പാട്‌ന: അധികാരത്തിലെത്തിയാല്‍ ഉടന്‍ തന്നെ ബിഹാറിലെ മദ്യനിരോധനം അവസാനിപ്പിക്കുമെന്ന വാഗ്ദാനവുമായി ജന്‍ സൂരജ് അധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി തയ്യാറെടുപ്പുകളിലാണെന്നും അധികാരത്തിലെത്തി ഒരു മണിക്കൂറിനുള്ളില്‍ തന്നെ മദ്യനിരോധനം അവസാനിപ്പിക്കുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രതികരണം.
രാഷ്ട്രീയ ജനതാ ദള്‍(ആര്‍ജെഡി) നേതാവ് തേജസ്വി യാദവ് നടത്തുന്ന യാത്രയ്ക്ക് എല്ലാവിധ ആശംസകളും അറിയിക്കുന്നുവെന്നും അദ്ദേഹം ഇപ്പോഴെങ്കിലും വീടിന് പുറത്തിറങ്ങി പൊതുജനങ്ങളിലേക്കിറങ്ങുകയാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നതിന് കൂപ്പുകൈകളോടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മാപ്പ് പറഞ്ഞുവെന്ന തേജസ്വി യാദവിന്റെ പരാമര്‍ശത്തെക്കുറിച്ചും പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു. ഈ രണ്ട് നേതാക്കളും ബിഹാറിനെ നശിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
‘നിതീഷ് കുമാറും തേജസ്വി യാദവും തമ്മിലാണ് പ്രശ്‌നമുള്ളത്. ആര് ആരോട് മാപ്പ് പറഞ്ഞുവെന്നതിലല്ല, ഇരുവരും ബിഹാറിനെ നശിപ്പിച്ചവരാണ്. 30 വര്‍ഷമായി ഇരുവരെയും ബിഹാര്‍ ജനത കാണുന്നുണ്ട്. രണ്ട് പേരോടും ബിഹാര്‍ വിട്ടുപോകാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ പ്രശാന്ത് കിഷോര്‍ പറഞ്ഞു. ലാലു പ്രസാദ് യാദവിന്റെ മകനെന്നതിനുപരി ഒരു ബഹുമാനം നേടണമെങ്കില്‍ തേജസ്വി യാദവ് സ്വയം കഠിനാധ്വാനം ചെയ്യണമെന്നും തെളിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.