ലോകസഭ തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് വിശദമായി ചർച്ച ചെയ്ത സിപിഎം സംസ്ഥാന നേതൃത്വം തോൽവി സംബന്ധമായ പാർട്ടി നിലപാട് ഇപ്പോൾ പരസ്യമായി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും നേട്ടമുണ്ടാക്കിയാലും ഇതുസംബന്ധമായി കൃത്യമായ വിശകലനം നടത്തി താഴെ തട്ടിൽ റിപ്പോർട്ട് ചെയ്യുന്ന ഒറ്റ വിഭാഗമേ രാജ്യത്തൊള്ളൂ. അത് സിപിഎം ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റു പാർട്ടികളാണ്. ഈ നിലപാടിനെ അഭിനന്ദിക്കുമ്പോൾ തന്നെ സിപിഎം നേതൃത്വത്തിനു പറ്റിയ പിഴവുകളും തുറന്നു പറയാതിരിക്കാൻ കഴിയുകയില്ല. ദിർഘ വീക്ഷണം എന്ന ഒന്ന്, നിലവിലെ സിപിഎം നേതൃത്വത്തിന് ഉണ്ടായിരുന്നു എങ്കിൽ ഇപ്പോൾ നേരിട്ട തിരിച്ചടി ഒഴിവാക്കാമായിരുന്നു എന്നത് എം.വി ഗോവിന്ദൻ്റെ വിശദീകരണം പരിശോധിച്ചാൽ സാമാന്യ ബോധ്യമുള്ള ആർക്കും തന്നെ മനസ്സിലാകും. അതെന്തായാലും ചൂണ്ടിക്കാണിക്കാതിരിക്കാൻ കഴിയുകയില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ വീഴ്ച പറ്റിയെന്ന് പറയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, അതിൻ്റെ ധാർമ്മിക ഉത്തരവാദിത്വം ആർക്കാണെന്നതും അക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നതും വ്യക്തമാക്കേണ്ടതുണ്ട്. തോമസ് ഐസക്ക് പറഞ്ഞത് പോലെ സിപിഎം എന്നത് പാർട്ടിക്കാരുടെ മാത്രം പാർട്ടിയല്ല ജനങ്ങളുടെ പാർട്ടിയാണ്.
അങ്ങനെയുള്ള ഒരു പാർട്ടിക്ക് ജനങ്ങളുടെ മനോഭാവം മനസ്സിലാക്കാൻ പറ്റിയില്ല എന്നു പറഞ്ഞാൽ സംഘടനാ പരമായ ഗുരുതര വീഴ്ച തന്നെയാണ്. ഇക്കാര്യത്തിൽ സിപിഎം സംസ്ഥാന നേതൃത്വത്തിനും ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. ഈ വീഴ്ചയ്ക്ക് ചികിത്സ നൽകാതെ സ്വയം വിമർശനം മാത്രം നടത്തിയതു കൊണ്ട് ഒരു കാര്യവുമില്ല.
എം.വി ഗോവിന്ദൻ തോൽവിക്ക് പ്രധാനമായും ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഏതൊരു സിപിഎം അനുഭാവിക്കും ബോധ്യമുള്ള കാര്യവുമാണെന്നതും ഓർക്കുന്നത് നല്ലതാണ്. ദേശീയ തലത്തിൽ ഇടതുപക്ഷം സർക്കാരുണ്ടാക്കില്ലെന്ന തോന്നലും മുസ്ലിം രാഷ്ട്രീയം വേണമെന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി അടക്കം യുഡിഎഫിനൊപ്പം മുന്നണി പോലെ ഇടതുപക്ഷത്തിനെതിരെ പ്രവർത്തിച്ചതുമാണ് തിരിച്ചടിക്ക് പ്രധാന കാരണമായി സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടുന്നത്. ഇത്തരം നീക്കങ്ങളെ തിരഞ്ഞെടുപ്പിന് മുൻപ് മനസ്സിലാക്കി പ്രതിരോധിക്കാൻ സിപിഎമ്മിനെപ്പോലെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു പാർട്ടിക്ക് കഴിഞ്ഞിട്ടില്ലന്നു പറഞ്ഞാൽ എന്തായാലും വിശ്വസിക്കാൻ പ്രയാസമാണ്. സിപിഎം അണികൾക്കും അനുഭാവികൾക്കും ഇക്കാര്യങ്ങളിൽ കൃത്യമായ ധാരണ ഉണ്ടായിരുന്നു എന്നതും ഉറപ്പാണ്. എന്നാൽ കാര്യങ്ങൾ കൈവിട്ടു പോയത് അവരുടെ മാത്രം വീഴ്ച കൊണ്ടായിരുന്നില്ല. സിപിഎമ്മിൻ്റെ സംഘടനാ രീതി വച്ചു നോക്കുമ്പോൾ അങ്ങനെ കരുതാനും കഴിയുകയില്ല. ഇവിടെ നേതൃത്വത്തിനാണ് ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത്. മേൽ പറഞ്ഞ കാരണങ്ങൾ ചില മണ്ഡലങ്ങളിൽ പരാജയത്തിന് കാരണമായിട്ടുണ്ടെങ്കിലും ഒരിക്കലും അതൊരു പ്രധാന കാരണമായി വിലയിരുത്താൻ കഴിയുകയില്ല. സംസ്ഥാന സർക്കാരിൻ്റെ ഭരണത്തോട് മുതൽ പാർട്ടി നേതൃത്വത്തിൻ്റെ പ്രതികരണങ്ങളിൽ വരെയുള്ള ജനങ്ങളുടെ എതിർപ്പാണ് പ്രധാനമായും ഇടതുപക്ഷത്തിന് എതിരെ വോട്ടായി മാറിയിരിക്കുന്നത്. പ്രീണന രാഷ്ട്രീയത്തിന് എതിരെയുള്ള പ്രതിഷേധവും പല മണ്ഡലങ്ങളിലും പ്രകടമായിട്ടുണ്ട്.
അതേസമയം, എസ്എൻഡിപി അടക്കമുള്ള ജാതി സംഘടനകൾ സംഘപരിവാറിന് കീഴ്പ്പെട്ടതും ഇടതുപക്ഷത്തിൻ്റെ തോൽവിക്ക് കാരണമായെന്ന എംവി ഗോവിന്ദൻ്റെ വാദം ശരിയല്ല. യുക്തിക്ക് നിരക്കാത്ത വാദമാണിത്. ഈഴവ വിഭാഗത്തിലെ ബഹുഭൂരിപക്ഷവും ഒരിക്കലും വെള്ളാപ്പള്ളി കുടുംബത്തിൻ്റെ താൽപ്പര്യത്തിന് കീഴ്പ്പെട്ട് നിന്നിട്ടില്ല. ഇനിയൊട്ട് നിൽക്കാനും പോകുന്നില്ല. ബിഡിജെഎസ് എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് ആർഎസ്എസിൻ്റെയും ബിജെപിയുടെയും പിന്തുണയോടെ വെള്ളാപ്പള്ളിയും മകനും ഒരുമിച്ച് പ്രചരണം നടത്തിയ കാലത്തു പോലും ഇടതുപക്ഷത്തിന് ഒരു പോറൽ പോലും സംഭവിച്ചിട്ടില്ല. പല്ലിന് മൂർച്ച ഉണ്ടായിരുന്നപ്പോൾ പോലും വെള്ളാപ്പള്ളി കുടുംബത്തിന് കഴിയാത്തത് പല്ല് കൊഴിഞ്ഞ അവസ്ഥയിൽ നിൽക്കുമ്പോൾ ഉണ്ടാകില്ലെന്നതും രാഷ്ട്രീയ കേരളത്തിന് നന്നായി അറിയാം. വെള്ളാപ്പള്ളി നടേശൻ്റെ മകനും ബിഡിജെഎസ് അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിച്ചപ്പോൾ കിട്ടയ വോട്ട് എത്രയെന്ന് നോക്കിയാൽ തന്നെ അവരുടെ ശക്തി എത്രമാത്രമാണെന്നത് എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റും. 2019-ൽ നിന്നും ചെറിയ വോട്ട് വർദ്ധനവ് മാത്രമാണ് എൻഡിഎ മുന്നണി ‘എ’ ക്ലാസ് മണ്ഡലമായി കണ്ട് ടാർഗറ്റ് ചെയ്ത കോട്ടയത്ത് തുഷാർ വെള്ളാപ്പളളിക്ക് ലഭിച്ചിരിക്കുന്നത്. വൈക്കം, ഏറ്റുമാനൂർ തുടങ്ങിയ ഈഴവ ശക്തി കേന്ദ്രങ്ങളിൽ പോലും വൻ തിരിച്ചടിയാണ് തുഷാർ വെള്ളാപ്പള്ളിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. അതേസമയം ബിജെപി സ്ഥാനാർത്ഥികൾ മത്സരിച്ച മിക്ക ഇടത്തും വലിയ രൂപത്തിലാണ് വോട്ട് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. യഥാർത്ഥത്തിൽ എസ്എൻഡിപിയും ബിഡിജെഎസുമല്ല ഇടതുപക്ഷത്തിന് എതിരെ മാധ്യമങ്ങളും പ്രതിപക്ഷവും അഴിച്ചുവിട്ട പ്രചരണങ്ങൾ തന്നെയാണ് ബിജെപിയെയും തുണച്ചിരിക്കുന്നത്.
ബിജെപി പോലും വെള്ളാപ്പള്ളി കുടുംബത്തിനും ബിഡിജെഎസിനും കൊടുക്കാത്ത വലുപ്പം സിപിഎം സംസ്ഥാന സെക്രട്ടറി ആയിട്ട് ഉണ്ടാക്കി കൊടുക്കാതെ ഇരിക്കുന്നതാണ് ആ പാർട്ടിക്ക് നല്ലത്. സംഘപരിവാറിൻ്റെ പുതിയ ‘അവതാരമായി’ ബിഡിജെഎസ് പിറവി എടുക്കുകയും കേരള രാഷ്ട്രീയത്തെ പരിവാർ രാഷ്ട്രീയത്തിനായി പാകപ്പെടുത്താൻ വെള്ളാപ്പള്ളിമാർ കാടിളക്കി കേരളയാത്ര നടത്തുകയും ചെയ്തപ്പോൾ ആ മുന്നേറ്റത്തെ കടന്നാക്രമിച്ച് തകർത്ത് കളഞ്ഞത് അന്നത്തെ സിപിഎം നേതൃത്വത്തിൻ്റെ ശക്തമായ ഇടപെടലിൻ്റെ ഭാഗമായാണ്. വി.എസ് അച്ചുതാനന്ദൻ ഇക്കാര്യത്തിൽ വഹിച്ച പങ്കും എടുത്തു പറയേണ്ടതാണ്. ഇടതുപക്ഷത്തെ ഈഴവ വോട്ട് ബാങ്ക് പൊളിക്കാൻ ഉറങ്ങിയ വെള്ളാപ്പള്ളിമാരെ ചുട്ടുപ്പൊള്ളിക്കുന്ന നീക്കമാണ് വി.എസ് അക്കാലത്ത് നടത്തിയിരുന്നത്. സിപിഎം സംഘടനാ സംവിധാനവും കോട്ട പോലെയാണ് ഈഴവ വോട്ട് ബാങ്കിനെ സംരക്ഷിച്ചു നിർത്തിയിരുന്നത്.
അന്ന് അതായിരുന്നു അവസ്ഥ എങ്കിൽ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. മോദിയുടെ 10 വർഷത്തെ ഭരണം കൊണ്ട് സംഘടനാപരമായ ഒരുണർവ്വ് കേരളത്തിലെ ബിജെപി ഉണ്ടാക്കി എടുത്തിട്ടുണ്ട്. ഈഴവ വോട്ടുകളെ സ്വാധീനിക്കാൻ ഇന്ന് ബിജെപിക്ക് ബിഡിജെഎസിൻ്റെ ആവശ്യമില്ല. ആറ്റിങ്ങലിലും ആലപ്പുഴയിലും ഉൾപ്പെടെ അതു തന്നെയാണ് സംഭവിച്ചിരിക്കുന്നത്. വലിയ രൂപത്തിലാണ് സിപിഎമ്മിന് ലഭിച്ചു കൊണ്ടിരുന്ന ഈഴവ വോട്ടുകൾ ഇവിടങ്ങളിൽ നഷ്ടമായിരിക്കുന്നത്. ബിഡിജെഎസ് മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും മോശം പ്രകടനം കാഴ്ചവച്ചതോടെ ബിജെപിയുടെ വോട്ടിങ് ശതമാനത്തിലെ വളർച്ചയുടെ ക്രെഡിറ്റും വെള്ളാപ്പള്ളിമാർക്ക് അവകാശപ്പൊടൻ കഴിയുകയില്ല.
അതു കൊണ്ടാണ് എസ്എൻഡിപി അടക്കമുള്ള ജാതി സംഘടനകൾ സംഘപരിവാറിന് കീഴ്പ്പെട്ടതും തോൽവിക്ക് കാരണമായെന്ന എം.വി ഗോവിന്ദൻ്റെ വാദത്തെ എതിർക്കേണ്ടി വരുന്നത്. സിപിഎം സെക്രട്ടറി പറഞ്ഞതു പോലെ പെൻഷൻ അടക്കമുള്ളവയിൽ അനുകൂല്യം കൃത്യതയോടെ നൽകാൻ കഴിയാത്തതുൾപ്പെടെ തിരഞ്ഞെടുപ്പ് വിധിയെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും അതിനും അപ്പുറമുള്ള വൈകാരികത വോട്ടിങ്ങിൽ പ്രതിഫലിച്ചിട്ടുണ്ട്. അതു കൊണ്ടാണ് ഒരു തരംഗവും ഇല്ലാതിരുന്ന തിരഞ്ഞെടുപ്പായിട്ടു കൂടി ഒറ്റ സീറ്റിൽ ഇടതുപക്ഷം ഒതുങ്ങിപ്പോയിരിക്കുന്നത്. ഈ തോൽവി മുൻകൂട്ടി കാണാൻ കഴിയാതിരുന്നതിലല്ല, കണ്ടില്ലെന്ന് നടിച്ചതാണ് തോൽവിയുടെ ആഘാതം വർദ്ധിപ്പിച്ചിരിക്കുന്നത്. ബിജെപി അക്കൗണ്ട് തുറക്കില്ല എന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം വാദിക്കുന്നവർ തിരിച്ചറിയണമായിരുന്നു ഒറ്റപ്പെടുത്തി കടന്നാക്രമിക്കുന്നവൻ്റെ കൂടെയും ഒത്തുകൂടാൻ ചിലരുണ്ടാകുമെന്നത്. അതു കൊണ്ടാണ് സുരേഷ് ഗോപിയ്ക്ക് തൃശൂരിൽ വിജയിക്കാൻ കഴിഞ്ഞിരിക്കുന്നത്. മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവച്ച് സംസാരിച്ച സംഭവം വിവാദമായതും കേസിൽ കലാശിച്ചതും, യഥാർത്ഥത്തിൽ ബിജെപിക്കാണ് നേട്ടമായത്. അതും തൃശൂരിൽ താമര വിരിയാൻ ഒരു പ്രധാന കാരണമാണ്. ക്രൈസ്തവ വോട്ടുകളിൽ വരെ ബിജെപിക്ക് കടന്നു കയറാൻ കഴിഞ്ഞെങ്കിൽ ഈഴവ വോട്ട് ബാങ്കിൽ കടന്നു കയറിയത് വലിയ അത്ഭുതമൊന്നും അല്ല.
ഈ പോക്ക് പോയാൽ നാളെ കൂടുതൽ അബ്ദുള്ളകുട്ടിമാർ ബിജെപിയിൽ ചേക്കേറാനുള്ള സാധ്യതയും കൂടുതലാണ്. അവർക്കൊക്കെ കാവി രാഷ്ട്രീയത്തോട് അത്രയേ എതിർപ്പുള്ളൂ. ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നു എന്ന് അഭിമാനത്തോടെ പരസ്യമായി പറഞ്ഞ നേതാവ് നേതൃത്വം നൽകുന്ന യുഡിഎഫിനാണ് കേരളത്തിലെ മുസ്ലിം സമുദായത്തിൻ്റെ നല്ലൊരു ശതമാനം വോട്ടും ഇപ്പോൾ കിട്ടിയിരിക്കുന്നത്. മുസ്ലീം സമുദായത്തിനു വേണ്ടിയും ഈഴവ – പിന്നോക്ക വിഭാഗങ്ങൾക്കു വേണ്ടിയും ഈ മണ്ണിൽ ഏറ്റവും കൂടുതൽ പോരാട്ടം നടത്തിയത് കമ്യൂണിസ്റ്റുകളാണ്. അവരെയാണ് ഇപ്പോൾ ഈ ജനവിഭാഗങ്ങൾ കൈവിട്ടു കൊണ്ടിരിക്കുന്നത്. വല്ലാത്തൊരു അവസ്ഥ തന്നെയാണിത്.
സോഷ്യൽ മീഡിയകളുടെ പുതിയ കാലത്ത് പഴയ ശൈലിയിലെ ധാർഷ്ട്യവും ധിക്കാരവും ഏകാധിപത്യ ശൈലിയുമൊന്നും ഒരിക്കലും വിലപ്പോവുകയില്ല. എത്ര സംഭാവനകൾ ഈ നാടിന് നൽകിയ പാർട്ടി ആയാലും അതെല്ലാം മറന്ന് വോട്ട് ചെയ്യാൻ ജനങ്ങൾക്ക് ഒരു മടിയും ഇല്ല. അതാണവർ ഇപ്പോൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്.
ഇത്തരമൊരു കാലത്ത് കമ്യൂണിസ്റ്റുപാർട്ടികളുടെ പ്രത്യയശാസ്ത്ര നിലപാടിന് എത്രമാത്രം പിടിച്ചു നിൽക്കാൻ കഴിയുമെന്നതും വലിയ ഒരു ചോദ്യം തന്നെയാണ്. ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഇടതുപക്ഷ മനസ്സുകൾ ഇപ്പോൾ തേടുന്നത്.
ബിജെപിയുടെ വളർച്ചയിലും മത ന്യൂനപക്ഷങ്ങൾ കൈവിട്ടതിലും കമ്യൂണിസ്റ്റു പാർട്ടികളുടെ അണികളിൽ പരക്കെ ആശങ്ക നിലനിൽക്കുന്നുണ്ട്. പിന്നോക്ക വോട്ടുകൾ ബിജെപിയിലേക്ക് വൻ തോതിൽ പോകുന്നതിനെ ചുവപ്പിനുള്ള അപകട സിഗ്നലായാണ് അവർ നോക്കി കാണുന്നത്.
പ്രവർത്തകരുടെയും പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങളുടെയും ആശങ്കകൾ അകറ്റാനും വിശ്വാസം ആർജിക്കാനും കർക്കശ നടപടികൾ തന്നെ അനിവാര്യമാണ്. മാറ്റേണ്ടത് നയമാണെങ്കിലും നേതാവാണെങ്കിലും മന്ത്രിയാണെങ്കിലും മാറ്റുക തന്നെ വേണം. അതല്ലാതെ യോഗം വിളിച്ച് ചർച്ച ചെയ്ത് ഇക്കാര്യം താഴെ തട്ടിൽ റിപ്പോർട്ട് ചെയ്തതു കൊണ്ടോ പത്രസമ്മേളനം നടത്തി വിശദീകരിച്ചതുകൊണ്ടോ മാത്രം നഷ്ടപ്പെട്ടതൊന്നും തന്നെ തിരികെ ലഭിക്കാൻ പോകുന്നില്ല. തെറ്റു തിരുത്തൽ നടപടി പ്രഹസനമായാൽ ഇനി നടക്കാൻ പോകുന്ന തിരഞ്ഞടുപ്പുകളിലും വലിയ തിരിച്ചടിയാണ് ഇടതുപക്ഷത്തിന് അനുഭവിക്കേണ്ടി വരിക. ആരൊക്കെ വിയോജിച്ചാലും അതൊരു യാഥാർത്ഥ്യം തന്നെയാണ്…
EXPRESS KERALA VIEW