സിനിമയിലെ വേര്‍തിരിവുകളേക്കുറിച്ച് തുറന്നടിച്ച് മംമ്ത മോഹന്‍ദാസ്. ഏത് ഇന്‍ഡസ്ട്രി ആയാലും സൂപ്പര്‍താര പദവി ചിലര്‍ സ്വയം പ്രഖ്യാപിക്കുന്നതാണെന്നും അല്ലാതെ പ്രേക്ഷകര്‍ നല്‍കുന്നതല്ലെന്നും മംമ്ത പറഞ്ഞു. മലയാളത്തില്‍ ഒരു വലിയ നായിക തിരിച്ചുവരവ് നടത്തിയപ്പോള്‍ ആ സിനിമയില്‍ താന്‍ അഭിനയിച്ചു. എന്നാല്‍ താന്‍ നായികയായ ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ അവര്‍ വരാന്‍ സമ്മതിച്ചില്ലെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ മഹാരാജയുടെ പ്രചാരണപരിപാടിക്കിടെ ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തോടായിരുന്നു മംമ്തയുടെ പ്രതികരണം.
പലപ്പോഴും ചില അഭിനേതാക്കളെ മാറ്റി നിര്‍ത്താന്‍ ചിലര്‍ക്കു തോന്നുന്നത് അവരുടെ അരക്ഷിതാവസ്ഥ മൂലമാണെന്ന് മംമ്ത അഭിപ്രായപ്പെട്ടു. താന്‍ നായികയായി അഭിനയിച്ച ഒരുപാടു സിനിമകളില്‍ ധാരാളം നടിമാര്‍ സെക്കന്‍ഡ് ഹീറോയിന്‍ ആയി അഭിനയിച്ചിട്ടുണ്ട്. ഒരിക്കലും അവരുടെ ചിത്രം പോസ്റ്ററില്‍ വയ്ക്കരുതെന്നോ അവരെ സിനിമയില്‍ ഉള്‍പ്പെടുത്തരുതെന്നോ ഗാനചിത്രീകരണത്തില്‍ നിന്നു മാറ്റണമെന്നോ താനാവശ്യപ്പെട്ടിട്ടില്ല. കാരണം താനും പല ചിത്രങ്ങളില്‍ സെക്കന്‍ഡ് ഹീറോയിന്‍ ആയി വേഷമിട്ടിട്ടുണ്ടെന്നും തന്റെ കരിയറില്‍ എത്രയോ തവണ ഇടവേളകള്‍ സംഭവിച്ചിരിക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മലയാളത്തില്‍ ഒരു വലിയ നായിക തിരിച്ചുവരവ് നടത്തിയപ്പോള്‍ ആ സിനിമയില്‍ ഞാന്‍ സെക്കന്‍ഡ് ലീഡ് ആയി അഭിനയിച്ചിട്ടുണ്ട്. ആ അഭിനേത്രിയുടെ തിരിച്ചു വരവിനെ പിന്തുണയ്ക്കുന്നതിനാണ് ഞാന്‍ ആ വേഷം സ്വീകരിച്ചതുതന്നെ. പക്ഷേ, ഞാന്‍ ലീഡ് ചെയ്ത ഒരു സിനിമയില്‍ ഒരു അതിഥി വേഷത്തിനായി അവരെ വിളിച്ചപ്പോള്‍ അവര്‍ വരാന്‍ കൂട്ടാക്കിയില്ല. കാരണമെന്താണ് അരക്ഷിതത്വം! ഒരു വ്യക്തിയെന്ന നിലയിലോ ആര്‍ട്ടിസ്റ്റ് എന്ന നിലയിലോ ഞാന്‍ അരക്ഷിതാവസ്ഥ നേരിടുന്നില്ല. അതാണ് എന്നെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തയാക്കുന്നത്,”-മംമ്ത പറഞ്ഞു.
മറ്റൊരു സിനിമ നിര്‍ത്തിവെച്ചിട്ട് കുസേലന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പോയ അനുഭവവും മംമ്ത പറഞ്ഞു. ആ ചിത്രത്തിലെ ഗാനം തന്നെവെച്ച് ഷൂട്ട് ചെയ്യുമെന്ന് പറഞ്ഞിട്ടാണ് പോയതെന്നും എന്നാല്‍ ആകെ ഒരു ദിവസം ഏതാനും ചില ഷോട്ടുകള്‍ മാത്രമാണ് ഷൂട്ട് ചെയ്തതെന്നും അവര്‍ പറഞ്ഞു. പരാതിയൊന്നും പറയാതെ താനത് വിട്ടുകളയുകയാണ് ചെയ്തത്. വളരെ മുന്‍പുനടന്ന കാര്യങ്ങളായതിനാല്‍ ആരെങ്കിലും ചോദിച്ചാല്‍ മാത്രമേ ഇതൊക്കെ ഓര്‍ക്കാറുള്ളൂ. ഒരുപാടുപേര്‍ക്ക് ഇങ്ങനെയൊക്കെ സംഭവിക്കാറുണ്ടെന്നും മംമ്ത പറഞ്ഞു.