ഐസിയു പീഡനക്കേസ്; അതിജീവിതയുടെ സമരം ഇന്നും തുടരും

ഐസിയു പീഡനക്കേസ്; അതിജീവിതയുടെ സമരം ഇന്നും തുടരും
ഐസിയു പീഡനക്കേസ്; അതിജീവിതയുടെ സമരം ഇന്നും തുടരും

കോഴിക്കോട്: ഐസിയു പീഡന കേസിലെ അതിജീവിതയുടെ സമരം ഇന്നും തുടരും. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന്റെ മുന്‍പില്‍ തെരുവിലാണ് സമരം നടത്തുന്നത്. ഡോക്ടര്‍ പ്രീതിയ്‌ക്കെതിരെയുള്ള പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ സമരം തുടരാനാണ് അതിജീവിതയുടെ തീരുമാനം.

കഴിഞ്ഞ ദിവസമാണ് ഐസിയു പീഡനക്കേസിലെ അതിജീവിത സമരം പുനരാരംഭിച്ചത്. കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ തന്നെയാണ് സമരം പുനരാരംഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന് പിന്നാലെ മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുന്ന കാര്യത്തില്‍ ഉത്തരമേഖല ഐജി ഉറപ്പ് നല്‍കിയിരുന്നു. ഐജി ഉറപ്പ് നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കമ്മീഷണര്‍ ഓഫീസിന് മുന്നിലെ സമരം അതിജീവിത താത്ക്കാലികമായി അവസാനിപ്പിച്ചിരുന്നു.എന്നാല്‍ നടപടികള്‍ വൈകിയതോടെയാണ് അതിജീവിത സമരം വീണ്ടും പുനരാരംഭിച്ചത്. അതിജീവിതയുടെ പരാതിയെക്കുറിച്ച് ഉത്തരമേഖല ഐജിയോട് അന്വേഷിക്കാനും വിഷയത്തില്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് 18നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയുവില്‍ ചികിത്സയില്‍ കഴിയവേ യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റന്‍ഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നിട്ടില്ല. നീതി വൈകിപ്പിക്കുകയാണെന്ന് പറഞ്ഞ് പിന്നീട് അതിജീവിത കോടതിയെ സമീപിച്ചിരുന്നു. ചികിത്സയില്‍ തുടര്‍ന്നിരുന്ന അതിജീവിതയെ ചീഫ് നഴ്‌സിങ് ഓഫീസര്‍, നഴ്‌സിങ് സൂപ്രണ്ട്, സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മൊഴി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ടായിരുന്നു.

റിപ്പോര്‍ട്ട് തേടി ഉത്തര മേഖല ഐജിയെ ഇന്നലെ വീണ്ടും അതിജീവിത കണ്ടെങ്കിലും എന്ന് ലഭ്യമാക്കുമെന്ന കാര്യത്തില്‍ ഉറപ്പൊന്നും കിട്ടിയിരുന്നില്ല. ഐജിയെ കീഴുദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചെന്നും അവര്‍ ആരോപിച്ചു. റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്ന ഉറപ്പ് ഐജി നല്‍കിയതിന് പിന്നാലെ നേരത്തേ നടത്തിയ സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഉറപ്പ് പാലിക്കാതിരുന്നതോടെയാണ് സമരം പുനരാരംഭിച്ചത്. ഡോക്ടര്‍ കെ വി പ്രീത വൈദ്യ പരിശോധന കൃത്യമായി നടത്താതെ കേസ് അട്ടിമറിച്ചു എന്നാണ് അതിജീവിതയുടെ പരാതി.

Top