ഇറാനെ ആക്രമിച്ചാൽ, അമേരിക്കൻ പടക്കപ്പലുകൾ കടലിൽ മുക്കാൻ പദ്ധതി തയ്യാറാക്കി ഹൂതികൾ !

ഇറാനെ ആക്രമിച്ചാൽ, അമേരിക്കൻ പടക്കപ്പലുകൾ കടലിൽ മുക്കാൻ പദ്ധതി തയ്യാറാക്കി ഹൂതികൾ !
ഇറാനെ ആക്രമിച്ചാൽ, അമേരിക്കൻ പടക്കപ്പലുകൾ കടലിൽ മുക്കാൻ പദ്ധതി തയ്യാറാക്കി ഹൂതികൾ !

റാന്‍-ഇസ്രയേല്‍ യുദ്ധമുണ്ടായാല്‍ അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെ ചാരമാക്കുമെന്ന വാര്‍ത്തകളാണ് അമേരിക്കന്‍ അനുകൂല മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ച് വരുന്നത്. അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ സംഘര്‍ഷ മേഖലയില്‍ എത്തിയതായ റിപ്പോര്‍ട്ടുകള്‍ കൂടി പുറത്ത് വന്നതോടെ ഇത്തരം പ്രചരണങ്ങള്‍ക്ക് ശക്തിയും കൂടിയിട്ടുണ്ട്.

എന്തിനേറെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ മുതല്‍ യൂട്യൂബ് ചാനലുകള്‍ വരെ അമേരിക്കയുടെയും ഇസ്രയേലിന്റെയും നാവായാണ് പ്രവര്‍ത്തിക്കുന്നത്. ഇസ്രയേലിനെ ആക്രമിച്ചാല്‍ ഇറാന്റെ അവസാനമാകും എന്ന് പറയുന്ന ഇത്തരം മാധ്യമങ്ങള്‍ റഷ്യ-യുക്രെയിന്‍ യുദ്ധത്തില്‍ റഷ്യ പരാജയപ്പെടുമെന്ന് വരെ പ്രവചിച്ച് കഴിഞ്ഞിട്ടുണ്ട്.

റഷ്യ എന്താണെന്നോ ഇറാന്‍ എന്താണെന്നോ കൃത്യമായി മനസ്സിലാക്കാതെയുള്ള നിഗമനങ്ങളാണിത്. പുതിയ കാലത്ത് ഏകപക്ഷീയമായ വിജയം ഒരു രാജ്യത്തിനും സാധ്യമല്ല. യുദ്ധമുണ്ടായാല്‍ ഇരു ചേരികള്‍ക്കും വലിയ നാശനഷ്ടമാണ് ഉണ്ടാകുക. ഭൂമിയെ തന്നെ നശിപ്പിക്കാന്‍ ശേഷിയുള്ള ആയുധങ്ങള്‍ റഷ്യയുടെയും അമേരിക്കയുടെയും പക്കലുണ്ട്. അതവര്‍ പുറത്തെടുക്കാതിരിക്കുന്നതാണ് ഈ ലോകത്തിന് നല്ലത്.

ഇവിടെ നഷ്ടപ്പെടാന്‍ ഏറ്റവും അധികം ഉള്ളത് അമേരിക്കയ്ക്ക് ആണ്. കാരണം ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തി അവരാണ്. അതുകൊണ്ട് തന്നെ ജാഗ്രതയോടെ ഇപ്പോഴത്തെ ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷത്തെ സമീപിച്ചില്ലെങ്കില്‍ ആദ്യം വിവരമറിയുക അമേരിക്ക ആയിരിക്കും. ഇറാന്‍ സൈന്യവും ഇറാന് ഒപ്പം നില്‍ക്കുന്ന വിവിധ ഗ്രൂപ്പുകളിലെ പോരാളികളും മരണത്തെ ഭയമില്ലാത്തവരാണ്. പോരാടി മരിക്കുന്നതില്‍ വല്ലാത്ത ആനന്ദം കണ്ടെത്തുന്ന ഇത്തരം പടയാളികളെ ഇസ്രയേലും അമേരിക്കയും ഭയക്കുക തന്നെ വേണം.

നിരവധി കപ്പലുകളില്‍ ഉള്‍പ്പെടെ മിന്നലാക്രമണം നടത്തി ലോക രാജ്യങ്ങളെ ഞെട്ടിച്ച ഹൂതികള്‍ ഇറാന്റെ നിര്‍ദ്ദേശത്തിനായി കാത്തിരിക്കുകയാണ്. ഏത് ആധുനിക റഡാറുകളെയും വെട്ടിച്ച് ആക്രമണം നടത്താന്‍ ശേഷിയുള്ള ആയിരക്കണക്കിന് ഡ്രോണുകളും മിസൈലുകളും ഇവരുടെ പക്കലുണ്ട്. ഇതെല്ലാം തന്നെ ഇറാന്‍ നല്‍കിയിട്ടുള്ളതാണ്.

പാശ്ചാത്യ മാധ്യമലോകം വീരാരാധനയോടെ കാണുന്ന അമേരിക്കന്‍ പടക്കപ്പലുകളെവരെ ആക്രമിക്കാനുള്ള ചങ്കൂറ്റവും ഹൂതികള്‍ക്കുണ്ട്. കടലില്‍ മറഞ്ഞിരുന്ന് ആക്രമണം നടത്താനുള്ള ഹൂതികളുടെ കഴിവ് എത്രയാണ് എന്നത് അവര്‍ ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞിട്ടുള്ളതാണ്.

മാത്രമല്ല, ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇതുവരെ നേരിട്ട് ഇടപെട്ടിട്ടില്ലെങ്കിലും, അമേരിക്ക ഇടപെടുന്നതോടെ റഷ്യ എന്ത് നിലപാട് സ്വീകരിക്കുമെന്നതും പ്രസക്തമായ കാര്യമാണ്. ഇതിനകം തന്നെ റഷ്യയുടെ നിരവധി മാരക ആയുധങ്ങള്‍ ഇറാനില്‍ എത്തിയതായി അമേരിക്ക തന്നെ സംശയിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍, അത് ഹൂതികളുടെ കൈവശം ഇതിനകം തന്നെ എത്തിയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയുകയില്ല.

ഒരു അമേരിക്കന്‍ പടക്കപ്പലിനെ മുക്കുക എന്നു പറഞ്ഞാല്‍, അത് അമേരിക്കയെ മുക്കുന്നതിന് തുല്യമാണ്. അങ്ങനെ ഒന്നും സംഭവിക്കില്ല എന്ന് ഇപ്പോള്‍ അമേരിക്കയ്ക്ക് പോലും ഉറപ്പിച്ച് പറയാന്‍ സാധിക്കുകയില്ല. അമേരിക്കന്‍ ഇടപെടലിന്റെ തോതിന് അനുസരിച്ചായിരിക്കും ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തിന്റെ ഗതിമാറ്റം സംഭവിക്കുക. ഇറാന്‍ ചേരിയില്‍ റഷ്യയും ഉത്തര കൊറിയയും ഉള്‍പ്പെടെ നിലയുറപ്പിച്ചാല്‍ അമേരിക്കയാണ് ശരിക്കും പ്രതിരോധത്തിലായി പോകുക. അമേരിക്ക വരെ എത്തുന്ന മിസൈല്‍ അമേരിക്കയിലേക്ക് തന്നെ പരീക്ഷിക്കുക എന്നത് കമ്യൂണിസ്റ്റ് രാജ്യമായ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ജീവിതത്തിലെ തന്നെ വലിയ സ്വപ്നമാണ്.

പശ്ചിമേഷ്യ യുദ്ധഭീതിയില്‍ നിലനില്‍ക്കെ അമേരിക്കയുടെ സഖ്യരാജ്യമായ ദക്ഷിണ കൊറിയയിലേക്ക് മാലിന്യങ്ങള്‍ നിറച്ച വലിയ ബലൂണുകള്‍ പറത്തിവിട്ടാണ് ഉത്തര കൊറിയ നിലവില്‍ അമേരിക്കന്‍ ചേരിയെ പ്രകോപിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഇത് ഇസ്രയേലിനെ സഹായിക്കാന്‍ ഇറങ്ങിയ അമേരിക്കയെ പ്രതിരോധത്തിലാക്കാന്‍ വേണ്ടിയാണെന്നാണ് നയതന്ത്ര വിദഗ്ധരും കരുതുന്നത്.

ഉത്തര കൊറിയക്ക് നേരെ അമേരിക്ക തിരിഞ്ഞാല്‍, ഉത്തര കൊറിയയുടെ സഖ്യരാജ്യമായ ചൈനയ്ക്കും നേരിട്ട് ഇടപെടേണ്ടതായി വരും. റഷ്യയ്ക്ക് പിന്നാലെ ചൈനയെ കൂടി പ്രകോപിപ്പിച്ചാല്‍ പിന്നെ പിടിച്ചുനില്‍ക്കാന്‍ അമേരിക്കന്‍ സഖ്യകക്ഷികള്‍ ഒറ്റക്കെട്ടായി വന്നാലും കഴിയുകയില്ല. യഥാര്‍ത്ഥത്തില്‍ ചക്രവ്യൂഹത്തില്‍ അകപ്പെടാന്‍ പോകുന്നത് അമേരിക്കയാണ്. ഇസ്രയേലിനെ സഹായിക്കാന്‍ പോയി സ്വയം നാശം ചോദിച്ച് വാങ്ങുന്ന ഏര്‍പ്പാടാണിത്.

ഹൂതികള്‍ക്ക് പുറമെ ലെബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയും ഇറാനൊപ്പം ആയുധങ്ങള്‍ സമാഹരിച്ച് ആക്രമിക്കാന്‍ ഒരുങ്ങിയിരിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. അതിന്റെ ട്രയലും നടന്നു കഴിഞ്ഞിട്ടുണ്ട്. യുദ്ധമുഖത്ത് ആയുധ കരുത്തിനേക്കാള്‍ തന്ത്രങ്ങള്‍ക്കാണ് പ്രാധാന്യമുള്ളത്. വിയറ്റ്‌നാം എന്ന കൊച്ചു രാജ്യത്ത് നിന്നും അമേരിക്കന്‍ സൈന്യത്തിന് തോറ്റോടേണ്ടി വന്നതും അതുകൊണ്ടാണ്. ആ ചരിത്രം ഇറാനും അവരോടൊപ്പം നില്‍ക്കുന്ന സായുധ സംഘങ്ങള്‍ക്കും ശരിക്കും അറിയാം. ഭയം എന്നത് എന്താണെന്ന് പോലും അറിയാത്തവരാണ് ഈ പേര്‍ഷ്യന്‍ പോരാളികള്‍. അതും നാം അറിയേണ്ടതുണ്ട്.

ലോകത്തിലെ ഏറ്റവും ശക്തമായ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉള്ള രാജ്യമാണ് അമേരിക്ക. ആ അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനത്തെ തകര്‍ത്ത് തരിപ്പണമാക്കിയ ചരിത്രം ഇറാനും ഹൂതികള്‍ക്കും ഉണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറാന്‍ സൈനിക കമാന്‍ഡറായ ഖാസിം സുലൈമാനിയെ ഇറാഖില്‍ വച്ച് അമേരിക്ക കൊലപ്പെടുത്തിയപ്പോള്‍ ഇറാഖിലെ അമേരിക്കയുടെ സൈനിക താവളങ്ങള്‍ ആക്രമിച്ചാണ് ഇറാന്‍ തിരിച്ചടിച്ചിരുന്നത്. അന്ന് ഇറാന്‍ ഉപയോഗിച്ചത് പ്രധാനമായും രണ്ട് മിസൈലുകളാണ്. ക്വിയാം, ഫത്തേ എന്നീ രണ്ട് ഹ്രസ്വ-ദൂര മിസൈലുകളാണത്. 180 മൈലിലധികം ദൂരത്തില്‍ കൃത്യതയോടെ, ഗൈഡഡ് 500 എല്‍ബി ബോംബുകള്‍ എത്തിക്കാന്‍ കഴിയുന്നതാണ് ഈ മിസൈലുകള്‍. ഇറാഖിലെ അമേരിക്കന്‍ സൈനിക സഖ്യസേനയ്ക്ക് ആതിഥേയത്വം വഹിക്കുന്ന രണ്ട് ലക്ഷ്യങ്ങളിലാണ് ഈ മിസൈലുകള്‍ പതിച്ചിരുന്നത്. അതും അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്ത് തരിപ്പണമാക്കി കൊണ്ടായിരുന്നു.

പടിഞ്ഞാറന്‍ ഇറാഖിലെ, ഐന്‍ അല്‍ ആസാദിലെയും ഇറാഖി കുര്‍ദിസ്ഥാനിലെ എര്‍ബിലിനു ചുറ്റുമുള്ള യുഎസ് സൈനിക താവളങ്ങളിലും ആക്രമണം നടത്താന്‍ രണ്ടുതരം ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ ഉപയോഗിച്ചത്. ഉപയോഗിച്ച മിസൈലുകളില്‍ ഭൂരിഭാഗവും ! 300 കിലോമീറ്റര്‍ സഞ്ചരിക്കാവുന്നതും 500 എല്‍ബി പേലോഡ് വഹിക്കാന്‍ ശേഷിയുള്ളതുമായ ഫത്തേ -110 ആണെന്നാണ് അമേരിക്കന്‍ ഏജന്‍സികളും പിന്നീട് സ്ഥിരീകരിച്ചിരുന്നത്.

ഇറാന്‍ നിര്‍മിച്ച ഷോര്‍ട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലായ ക്വിയാം -1 ഉപയോഗിച്ചതായും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 500 മൈല്‍ പരിധിയില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ള ക്വിയാം 1 ന് 750 എല്‍ബി വാര്‍ഹെഡുകള്‍ വഹിക്കാന്‍ വരെ കഴിയും. ഇറാനിയന്‍ വിദഗ്ധര്‍ തന്നെ രൂപകല്‍പ്പന ചെയ്ത ഹ്രസ്വ-ദൂര ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് പ്രയോഗിക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍ ഏത് സ്ഥലത്തുനിന്നും വിക്ഷേപിക്കാന്‍ കഴിയുന്നതാണ്. ഈ മിസൈലുകളെല്ലാം തന്നെ മിഡില്‍ ഈസ്റ്റിലെ യുഎസ് താവളങ്ങള്‍ ലക്ഷ്യമിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

രണ്ട് മിസൈലുകളും ഇറാനിലെ തബ്രിസ്, കെര്‍മാന്‍ഷാ പ്രവിശ്യകളില്‍ നിന്നാണ് അന്ന് വിക്ഷേപിച്ചിരുന്നത്. ഇറാനില്‍ നിന്നാണ് ഈ മിസൈലുകള്‍ വിക്ഷേപിച്ചതെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് വക്താവ് ജോനാഥന്‍ ഹോഫ്മാനും പരസ്യമായി വ്യക്തമാക്കിയ കാര്യമാണ്. ഐന്‍ അല്‍ ആസദിലെയും എര്‍ബിലിലെയും ആക്രമണങ്ങള്‍ കുറഞ്ഞത് രണ്ട് ഇറാഖ് സൈനിക താവളങ്ങളെങ്കിലും ലക്ഷ്യമിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഇറാന്റെ ആക്രമണം മുന്‍കൂട്ടി കണ്ട് സൈനികരെയും ഉന്നത ഉദ്യോഗസ്ഥരെയും മാറ്റിയതുകൊണ്ട് മാത്രമാണ് അന്ന് അമേരിക്കയ്ക്ക് വലിയ നാശം സംഭവിക്കാതിരുന്നത്. അതല്ലാതെ മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ മികവ് കൊണ്ടല്ല. ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനത്തെ വാനോളം പുകഴ്ത്തുന്നവര്‍ ഈ യാഥാര്‍ത്ഥ്യവും തിരിച്ചറിയുന്നത് നല്ലതായിരിക്കും. ഇസ്രയേലിനോട് മാത്രമല്ല, അമേരിക്കയോടും തീര്‍ക്കാന്‍ ഒരുപാട് കണക്കുകള്‍ ഇറാന് ബാക്കിയുണ്ട്. ഇറാന് മാത്രമല്ല ലോകത്തെ മിക്ക രാജ്യങ്ങള്‍ക്കും ലോക പോലീസ് ചമയുന്ന അമേരിക്കയോട് തീര്‍ക്കാന്‍ അത്തരമൊരു കണക്കുണ്ട്. അമേരിക്കന്‍ ചേരിക്ക് തിരിച്ചടി ലഭിച്ചെന്ന് കണ്ടാല്‍ ആ ക്ഷണം, അവരെല്ലാം കൂടി രംഗത്ത് വരുമെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

EXPRESS VIEW

( വീഡിയോ കാണുക )

Top