മസ്കത്ത്: കഴിഞ്ഞ ദിവസങ്ങളിലായി ഫ്ലോറിഡ സംസ്ഥാനത്ത് വീശിയടിച്ച മിൽട്ടൺ ചുഴലിക്കാറ്റിൽ ഒമാൻ വിദേശകാര്യ മന്ത്രാലയം അമേരിക്കയോട് അനുഭാവം പ്രകടിപ്പിച്ചു. ദുരിതം അതിജീവിച്ച അമേരിക്കൻ സർക്കാരിനോടും ജനങ്ങളോടും ഇരകളുടെ കുടുംബങ്ങളോടും ആത്മാർഥമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുകയും, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഒമാൻ ആശംസിച്ചു. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ തീരത്ത് കരകയറിയ കാറ്റ് മാരകമായാണ് വീശിയടിച്ചത്.
Also Read: യുഎഇയിൽ കനത്ത മഴ; റോഡുകളില്‍ വെള്ളക്കെട്ട്
അമേരിക്കയിൽ 125ലേറെ വീടുകളാണ് ബുധനാഴ്ച നശിച്ചത്. കരയിലേക്ക് ആഞ്ഞടിച്ചത് 28 അടിയോളം ഉയരമുള്ള തിരമാലകളാണ്. അതോടൊപ്പം ഉണ്ടായ കടുത്ത വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടവുമുണ്ടായി. സെപ്റ്റംബർ അവസാനത്തില്‍ കടുത്ത നാശം വിതച്ച ഹെലന് ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍നിന്ന് കരകയറുന്നതിന് മുമ്പാണ് ഫ്ലോറിഡയില്‍ മില്‍ട്ടണ്‍ ഭീതി വിതക്കുന്നത്. വടക്കന്‍ കരോലീന, തെക്കന്‍ കരോലീന, ജോര്‍ജിയ,ഫ്ലോറിഡ, ടെന്നസി, വെര്‍ജീനിയ എന്നിവിടങ്ങളില്‍ വ്യാപക നാശം വിതച്ചിരുന്നു ഹെലന്.