തിരുവനന്തപുരം: കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി. ദിവ്യക്കെതിരെ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അധികാരം കൈവരുമ്പോള്‍ പൊതുപ്രവര്‍ത്തകര്‍ക്ക് ആ അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ എന്തും ചെയ്യാം, എന്തും പറയാം എന്ന അവസ്ഥ നല്ലതല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇടതുപക്ഷക്കാർ അധികാരത്തിന്റെ ഹുങ്കിൽ ഇതുപോലെ പെരുമാറുന്നത് തെറ്റാണെന്ന പാഠമാണ് നവീൻ ബാബു സംഭവം നൽകുന്നത്. അതിന്റെ വിലപ്പെട്ട പാഠങ്ങൾ എല്ലാവരും പഠിക്കണം. ചെറുപ്പക്കാരിയായ സഖാവ് ആ പാഠം ഉൾക്കൊള്ളുവെന്നാണ് പ്രതീക്ഷയെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Also Read: പി സരിന് പാർട്ടി ചിഹ്നമില്ല
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിനെ പള്ളിക്കുന്നിലെ കോർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽനിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് തിങ്കളാഴ്ച കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യാത്രയയപ്പ് നൽകിയിരുന്നു. അതേസമയം എ.ഡി.എമ്മിനെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കയറിവന്ന ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മാസങ്ങളോളം വൈകിപ്പിച്ച എ.ഡി.എമ്മിന്റെ നടപടിയിൽ വിമർശനം ഉന്നയിച്ചു.
Also Read: വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ് റിയാസ്
ഇപ്പോൾ സ്ഥലംമാറ്റം വന്നതിനുശേഷം രണ്ടുദിവസം മുമ്പ് പെട്രോൾ പമ്പിന് അനുമതി നൽകിയെന്നും അത് എങ്ങനെയാണെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനകം അതിന്റെ വിവരങ്ങൾ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു. ഈ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പിറ്റേന്ന് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടത്. സംഭവം വിവാദമായതിന് പിന്നാലെ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സി.പി.എം നീക്കിയിരുന്നു.