CMDRF

ഹെഡിന് റെക്കോര്‍ഡ് സെഞ്ചുറി; ആര്‍സിബിക്കെതിരെ ഹൈദരാബാദിന് ഐപിഎല്ലിലെ റെക്കോഡ് സ്‌കോര്‍

ഹെഡിന് റെക്കോര്‍ഡ് സെഞ്ചുറി; ആര്‍സിബിക്കെതിരെ ഹൈദരാബാദിന് ഐപിഎല്ലിലെ റെക്കോഡ് സ്‌കോര്‍
ഹെഡിന് റെക്കോര്‍ഡ് സെഞ്ചുറി; ആര്‍സിബിക്കെതിരെ ഹൈദരാബാദിന് ഐപിഎല്ലിലെ റെക്കോഡ് സ്‌കോര്‍

ബെംഗളൂരു: ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ സെഞ്ച്വറി പൂര്‍ത്തിയാക്കി സണ്‍റൈസേഴ്സ് താരം ട്രാവിസ് ഹെഡ്. സണ്‍റൈസേഴ്സിന് വേണ്ടി ഓപ്പണിങ് ഇറങ്ങിയാണ് ഓസീസ് ബാറ്റര്‍ മൂന്നക്കം തികച്ചത്. വെറും 41 പന്തില്‍ 102 റണ്‍സെടുത്താണ് ഹെഡ് പുറത്തായത്. താരത്തിന്റെ ആദ്യ ഐപിഎല്‍ സെഞ്ച്വറിയാണിത്.

ഹൈദരാബാദിനെതിരെ നാല് മുന്‍നിര ബൗളര്‍മാരുമായാണ് ഇറങ്ങിയത് എന്നത് ആര്‍സിബി എന്ന ടീമിന്റെ മോശം ഗെയിം പ്ലാനെ സൂചിപ്പിച്ചു. ബാറ്റിംഗ് ഓള്‍റൗണ്ടര്‍ വില്‍ ജാക്ക്‌സ് ആണ് ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഒരു ഓവറില്‍ നിയന്ത്രിതമായി ബാറ്റ് ചെയ്ത ഹൈദരാബാദ് രണ്ടാം ഓവര്‍ മുതല്‍ ബൗണ്ടറികള്‍ കണ്ടെത്താന്‍ തുടങ്ങി. ട്രാവിസ് ഹെഡ് ആയിരുന്നു അപകടകാരി. വെറും 20 പന്തില്‍ ഹെഡ് ഫിഫ്റ്റി തികച്ചു. 108 റണ്‍സ് നീണ്ട ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ അഭിഷേക് ശര്‍മ്മ നേടിയത് 22 പന്തില്‍ 24 റണ്‍സ്. താരത്തെ പുറത്താക്കിയ റീസ് ടോപ്ലെ ആണ് ഈ കൂട്ടുകെട്ട് അവസാനിപ്പിച്ചത്.

ഹെഡും മൂന്നാം നമ്പറിലെത്തിയ ഹെന്റിച് ക്ലാസനും ചേര്‍ന്ന് ആക്രമണം തുടര്‍ന്നു. 39 പന്തില്‍ താരം സെഞ്ചുറിയിലെത്തി. ഹൈദരാബാദിനായി ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണിത്. 57 റണ്‍സ് നീണ്ട കൂട്ടുകെട്ടിനൊടുവില്‍ ഹെഡ് മടങ്ങി. 41 പന്തില്‍ 102 റണ്‍സ് നേടിയ ഹെഡിനെ ലോക്കി ഫെര്‍ഗൂസനാണ് വീഴ്ത്തിയത്. നാലാം വിക്കറ്റില്‍ എയ്ഡന്‍ മാര്‍ക്രം സാവധാനം ബാറ്റ് ചെയ്തപ്പോള്‍ ക്ലാസന്‍ പതിവുപോലെ അനായാസം ബൗണ്ടറികള്‍ നേടി. 23 പന്തില്‍ ഫിഫ്റ്റിയടിച്ച ക്ലാസന്‍ ഒടുവില്‍ ഫെര്‍ഗൂസനു മുന്നില്‍ വീണു. 31 പന്തില്‍ 67 റണ്‍സ് നേടിയ ക്ലാസന്‍ മൂന്നാം വിക്കറ്റില്‍ 66 റണ്‍സിന്റെ കൂട്ടുകെട്ടിലും പങ്കാളിയായി. അവസാന ഓവറുകളില്‍ മാര്‍ക്രം പതറിയെങ്കിലും അബ്ദുല്‍ സമദ് തുടര്‍ ബൗണ്ടറികളിലൂടെ അനായാസം സ്‌കോര്‍ ഉയര്‍ത്തി. 10 പന്തുകള്‍ നേരിട്ട സമദ് 37 റണ്‍സ് ആണ് നേടിയത്. സമദും 17 പന്തില്‍ 32 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രവും നോട്ടൗട്ടാണ്. 19 പന്തില്‍ അപരാജിതമായ 56 റണ്‍സും സഖ്യം കൂട്ടിച്ചേര്‍ത്തു.

Top