഞ്ഞ ടിക്കറ്റാണ് ഇപ്പോഴും ലഭിക്കുകയെന്ന് എയർലൈൻ വൃത്തങ്ങൾ പറഞ്ഞു.