മുഖക്കുരു ഉണ്ടെങ്കിലും വരണ്ട ചര്‍മ്മമാണെങ്കിലുമെല്ലാം ധൈര്യമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ഐസ്. ചര്‍മ്മത്തില്‍ അടിഞ്ഞുകൂടുന്ന അഴുക്കുകള്‍ നീക്കം ചെയ്യാനും മുഖത്തെ പാടുകള്‍ കുറക്കാനും ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനുമെല്ലാം ഉത്തമമാണ് ഐസ്. ഉറങ്ങുന്നതിന് മുന്‍പ് ഐസ് ഉപയോഗിച്ച് മുഖം തുടക്കുന്നതിന്റെ ഗുണങ്ങള്‍ ഏറെയാണ്. മുഖത്ത് ഐസ് ഉപയോഗിച്ച് മൃദുവായി തടവുന്നത് രക്തചംക്രമണം വേഗത്തിലാക്കാന്‍ സഹായിക്കുന്നു, രക്തചംക്രമണം ചര്‍മ്മത്തിലെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ധാതുക്കളും വിറ്റാമിനുകളും മതിയായ അളവില്‍ ചര്‍മ്മത്തിലേക്ക് എത്താന്‍ സഹായിക്കുകയും ചെയ്യുന്നു. അമിതമായ സൂര്യപ്രകാശം, അലര്‍ജികള്‍, മറ്റ് ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവ മൂലം ചര്‍മ്മം ചൊറിഞ്ഞ് തടിക്കാനൊക്കെ കാരണമാകാറുണ്ട്. ചിലര്‍ക്ക് ചുവന്ന നിറത്തില്‍ ചര്‍മ്മത്തില്‍ പാട് രൂപ്പെടുകയും ചെയ്യും. ഈ ഭാഗങ്ങളില്‍ ഐസ് ഉപയോഗിക്കുന്നത് വലിയ ആശ്വാസം നല്‍കും.
ഐസ് ക്യൂബ് മസ്സാജ് രക്തക്കുഴലുകള്‍ സങ്കോചിക്കാന്‍ കാരണമാവുകയും അതുവഴി ഇത്തരം പ്രകോപനങ്ങള്‍ കുറയ്ക്കുകയും ചെയ്യും. ഡാര്‍ക്ക് സര്‍ക്കിളുകള്‍ കുറക്കാനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് ഐസ് പുരട്ടുന്നത്. പ്രത്യേകിച്ച് കണ്ണിനിടയില്‍ ഉണ്ടാകുന്ന കറുത്ത പാടുകള്‍. പ്രായമാകുന്നത് തടയുന്നു ചര്‍മ്മം പ്രായമാകുന്നത് തടയാനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണ് ഐസ് ഉപയോഗിച്ച് മുഖം തുടക്കുന്നത്. ഐസിന്റെ തണുപ്പ് ചര്‍മ്മം ഇറുകാന്‍ സഹായിക്കുകയും ചര്‍മ്മം ചുളിയുന്നത് തടയുകയും ചെയ്യുന്നു. ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. മുഖക്കുരു ഉള്ളവര്‍ ഐസ് ഉപയോഗിക്കുന്നത് നല്ലതാണ്. മാത്രമല്ല മുഖത്തെ രോമകൂപങ്ങള്‍ തുറന്നിരിക്കുന്നത് അടയാനും ഇവ സഹായിക്കുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും ലോലമായ ചര്‍മ്മം ഉള്ളവര്‍ ഐസ് പുരട്ടുന്നത് നന്നായി ശ്രദ്ധിക്കണം. അത് മാത്രമല്ല ഒരുപാട് നേരം ഐസ് ക്യൂബുകള്‍ മുഖത്ത് പുരട്ടുന്നതും ഉത്തമമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.കൂടുതല്‍ നേരം ചെയ്യുന്നതു വഴി ഇത് ചര്‍മ്മത്തില്‍ ചൊറിച്ചിലും തിണര്‍പ്പും അടക്കമുള്ള ലക്ഷണങ്ങളെ പ്രകടമായേക്കും.