ഇന്ത്യൻ ബോക്സോഫീസിനെ പിടിച്ചുകുലുക്കി വിജയയാത്ര തുടരുകയാണ് പ്രഭാസ്-നാഗ് അശ്വിൻ ടീമിന്റെ ‘കൽക്കി 2898 എ.ഡി.’ തിയേറ്ററുകളിൽ 25 ദിവസം പിന്നിടുമ്പോൾ നിയമക്കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ് ചിത്രം. മതവികാരം വ്രണപ്പെടുത്തുന്നതാണ് ‘കൽക്കി’ എന്നാരോപിച്ച് ചിത്രത്തിന്റെ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് നൽകിയിരിക്കുകയാണ് കോൺഗ്രസ് നേതാവായ ആചാര്യ പ്രമോദ്.
ഇന്ത്യൻ പുരാണങ്ങളിൽ പറയുന്നതിന് കടകവിരുദ്ധമായ കാര്യങ്ങളാണ് ‘കൽക്കി’ സിനിമയിൽ കാണിച്ചിരിക്കുന്നതെന്ന് ആചാര്യ പ്രമോദിനെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. സുപ്രീം കോടതിയിലെ അഭിഭാഷകനായ ഉജ്ജ്വൽ ആനന്ദ് ശർമയാണ് ആചാര്യ പ്രമോദിനുവേണ്ടി നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ചത്. നടന്മാരായ പ്രഭാസ്, അമിതാഭ് ബച്ചൻ എന്നിവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
ഹൈന്ദവ പുരാണഗ്രന്ഥങ്ങളിൽ എഴുതിയിട്ടുള്ളതും വിശദീകരിക്കപ്പെട്ടതുമായ കൽക്കിയെക്കുറിച്ചുള്ള അടിസ്ഥാന ആശയത്തെ സിനിമ മാറ്റിമറിച്ചിരിക്കുന്നുവെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. കൂടാതെ കൽക്കി ഭഗവാൻ്റെ കഥ ചിത്രീകരിച്ചിരിക്കുന്നത് പൂർണ്ണമായും കൃത്യമല്ലാത്തതും പുരാണഗ്രന്ഥങ്ങളോട് അനാദരവുണ്ടാക്കുന്ന രീതിയിലുമാണെന്നും നോട്ടീസിലുണ്ട്. ഇന്ത്യ വികാരങ്ങളുടേയും വിശ്വാസത്തിന്റെയും ആരാധനയുടേയും ഭൂമിയാണെന്ന് ആചാര്യ പ്രമോദ് പറഞ്ഞു.
സനാതന ധർമത്തിന്റെ മൂല്യം നശിപ്പിക്കപ്പെടരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.”നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രമാണ് ഭഗവാൻ കൽക്കി നാരായണൻ. മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായാണ് കൽക്കിയെ കണക്കാക്കുന്നത്. കൽക്കി അവതാരത്തെക്കുറിച്ച് പുരാണങ്ങളിൽ ഒരുപാട് കാര്യങ്ങൾ എഴുതിയിരിക്കുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് ഫെബ്രുവരി 19-ന് ശ്രീ കൽക്കി ധാമിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപന കർമം നിർവഹിച്ചത്.” ആചാര്യ പ്രമോദ് പറഞ്ഞു.
കൽക്കി എന്ന ചിത്രം നമ്മുടെ പുരാണങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. ഈ ചിത്രം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ്. ചിത്രത്തിൽ എതിരഭിപ്രായമുള്ള ചില കാര്യങ്ങളുണ്ട്. അക്കാര്യം ചൂണ്ടിക്കാട്ടിയതിനുള്ള മറുപടിക്ക് കാത്തിരിക്കുകയാണ്. ഹിന്ദു മതവികാരംവെച്ചു കളിക്കുന്നത് ഇപ്പോഴത്തെ സംവിധായകർ ഒരു വിനോദമാക്കിയിരിക്കുകയാണ്. സന്യാസിവര്യന്മാരെ രാക്ഷസന്മാരായി ചിത്രീകരിച്ചിരിക്കുന്നു. വിശ്വാസത്തെ തൊട്ടുകളിക്കാമെന്നല്ല അഭിപ്രായ സ്വാതന്ത്ര്യം കൊണ്ടുദ്ദേശിക്കുന്നതെന്നും ആചാര്യ പ്രമോദ് കൂട്ടിച്ചേർത്തു.