ഇബ്രാഹിം റെയ്സി : ഇറാന്‍ പരമോന്നത നേതാവിന്റെ പിന്‍ഗാമിയായി കരുതിയിരുന്ന നേതാവ്

ഇബ്രാഹിം റെയ്സി : ഇറാന്‍ പരമോന്നത നേതാവിന്റെ പിന്‍ഗാമിയായി കരുതിയിരുന്ന നേതാവ്
ഇബ്രാഹിം റെയ്സി : ഇറാന്‍ പരമോന്നത നേതാവിന്റെ പിന്‍ഗാമിയായി കരുതിയിരുന്ന നേതാവ്

ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ പിന്‍ഗാമിയായി കരുതിയിരുന്ന നേതാവായിരുന്നു അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. ഇറാന്‍ ജുഡീഷ്യറിയിലും മതനേതൃത്വത്തിലും ആഴത്തില്‍ ബന്ധങ്ങളുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും ഏറ്റവും വലിയ ഷിയ തീര്‍ഥാടന കേന്ദ്രവുമായ മശ്ഹദില്‍ 1960ലാണ് റഈസിയുടെ ജനനം. അഞ്ചു വയസ്സായിരിക്കെ പിതാവ് മരിച്ച റഈസി 1979ല്‍ ആയത്തുല്ല റൂഹുല്ലാ ഖുമൈനി നയിച്ച ഇസ്‌ലാമിക വിപ്ലവത്തില്‍ പങ്കാളിയായി. 25ാം വയസ്സില്‍ തെഹ്‌റാന്‍ ഡെപ്യൂട്ടി പ്രോസിക്യൂട്ടറായി ഔദ്യോഗിക ജീവിതത്തിന് തുടക്കംകുറിച്ചു.

1988ല്‍ എല്ലാ രാഷ്ട്രീയ എതിര്‍പ്പുകളും അവസാനിപ്പിച്ച് എതിരാളികള്‍ക്ക് കൂട്ട മരണം വിധിച്ച നാല് ജഡ്ജിമാരില്‍ ഒരാളായി ആരോപിക്കപ്പെടുന്നു. എന്നാല്‍, മരണശിക്ഷ വിധിച്ചവരില്‍ താനില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. പിന്നീട് ജുഡീഷ്യറി ഉപമേധാവിയായ അദ്ദേഹം 2014ല്‍ ഇറാന്‍ പ്രോസിക്യൂട്ടര്‍ പദവിയിലെത്തി. രണ്ടുവര്‍ഷം കഴിഞ്ഞ് രാജ്യത്തെ ഏറ്റവും ശക്തമായ മതസ്ഥാപനമായ ആസ്താനെ ഖുദ്‌സ് റിസവിയുടെ തലപ്പത്ത് ആയത്തുല്ല ഖാംനഈ അദ്ദേഹത്തെ നിയമിച്ചു.

2017 ല്‍ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2019ല്‍ ജുഡീഷ്യറി മേധാവി പദവിയും തേടിയെത്തിയ റഈസി രണ്ടുവര്‍ഷത്തിനുശേഷം 2021 ജൂണില്‍ 62 ശതമാനം വോട്ടുനേടി പ്രസിഡന്റുമായി. വൈകാതെ, അടുത്ത പരമോന്നത ആത്മീയ നേതാവിനെ നിര്‍ണയിക്കാനുള്ള വിദഗ്ധ സഭയുടെ ഉപ ചെയര്‍മാന്‍ പദവിയിലും റഈസി നിയമിതനായി.

യുക്രെയ്ന്‍ അധിനിവേശത്തിനിടെ റഷ്യക്ക് ആയുധങ്ങളടക്കം നല്‍കി ഇബ്രാഹിം റഈസി പൂര്‍ണ പിന്തുണ നല്‍കുന്നത് യൂറോപ്പിനെ പ്രകോപിപ്പിച്ചിരുന്നു. അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയ ഇറാന്‍ നേതാക്കളുടെ പട്ടികയില്‍ റഈസിയുണ്ടായിരുന്നു. 2019ല്‍ ഡോണള്‍ഡ് ട്രംപ് ആണ് റഈസിക്ക് വിലക്കേര്‍പ്പെടുത്തിയത്.

Top