ഇന്ത്യാ മുന്നണിക്ക് സാധ്യത തെളിഞ്ഞാൽ, സുർജിതിനെ പോലുള്ള ഒരു കിങ് മേക്കറെയാണ് അനിവാര്യമായി വരിക

ഇന്ത്യാ മുന്നണിക്ക് സാധ്യത തെളിഞ്ഞാൽ, സുർജിതിനെ പോലുള്ള ഒരു കിങ് മേക്കറെയാണ് അനിവാര്യമായി വരിക
ഇന്ത്യാ മുന്നണിക്ക് സാധ്യത തെളിഞ്ഞാൽ, സുർജിതിനെ പോലുള്ള ഒരു കിങ് മേക്കറെയാണ് അനിവാര്യമായി വരിക

ജൂണ്‍ ഒന്നിന് ഡല്‍ഹിയില്‍ ചേരുന്ന ഇന്ത്യാ മുന്നണി യോഗം സ്വന്തം എം.പിമാരെ ബിജെപി റാഞ്ചാതിരിക്കാനുള്ള തന്ത്രങ്ങള്‍ക്കാണ് പ്രധാനമായും രൂപം നല്‍കുക. ബിജെപിയ്ക്കും അവരുടെ എന്‍ഡിഎ മുന്നണിയ്ക്കും ഒരു കാരണവശാലും കേവല ഭൂരിപക്ഷം ലഭിക്കില്ലന്നാണ് ഇന്ത്യാ മുന്നണി നേതൃത്വം കരുതുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യാ മുന്നണിയിലെ കക്ഷികളെ ഒപ്പം നിര്‍ത്താനും വിജയിച്ചു വരുന്ന എം.പിമാരെ ‘സ്വന്തം പാളയത്തില്‍ ഉറപ്പിച്ചു നിര്‍ത്താനും അതീവ ജാഗ്രത വേണമെന്നാണ് മുന്നണി നേതൃത്വം കരുതുന്നത്. ഇതോടെ ഉത്തരേന്ത്യയില്‍ നിന്നും വിജയിക്കുന്ന പ്രതിപക്ഷ എം.പിമാരെ കേരളം, കര്‍ണ്ണാടക, തെലങ്കാന, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള സാധ്യതയും ഏറെയാണ്. ഇക്കാര്യവും നേതാക്കള്‍ ചര്‍ച്ച ചെയ്യും. വിജയിച്ചു വരുന്ന തങ്ങളുടെ എം.പിമാരെ പഞ്ചാബില്‍ എത്തിക്കാനാണ് എ.എ.പി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഡല്‍ഹിയില്‍ എ.എ.പിയാണ് ഭരണം നടത്തുന്നതെങ്കിലും ഡല്‍ഹി പൊലീസ് കേന്ദ്രസര്‍ക്കാറിനു കീഴിലാണ് വരുന്നത്. ഇതാണ് പഞ്ചാബിനെ ആശ്രയിക്കാന്‍ എഎപിയെ പ്രേരിപ്പിച്ചിരിക്കുന്നത്. നിലവില്‍ പഞ്ചാബിലും ഭരണം നടത്തുന്നത് എ.എ.പി തന്നെയാണ്.

ഡല്‍ഹി, ഹരിയാന, യു.പി, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും വിജയിക്കുന്ന കോണ്‍ഗ്രസ്സിന്റെയും സമാജ് വാദി പാര്‍ട്ടിയുടെയും എം.പിമാര്‍ക്കുള്ള സുരക്ഷിത താവളവും പഞ്ചാബായിരിക്കുമെന്നാണ് സൂചന. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നും വിജയിക്കുന്നവരെ ഹിമാചല്‍ പ്രദേശിലേക്ക് മാറ്റുന്ന കാര്യവും കോണ്‍ഗ്രസ്സിന്റെ പരിഗണനയിലുണ്ട്. ഇന്ത്യാ സഖ്യം വലിയ വിജയ പ്രതീക്ഷ കാണുന്ന ബീഹാര്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കായി പശ്ചിമ ബംഗാള്‍, കര്‍ണ്ണാടക, തെലങ്കാന സംസ്ഥാനങ്ങളാണ് സജീവ പരിഗണനയില്‍ ഉള്ളത്. ഇതിനായി ചാര്‍ട്ടേര്‍ഡ് വിമാനവും ഒരുക്കി നിര്‍ത്തും. ഏത് സംസ്ഥാനത്തെ എം.പിമാര്‍ വന്നാലും അവര്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്ത്വം കേരള സര്‍ക്കാര്‍ നല്‍കുമെന്ന വാഗ്ദാനം ഇന്ത്യാ മുന്നിയിലെ ഘടക കക്ഷികള്‍ക്കു മുന്നില്‍ സിപിഎം നേതൃത്വവും വച്ചിട്ടുണ്ട്. ബിജെപിക്ക് ഒരു ഇടപെടലും നടത്താന്‍ ശേഷിയില്ലന്ന് നൂറ് ശതമാനവും ഉറപ്പിച്ചു പറയാവുന്ന സംസ്ഥാനവും ഇടതുപക്ഷം ഭരിക്കുന്ന കേരളമാണ്. ഇങ്ങനെ വിലയിരുത്താന്‍ പറ്റാവുന്ന രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്.

തൃണമൂല്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന പശ്ചിമ ബംഗാളിലും കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലും, കര്‍ണ്ണാടകയിലും, തെലുങ്കാനയിലും എല്ലാം ബിജെപിയുടെ സാന്നിധ്യവും സംഘടനാ സംവിധാനവും ശക്തമായതിനാല്‍ ഇവിടങ്ങളില്‍ പ്രതിപക്ഷ എം.പിമാര്‍ തമ്പടിച്ചാല്‍ എത്രമാത്രം സുരക്ഷിതരാണെന്ന ആശങ്കയും ഇന്ത്യാ മുന്നണി നേതൃത്വത്തിനുണ്ട്. ഈ സാഹചര്യവും നേതൃത്വത്തിന് പരിഗണിക്കേണ്ടതായി വരും.

എന്തിനേറെ ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന പഞ്ചാബില്‍ പോലും ഡല്‍ഹിയില്‍ ഇരുന്ന് ബിജെപി വിചാരിച്ചാല്‍ എന്തും നടത്താവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത് മറ്റാരെക്കാളും അറിയാവുന്നതും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തന്നെയാണ്. എങ്കിലും എ.എ.പിയുടെ പ്രഥമ പരിഗണന പഞ്ചാണ് തന്നെയാകാനാണ് സാധ്യത.

ഇന്ത്യാ മുന്നണിയിലെ ഘടക കക്ഷികള്‍ മുന്നണി വിട്ടുപോകാതിരിക്കാന്‍ അവരുമായി നിരന്തരം ബന്ധപ്പെടാനുള്ള ചുമതലയും ജൂണ്‍ ഒന്നിലെ യോഗത്തില്‍ നല്‍കും. കേവല ഭൂരിപക്ഷം പ്രതിപക്ഷ സഖ്യത്തിനു ലഭിച്ചാല്‍ അധികാര തര്‍ക്കത്തിന്റെ പേരില്‍ ഒരു ഭിന്നിപ്പും മുന്നണിയില്‍ ഉണ്ടാകരുതെന്നാണ് സിപിഎം നേതൃത്വം ആഗ്രഹിക്കുന്നത്. ഇക്കാര്യം കോണ്‍ഗ്രസ്സ് നേതൃത്വത്തോടും മുന്നണിയിലെ മറ്റു ഘടക കക്ഷികളോടും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ വ്യക്തമാക്കും. കേരളത്തിനും തമിഴ്‌നാടിനും പുറമെ പശ്ചിമ ബംഗാളിലും ബീഹാര്‍ രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലുമാണ് സിപിഎമ്മും ഇടതുപാര്‍ട്ടികളും വിജയം പ്രതീക്ഷിക്കുന്നത്. ഇവിടങ്ങളില്‍ തങ്ങളുടെ എം.പിമാര്‍ വിജയിച്ചാല്‍ അവരെ എങ്ങോട്ടും മാറ്റേണ്ടതില്ലന്നും ഇതിനകം തന്നെ സിപിഎം നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ബിജെപിയുടെ മോഹന വാഗ്ദാനങ്ങളില്‍പ്പെട്ട് ഒരു കമ്യൂണിസ്റ്റ് എം.പിയും പോകില്ലെന്ന കാര്യത്തില്‍ സിപിഎമ്മിന് ഒരു സംശയവുമില്ല. ഇത്തരമൊരു ആത്മവിശ്വാസം രാജ്യത്തെ മറ്റൊരു രാഷ്ട്രീയപാര്‍ട്ടിക്കും അവകാശപ്പെടാനില്ലെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

2019-ല്‍, മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ ഘട്ടത്തില്‍ നടന്ന റിസോര്‍ട്ട് രാഷ്ട്രീയത്തോട് മുഖംതിരിച്ച ഏക എംഎല്‍എയും സിപി എമ്മുകാരനായിരുന്നു. എന്‍സിപിയെ പിളര്‍ത്തി ബിജെപി അന്നു നടത്തിയ ആദ്യ ശ്രമത്തെ പരാജയപ്പെടുത്താന്‍ എംഎല്‍എമാരെ കൂട്ടത്തോടെ എന്‍സിപിയും കോണ്‍ഗ്രസ്സും ശിവസേനയും എല്ലാം റിസോര്‍ട്ടുകളിലേക്ക് മാറ്റിയപ്പോള്‍ വിനോദ് നിക്കോളെ എന്ന സിപിഎമ്മിന്റെ ഏക എംഎല്‍എ സ്വന്തം കുടിലില്‍ തന്നെയാണ് തങ്ങിയിരുന്നത്. അദ്ദേഹത്തെ ‘റാഞ്ചാന്‍ ‘ ആ ഗ്രാമത്തില്‍ എത്താന്‍ ഒരു കാവിക്കൂട്ടവും ധൈര്യപ്പെട്ടില്ലെന്നതും നാം ഓര്‍ക്കേണ്ടതുണ്ട്. അന്ന് ആ കമ്മ്യൂണിസ്റ്റ് പിന്തുടര്‍ന്ന പ്രത്യയശാസ്ത്ര ബോധം ലോകസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചു വരുന്ന എല്ലാ കമ്യൂണിസ്റ്റുകാരായ എം.പിമാര്‍ക്കും ഉണ്ടാകുമെന്നത് സിപിഎമ്മിനെ സംബന്ധിച്ച് 100ശതമാനവും ഉറപ്പുള്ള കാര്യമാണ്. എം.പിമാരുടെ എണ്ണം എത്ര തന്നെ ആയാലും ബിജെപി കൂടാരത്തിലേക്ക് പോകില്ലെന്ന് ഇന്ത്യാ മുന്നണിയ്ക്ക് ആദ്യം ഉറപ്പിക്കാവുന്ന പാര്‍ട്ടിയും മുന്നണിയും സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷം മാത്രമാണ്.

മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ അവസ്ഥയെ കുറിച്ച് ഇപ്പോഴും ഒരു നിഗമനത്തിലും എത്താന്‍ കഴിയുകയില്ല. തൃണമൂല്‍ കോണ്‍ഗ്രസ്സിനും ഡിഎംകെയ്ക്കും ആദ്യ ബിജെപി മന്ത്രിസഭയില്‍ അംഗമായ ഒരു ഭൂതകാലം ഉണ്ട്. അധികാരവും പദവിയും ലഭിക്കുമെന്ന് കണ്ടാല്‍ എത്രപേര്‍ കോണ്‍ഗ്രസ്സില്‍ നിന്നും മറുകണ്ടം ചാടുമെന്നതും കണ്ടറിയേണ്ട കാര്യം തന്നെയാണ്. അയോഗ്യതയെ അതിജീവിക്കാനുള്ള എണ്ണം കോണ്‍ഗ്രസ്സില്‍ നിന്നും ലഭിക്കുമെന്ന് കണ്ടാല്‍ ആ പാര്‍ട്ടിയെയും ബിജെപി പിളര്‍ത്താന്‍ ശ്രമിക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ള പക പോലെ പ്രത്യയശാസ്ത്രപരമായ കടുത്ത പക ബിജെപിയോടും സംഘപരിവാര്‍ രാഷ്ട്രീയത്തോടും ഇന്ത്യാ സഖ്യത്തിലെ മറ്റൊരു പാര്‍ട്ടിക്കും ഇല്ലെന്നതും നാം തിരിച്ചറിയേണ്ടതുണ്ട്. അവരെല്ലാം ഇപ്പോള്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായത് തന്നെ രാഷ്ട്രീയ നിലനില്‍പ്പിനു വേണ്ടിയാണ്. അത് വ്യക്തിപരമായ താല്‍പ്പര്യമായി രൂപാന്തരം പ്രാപിക്കുമ്പോള്‍ കാലുമാറ്റത്തിനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതു കൊണ്ടു തന്നെ ഇന്ത്യാ സഖ്യത്തിന് കേവല ഭൂരിപക്ഷം കിട്ടിയാല്‍ പോലും രാഷ്ട്രീയ അട്ടിമറിക്കുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയുന്നതല്ല.

ഇവിടെയാണ് ശക്തനായ ഒരു നേതാവിന്റെ നേതൃത്വം ഇന്ത്യാ മുന്നണിയ്ക്ക് ആവശ്യമായി വരുന്നത്. 25-ല്‍ അധികം പാര്‍ട്ടികള്‍ അടങ്ങുന്ന ഇന്ത്യാ മുന്നണിക്ക് ഹര്‍കിഷന്‍ സിങ് സുര്‍ജിതിനെ പോലെ ശക്തനായ ഒരു കിംങ് മേക്കറെയാണ് ഇപ്പോള്‍ ആവശ്യം. മുന്നണിയില്‍ നിന്നും ഘടക കക്ഷികള്‍ പോകാതെ നോക്കാനും അവരെ ഒപ്പം നിര്‍ത്തി സര്‍ക്കാര്‍ ഉണ്ടാക്കാനും പ്രത്യേക കഴിവ് തന്നെ ആവശ്യമാണ്. മാത്രമല്ല ഇന്ത്യാ മുന്നണിയില്‍ ഇല്ലാത്ത ബിജു ജനതാദളിനെയും വൈ.എസ് ആര്‍ കോണ്‍ഗ്രസ്സിനെയും ഒപ്പം കൂട്ടേണ്ടതും ഇന്ത്യാ മുന്നണിയെ സംബന്ധിച്ച് അനിവാര്യമായ കാര്യമാണ്. അത്തരം ഇടപെടല്‍ നടത്താന്‍ ശേഷിയുള്ള നേതാവിനെയാണ് ഇന്ത്യാ മുന്നണിയ്ക്ക് ഇപ്പോള്‍ ആവശ്യമായിട്ടുള്ളത്. വി.പി സിംഗ് മുതല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന എല്ലാ മൂന്നാംമുന്നണി സര്‍ക്കാറിനു പിന്നിലും കിങ് മേക്കറായി പ്രവര്‍ത്തിച്ചിരുന്നത് അക്കാലത്ത് സിപിഎം ജനറല്‍ സെക്രട്ടറി ആയിരുന്ന ഹര്‍കിഷന്‍സിങ് സുര്‍ജിത് ആയിരുന്നു.

ഒടുവില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്തിരുത്താന്‍ ഒന്നാം യുപിഎ സര്‍ക്കാരുണ്ടാക്കാന്‍ ചുക്കാന്‍ പിടിച്ചതും ഇതേ ഹര്‍കിഷന്‍ സിങ് സുര്‍ജിത് തന്നെയാണ്. ഇങ്ങനെ പിന്തുണച്ച ഒരു സര്‍ക്കാറിലും സിപിഎം പങ്കാളി ആയിരുന്നില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്. എന്തിനേറെ സിപിഎം നേതാവ് ജോതിഭസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള ഓഫര്‍ പോലും നിരസിച്ച പാര്‍ട്ടിയാണ് സിപിഎം. അന്നൊക്കെ സുര്‍ജിതിന് ഒപ്പം നടന്ന് സര്‍ക്കാര്‍ രൂപീകരണ യോഗങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന നേതാവാണ് സീതാറാം യെച്ചൂരി. ഇപ്പോള്‍ സുര്‍ജിത് ഇരുന്ന സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്നതും അതേ യെച്ചൂരി തന്നെയാണ്. ബിജെപിക്ക് ബദല്‍ ഉണ്ടാക്കിയ രാഷ്ട്രീയ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് സീതാറാം യെച്ചൂരി. പഴയ കരുത്ത് ഇന്ന് സിപിഎമ്മിനും ഇടതുപാര്‍ട്ടികള്‍ക്കും ദേശീയ തലത്തില്‍ ഇല്ലെങ്കിലും അധികാരത്തിന്റെ അപ്പക്കഷ്ണം വേണ്ട എന്ന നിലപാടില്‍ സിപിഎമ്മിന് അന്നും ഇന്നും ഒരേ നിലപാട് തന്നെയാണ് ഉള്ളത്. ഇതു തന്നെയാണ് മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ സിപിഎമ്മിന്റെ സ്വീകാര്യതയും വര്‍ദ്ധിപ്പിക്കുന്നത്. തേജസ്വി യാദവിന്റെ പിതാവ് ലാലു പ്രസാദ് യാഥവിനും അഖിലേഷ് യാഥവിന്റെ പിതാവ് മുലായംസിങ്ങ് യാഥവിനും മാത്രമല്ല കോണ്‍ഗ്രസ്സ് നേതാവ് സോണിയ ഗാന്ധിക്കും യെച്ചൂരിയുടെ കഴിവില്‍ സംശയം ഉണ്ടാകുകയില്ല. അതുകൊണ്ടു തന്നെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യാ സഖ്യത്തിന് സര്‍ക്കാറുണ്ടാക്കാന്‍ എന്തെങ്കിലും സാധ്യത ലഭിച്ചാല്‍ സുര്‍ജിതിനെ പോലെ കിങ് മേക്കറാവാന്‍ ഇപ്പോള്‍ ഏറ്റവും അധികം സാധ്യത കല്‍പ്പിക്കപ്പെടുന്നതും സീതാറാം യെച്ചൂരിക്ക് തന്നെ ആയിരിക്കും.

EXPRESS KERALA VIEW

Top