ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫിയുടെ പാക് അധീന കശ്മീരിലെ പര്യടനം റദ്ദാക്കി ഐ.സി.സി. 2025 ചാമ്പ്യൻസ് ട്രോഫി കിരീടവുമായി സാർദു, മുറീ, മുസഫറാബാദ് എന്നി മേഖലകളിൽ പര്യടനം നടത്താൻ നിശ്ചയിച്ചിരുന്നു. ഇതാണ് ഐ.സി.സി ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ബോർഡായ ബി.സി.സി.ഐയുടെ എതിർപ്പിനെ തുടർന്നാണ് തീരുമാനം. പാകിസ്താൻ ഈ സ്ഥലങ്ങളെ ചാമ്പ്യൻസ് ട്രോഫി പര്യടനം നടത്തുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ഐ.സി.സിയുടെ തീരുമാനം പുറത്ത് വന്നത്. പര്യടനം നവംബർ 16 മുതൽ 24 വരെ നടത്താനാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നിശ്ചയിച്ചിരുന്നത്.
നിലവിൽ എട്ട് ടീമുകൾ കളിക്കുന്ന ചാമ്പ്യൻസ് ട്രോഫി പാകിസ്താനിൽ ഫെബ്രുവരി-മാർച്ച് മാസങ്ങളിലായാണ് നടത്താൻ ഉദേശിച്ചത്. ചാമ്പ്യൻസ് ട്രോഫി മത്സരത്തിനായി പാകിസ്താനിലേക്ക് പോകില്ലെന്ന ഇന്ത്യയുടെ അറിയിപ്പോടെ ഈ ടൂർണമെന്റ് വിവാദത്തിലായിരിക്കുകയാണ്.
Also Read : രഞ്ജി ട്രോഫി ക്രിക്കറ്റിൽ കാംബോജിന്റെ വിളയാട്ടം
പാകിസ്ഥാനിൽ കളിക്കണമെങ്കിൽ ഹൈബ്രിഡ് രീതിയിൽ ടൂർണമെന്റ് നടത്തണമെന്നാണ് ഇന്ത്യയുടെ ആവശ്യം. എന്നാൽ, ഇത് അംഗീകരിക്കാൻ പാകിസ്താൻ തയാറായിട്ടില്ല. ചാമ്പ്യൻസ് ട്രോഫിക്കായി കറാച്ചിയിലേയും റാവൽപിണ്ടിയിലേയും സ്റ്റേഡിയങ്ങൾ നവീകരിക്കാൻ 17 ബില്യൺ രൂപയാണ് പാക് സർക്കാർ നൽകുന്നത്. ഇതിനിടയിലാണ് ടൂർണമെന്റിൽ നിന്നും പിന്മാറുമെന്ന ഇന്ത്യയുടെ പ്രഖ്യാപനം എത്തുന്നത്.