സമ്പൂര്‍ണ്ണ നാശം ലക്ഷ്യം വെച്ചുള്ള നെതന്യാഹുവിന്റെ ആക്രമണങ്ങളില്‍ ഇതിനു മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത നഷ്ടമാണ് ഹിസ്ബുള്ളയുടെ നേതൃനിരയില്‍ ഇക്കുറി ഉണ്ടായിരിക്കുന്നത്. യുദ്ധം നെതന്യാഹുവിന്റെ നിലനില്പിനെ കൂടി ബാധിക്കുമെന്നതിനാല്‍ ഇനിയൊരു തിരിച്ചുപോക്കിനുള്ള സാധ്യതയും മങ്ങിത്തുടങ്ങിയിരിക്കുകയാണ്. ലെബനനിലെ ഹിസ്ബുള്ള സാധാരണക്കാരുടെ വീടുകള്‍ ആയുധപ്പുരകളാക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് ലെബനനെതിരായ ആക്രമണം ഇസ്രയേല്‍ കടുപ്പിച്ചത്.
”ഞങ്ങള്‍ ഹിസ്ബുള്ളയെ ആക്രമിക്കുന്നത് തുടരും. ലിവിംഗ് റൂമില്‍ മിസൈലും ഗ്യാരേജില്‍ റോക്കറ്റുമുള്ള ആര്‍ക്കും വീടില്ല” എന്നായിരുന്നു ആക്രമണത്തെ കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി എക്സില്‍ പങ്കുവെച്ചത്.” ഹിസ്ബുള്ളയുടെ നേതൃത്വത്തെയും ഇതുവരെ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട എല്ലാ ഉന്നത അംഗങ്ങളെയും ഇസ്രയേല്‍ എങ്ങനെയാണ് ലക്ഷ്യമിടുന്നതെന്ന് നോക്കാം.
അലി കരാക്കി
ഇസ്രയേല്‍ ലെബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രത്തില്‍ സെപ്റ്റംബര്‍ 23 ന് നടത്തിയ വ്യോമാക്രമണത്തില്‍ തിങ്കളാഴ്ച വൈകിട്ടാണ് അലി കരാക്കി കൊല്ലപ്പെട്ടത്. തെക്കന്‍ ലെബനനിലെ തീവ്രവാദ ഗ്രൂപ്പിന്റെ സൈനിക പ്രവര്‍ത്തനത്തിന് ഉത്തരവാദികളായ ഹിസ്ബുള്ളയുടെ ‘സതേണ്‍ ഫ്രണ്ട്’ എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തിന്റെ ചുമതലക്കാരനാണ് കരാക്കി. ഹിസ്ബുള്ളയുടെ സായുധ സേനയുടെ മൂന്നാമത്തെ കമാന്‍ഡറായ അദ്ദേഹം മുതിര്‍ന്ന കമാന്‍ഡര്‍മാരായ ഫുആദ് ഷുക്കറിന്റെയും ഇബ്രാഹിം അഖ്വിലിന്റെയും കൊലപാതകങ്ങള്‍ക്ക് ശേഷം ഹിസ്ബുള്ളയിലെ ഏറ്റവും മുതിര്‍ന്ന വ്യക്തിയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഗ്രൂപ്പിന്റെ ഓപ്പറേഷന്‍സ് ഡിവിഷന്റെ തലവനായി നേരത്തെ കൊല്ലപ്പെട്ട ഇബ്രാഹിം അഖ്വിലിന് പകരം കരാക്കിയെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു.
Also Read: മോദി സന്ദർശനത്തിനും മുന്‍പേ അമേരിക്കയുടെ രഹസ്യ ചർച്ച; ഇത് പ്രകോപനമോ നയതന്ത്രമോ?
ഇബ്രാഹിം അഖ്വില്‍
ഹിസ്ബുള്ളയുടെ ഉന്നത സംഘമായ റദ്‌വാന്‍ യൂണിറ്റിന്റെ യോഗം ചേരുന്നതിനിടെയാണ് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഹിസ്ബുള്ള കമാന്‍ഡര്‍ ഇബ്രാഹിം അഖ്വില്‍ കൊല്ലപ്പെടുന്നത്. കൂടെയുണ്ടായിരുന്നവരും മരണപ്പെട്ടു. ഇബ്രാഹിം അഖ്വിലിന്റെ തലയ്ക്ക് 7 മില്യണ്‍ ഡോളര്‍ പാരിതോഷികം അമേരിക്ക പ്രഖ്യാപിച്ചിരുന്നു. 1983 ല്‍ ലബനനിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിലും മറൈന്‍ ബാരക്കുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലും ഇദ്ദേഹത്തിന് പങ്കുള്ളതായി അമേരിക്ക ആരോപിക്കുന്നു. എംബസി ആക്രമണത്തില്‍ 63 പേരും മറൈന്‍ ബാരക്ക് ആക്രമണത്തില്‍ 241 പേരുമാണ് കൊല്ലപ്പെട്ടത്.
Also Read: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് പിന്നിൽ അമേരിക്കൻ ബുദ്ധി, ഇസ്രയേലിനെ മുൻ നിർത്തിയുള്ള ‘രാഷ്ട്രീയക്കളി’
ഇബ്രാഹിം ഖുബൈസി
സെപ്റ്റംബര്‍ 24 ന് ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ള കമാന്‍ഡര്‍ ഇബ്രാഹിം മുഹമ്മദ് ഖുബൈസി കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ മിസൈല്‍, റോക്കറ്റ് നെറ്റ്‌വര്‍ക്കിന്റെ കമാന്‍ഡറായിരുന്നു ഖുബൈസി. ഇബ്രാഹിം മുഹമ്മദ് ഖുബൈസി കൊല്ലപ്പെട്ടെന്ന വിവരം ഹിസ്ബുള്ള സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഹിസ്ബുള്ളയുടെ മുതിര്‍ന്ന സൈനിക നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്ന നിരവധി റോക്കറ്റ്, മിസൈല്‍ യൂണിറ്റുകളുടെ കമാന്‍ഡറായിരുന്ന ഖുബൈസി റോക്കറ്റ്, മിസൈല്‍ യൂണിറ്റുകളുടെ കമാന്‍ഡറായിരുന്നു.
Also Read: ഹിസ്ബുള്ളയുടെ കരുത്തില്‍ ഇസ്രയേലിന് ഇനി എത്രനാള്‍ പിടിച്ചുനില്‍ക്കാനാകും
ഫുവാദ് ഷുക്കര്‍
ജൂലൈയില്‍ ഭീകരസംഘടനയായ ഹിസ്ബുള്ളയുടെ മിലിട്ടറി കമാന്‍ഡര്‍ ഫുവാദ് ഷുക്കറിനെ ബെയ്റൂട്ടിലെ ഒരു വ്യോമാക്രമണത്തില്‍ ഇസ്രയേല്‍ വധിച്ചിരുന്നു. അമേരിക്കയെ പോലും അമ്പരപ്പിച്ച ഇസ്രയേല്‍ ഓപ്പറേഷന്‍. 1982-ലെ ഇസ്രയേല്‍ ലെബനന്‍ അധിനിവേശ സമയത്ത് ഹിസ്ബുള്ളയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു ഷുക്ര്‍ . ഇസ്രായേലിലെ ഗോലാനില്‍ 12 കുട്ടികള്‍ കൊല്ലപ്പെട്ട റോക്കറ്റ് ആക്രമണത്തിന്റെ സൂത്രധാരന്‍ ഫുവാദ് ഹിസ്ബുള്ള തലവന്‍ സയ്യിദ് ഹസന്‍ നസ്റല്ലയുടെ വലംകൈ കൂടിയായിരുന്നു. ഗൈഡഡ് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍, ലോംഗ് റേഞ്ച് റോക്കറ്റുകള്‍ തുടങ്ങി ഹിസ്ബുള്ളയുടെ നൂതനമായ ആയുധശ്രേണിയുടെ ഭൂരിഭാഗത്തിന്റെയും നിയന്ത്രണം അല്‍-ഹജ്ജ് മൊഹ്സിന്‍ എന്നും അറിയപ്പെടുന്ന ഷുക്കറിനായിരുന്നു.
1983-ല്‍ ബെയ്റൂട്ടിലെ യുഎസ് മറൈന്‍ ബാരക്കുകള്‍ക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ അമേരിക്കയ്ക്ക് നഷ്ടമായത് 241 സൈനികരുടെ ജീവനുകളാണ്. ഇതിന്റെ ഫലമായി അതായത് 50 ലക്ഷം അമേരിക്കന്‍ ഡോളറാണ് ഷുക്കറിന്റെ തലയ്ക്ക് അമേരിക്കയിട്ടിരുന്ന വില. ഇസ്രയേല്‍ രാഷ്ട്രത്തിനെതിരായി ഭീകരാക്രമണങ്ങള്‍ നടത്തുന്നവര്‍ക്ക് വിചാരണയില്ലാത്ത വധശിക്ഷ ആയിരിക്കും എന്നാണ് അന്ന് ആക്രമണത്തെ ചൂണ്ടിക്കാട്ടി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഗാലന്റ് പ്രതികരിച്ചത്.
മറ്റ് ഹിസ്ബുള്ള കമാന്‍ഡര്‍മാര്‍
നാസര്‍ റീജണല്‍ ഡിവിഷന്റെ കമാന്‍ഡര്‍ തലേബ് അബ്ദുള്ള, അസീസ് റീജണല്‍ ഡിവിഷന്‍ കമാന്‍ഡര്‍ മുഹമ്മദ് നാസര്‍ തുടങ്ങിയ മുതിര്‍ന്ന ഹിസ്ബുള്ള കമാന്‍ഡര്‍മാരെയും വധിച്ചതായി ഇസ്രായേല്‍ അവകാശപ്പെടുന്നു. ഇസ്രായേൽ യുദ്ധത്തിൽ മുന്നോട്ട് കുതിക്കുമ്പോൾ പോർക്കളത്തിൽ ഹിസ്ബുള്ളയുടെ തലവന്മാർ വെട്ടിവീഴ്ത്തപ്പെടുകയാണ്. ഖത്തറിലോ തുർക്കിയിലോ ലെബനനിലോ മറ്റെവിടെയെങ്കിലുമോ ആയാലും എല്ലാ ഹമാസ് നേതാക്കളും ഇസ്രായേലിന്റെ നിരീക്ഷണത്തിൽ ഇപ്പോഴും തുടരുകയാണ്.
MINNU WILSON