മലപ്പുറം: കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. വേങ്ങര കറ്റൂർ കിഴക്കേപ്പുറത്ത് സെയ്ദ് ഹുസൈൻ കോയ തങ്ങൾ (38) ആണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയിലേക്കും ഇവിടെനിന്ന് പുറത്തേക്കുമെത്തിക്കുന്ന കാരിയറാണ് സെയ്ദ് ഹുസൈൻ കോയ തങ്ങൾ. ബാങ്കോക്കിൽനിന്ന് ഇന്ത്യയിലേക്കും ഇവിടെനിന്ന് വിദേശരാജ്യങ്ങളിലേക്കും നിരവധി തവണ ലഹരിവസ്തുക്കൾ കടത്തിയതിന് തെളിവുകൾ ലഭിച്ചതായി പോലീസ് പറഞ്ഞു. ഈ വർഷം പത്തിലധികം തവണ ഇയാൾ ബാങ്കോക്കിൽനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചിട്ടുണ്ട്. മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങൾ വഴിയാണ് കളളക്കടത്ത് നടത്തുന്നത്. ഇവിടെനിന്ന് ഖത്തർ, ദുബായ്, ഷാർജ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിച്ചുനൽകുന്നു. ഇതിന് മറ്റു കാരിയർമാരെയും ഉപയോഗപ്പെടുത്തുന്നു.
ഓരോ യാത്രയിലും 50 ലക്ഷത്തിൻ്റെ ലഹരിമരുന്നാണ് ഇയാൾ കടത്തുന്നത്. ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങുന്നു. സ്വർണക്കടത്തിലും ഇയാൾ കാരിയറായി പ്രവർത്തിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. തമിഴ്‌നാട് ഗൂഡല്ലൂർ പാടന്തറയിൽ താമസിച്ചുവരുന്ന ഹുസൈൻ കോയ തങ്ങൾ വ്യാജ ചികിത്സ നടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഒരാഴ്‌ച മുൻപ് കരിപ്പൂർ വിമാനത്താവള പരിസരത്തെ ലോഡ്ജിൽനിന്ന് കണ്ണൂർ സ്വദേശികളായ റാമീസ്, റിയാസ് എന്നിവരെ 45 ലക്ഷത്തോളം വിലവരുന്ന ഹൈബ്രിഡ് ലഹരിമരുന്നായ തായ് ഗോൾഡുമായി പിടികൂടിയ കേസിലാണ് ഹുസൈൻ കോയ തങ്ങൾ അറസ്റ്റിലായത്. വയനാട് സ്വദേശി ബെന്നി, സംഘത്തലവൻ കണ്ണഫാത്തിമ്മാസ് വീട്ടിൽ മുഹമ്മദ് റാഷിദ് (24) എന്നിവരാണ് പിടിയിലായ മറ്റു മൂന്നുപേർ. ജില്ലാ പോലീസ് മേധാവി എസ്. ശശിധരനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈ.എസ്.പി. എ.എം. സിദ്ദിഖ്, കരിപ്പൂർ ഇൻസ്പെക്‌ടർ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘാംഗങ്ങളും കരിപ്പൂർ പോലീസും ചേർന്നാണ് ഹുസൈൻ കോയ തങ്ങളെ വിമാനത്താവള പരിസരത്തുനിന്ന് പിടികൂടിയത്.