ഡൽഹി: ഡൽഹിയിലെ കനത്ത മഴയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വെള്ളം കയറി വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. മരിച്ചവരിൽ ഒരു മലയാളിയുമുണ്ടെന്നാണ് വിവരം. ജെഎൻയുവിലെ ഗവേഷക വിദ്യാർഥിയായ എറണാകുളം സ്വദേശി നെവിൻ ഡാൽവിനാണ് മരിച്ചത്. നെവിനു പുറമേ ഉത്തർപ്രദേശ്, തെലങ്കാന സ്വദേശികളായ രണ്ടു വിദ്യാർഥിനികളും മരിച്ചു. ഡൽഹി പൊലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സിവിൽ സർവ്വീസ് പരിശീലന കേന്ദ്രത്തിന് സമീപം വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം സമരമായി മാറിയിട്ടുണ്ട്. സ്റ്റഡി സെന്ററിൽ വെള്ളക്കെട്ട് സ്ഥിരം പ്രശ്നമാണെന്നും ചെറിയൊരു മഴ പെയ്താൽ പോലും വെള്ളക്കെട്ടിൽ അകപ്പെടുന്ന അവസ്ഥയാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
റോഡിൽ നിന്നും മതിൽ തകർന്ന് ബേസ്മെന്റിലേക്ക് വെള്ളമിറങ്ങിയതാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ. വെള്ളം ഇരച്ചെത്തിയപ്പോൾ അതിനുള്ളിൽ കുടുങ്ങിയ മൂന്ന് വിദ്യാർത്ഥികളാണ് മരിച്ചത്. സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡൽഹിയിൽ ഇന്നലെ പെയ്ത ശക്തമായ മഴയിലാണ് ഓൾഡ് രാജേന്ദ്രർ നഗറിലെ റാവുസ് ഐഎഎസ് പഠന കേന്ദ്രത്തിന്‍റെ ബേസ്മെന്റിൽ വെള്ളം കയറിയത്. സ്ഥാപനത്തിൻ്റെ ലൈബ്രറിയാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ലൈബ്രറിയിൽ എത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. വെള്ളം കയറുമ്പോൾ 40 വിദ്യാർത്ഥികൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു.