വയനാടിനെ രക്ഷിക്കാന്‍ കെ.എസ്.യുക്കാര്‍ കരി ഓയില്‍ ഒഴിച്ച് അപമാനിച്ച് വിട്ട ഐഎഎസുകാരനുണ്ടായിരുന്നെങ്കിൽ . . .

വയനാടിനെ രക്ഷിക്കാന്‍ കെ.എസ്.യുക്കാര്‍ കരി ഓയില്‍ ഒഴിച്ച് അപമാനിച്ച് വിട്ട ഐഎഎസുകാരനുണ്ടായിരുന്നെങ്കിൽ . . .
വയനാടിനെ രക്ഷിക്കാന്‍ കെ.എസ്.യുക്കാര്‍ കരി ഓയില്‍ ഒഴിച്ച് അപമാനിച്ച് വിട്ട ഐഎഎസുകാരനുണ്ടായിരുന്നെങ്കിൽ . . .

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തവേദനയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന വയനാട്ടുകാര്‍ വികാരവായ്പോടെ പറയുന്നത് ഞങ്ങളെ രക്ഷിക്കാന്‍ കേശവേന്ദ്രകുമാര്‍ എന്ന കളക്ടര്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാണ്. ഓര്‍മ്മയില്ലേ ഹയര്‍സെക്കന്‍ഡറി ഡയറക്ടറായിരിക്കെ കെ.എസ്.യുക്കാര്‍ തിരുവനന്തപുരത്ത് വച്ച് കരി ഓയില്‍ ഒഴിച്ച് അപമാനിച്ചുവിട്ട ഐ.എ.എസ് ഉദ്യോഗസ്ഥനെ. ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ സ്ഥാനത്ത് നിന്നും വയനാട് കളക്ടറായാണ് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ കേശവേന്ദ്രകുമാറിനെ നാടുകടത്തിയത്.

പ്ലസ് വണ്‍ ഫീസ് വര്‍ധനയില്‍ നിവേദനം നല്‍കാനെന്നു പറഞ്ഞ് ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ഓഫീസില്‍ എത്തിയ കെ.എസ്.യുക്കാര്‍ക്ക് കസേര നല്‍കിയാണ് കേശവേന്ദ്രകുമാര്‍ സ്വീകരിച്ചത്. എന്നാല്‍ എട്ട് കെ.എസ്.യു നേതാക്കള്‍ കേശവേന്ദ്രകുമാറിന്റെ ദേഹത്ത് കരി ഓയില്‍ ഒഴിക്കുകയായിരുന്നു. വസ്ത്രത്തിലും ദേഹത്തിലും കരി ഓയിലുമായി നില്‍ക്കുന്ന കേശവേന്ദ്രകുമാറിന്റെ ചിത്രം ഏറെ വേദനിപ്പിക്കുന്നതായിരുന്നു. ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ സ്ഥാനത്ത് നിന്നും വയനാട് കളക്ടറായെത്തിയ കേശവേന്ദ്രകുമാര്‍ വയനാടിനെയും അവിടുത്തെ ആദിവാസി ഗോത്രസമൂഹത്തെയും ജനങ്ങളെയും ചേര്‍ത്ത് പിടിക്കുകയായിരുന്നു.

ജീവിതപ്രാരാബ്ധങ്ങളോട് പോരാടി ബീഹാറിലെ ദരിദ്ര കുടുംബത്തില്‍ നിന്നും സ്വപ്രയ്തനത്തിലൂടെ പഠിച്ച് ഐ.എ.എസ് നേടിയ പ്രതിഭാധനനായ ചെറുപ്പക്കാരനാണ് കേശവേന്ദ്രകുമാര്‍. റെയില്‍വെ ടിക്കറ്റ് ബുക്കിങ് ക്ലര്‍ക്കായിരുന്നു കേശവേന്ദ്രകുമാര്‍. ജോലി ചെയ്തുകൊണ്ടുതന്നെ റെയില്‍വെ ക്വാര്‍ട്ടേഴ്സിലെ അരണ്ട വെളിച്ചത്തിലിരുന്ന് പഠിച്ചു. ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും വിദൂരവിദ്യാഭ്യാസത്തിലൂടെ ബിരുദം എടുത്ത് ആദ്യ പരിശ്രമത്തില്‍ തന്നെ 41-ാം റാങ്കുകാരനായി ഐ.എ.എസ് നേടിയ പരിശ്രമശാലി. യുവകളക്ടര്‍മാര്‍ നവമാധ്യമത്തില്‍ കളക്ടര്‍ ബ്രോയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ മന്ത്രിയെവരെ ആലിംഗനം ചെയ്ത് ഷോ കാണിക്കുകയും ചെയ്തപ്പോള്‍ നാടിനും നാട്ടുകാര്‍ക്കും വേണ്ടി കളക്ടറുടെ ജോലി ചെയ്താണ് കേശവേന്ദ്രകുമാര്‍ വ്യത്യസ്തനായത്.

വയനാടിന്റെ പരിസ്ഥിതിയെ തകര്‍ക്കുന്നതും ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളിലൂടെ ജനങ്ങളുടെ ജീവനെടുക്കുന്നതും നിയന്ത്രണങ്ങളില്ലാത്ത അനധികൃത നിര്‍മ്മാണങ്ങളും ക്വാറികളുമാണെന്ന് തിരിച്ചറിഞ്ഞ് അവയ്ക്ക് പൂട്ടിടാന്‍ കേശവേന്ദ്രകുമാര്‍ മുന്നിട്ടിറങ്ങി. പരിസ്ഥിതി ലോല മേഖലകളിലും ജനവാസ കേന്ദ്രങ്ങളിലെയും ക്വാറികള്‍ ദുരന്തനിവാരണ നിയമപ്രകാരം പൂട്ടിച്ചു. വയനാട് ജില്ലയില്‍ കെട്ടിട നിര്‍മ്മാണത്തിന് കടുത്ത നിയന്ത്രണം കൊണ്ടുവന്നു. പരിസ്ഥിതി ലോല മേഖലകളിലെ നൂറോളം ക്വാറികളാണ് ദുരന്തനിവാരണ അതോറിറ്റി ജില്ലാ ചെയര്‍മാന്‍ എന്ന അധികാരമുപയോഗിച്ച് പൂട്ടിച്ചത്.

ഭരണ, രാഷ്ട്രീയ, സാമ്പത്തിക സ്വാധീനമുള്ള ക്വാറി മാഫിയകള്‍ ഹൈക്കോടതി മുതല്‍ സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തിയെങ്കിലും കളക്ടറുടെ നടപടി കോടതി ശരിവെക്കുകയായിരുന്നു. പരിസ്ഥിതി ലോല മേഖലകളില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ ഉയരുന്നതും മലമടക്കുകളില്‍ നിയന്ത്രണമില്ലാതെ റിസോര്‍ട്ടുകള്‍ വരുന്നതും ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ക്കിടയാക്കുമെന്ന തിരിച്ചറിവിലാണ് കേശവേന്ദ്രകുമാര്‍ 2015 ല്‍ വയനാട്ടില്‍ കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നത്.

സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ എന്നീ നഗരസഭകളില്‍ പരമാവധി അഞ്ച് നിലവരെയുള്ള കെട്ടിടങ്ങള്‍ക്കും പഞ്ചായത്തുകളില്‍ മൂന്ന് നിലകെട്ടിടങ്ങള്‍ക്കുമാണ് അനുമതി നല്‍കിയിരുന്നത്. വൈത്തിരി പഞ്ചായത്തില്‍ രണ്ട് നില കെട്ടിടങ്ങള്‍ക്ക് മാത്രമേ അനുമതി നല്‍കുകയുള്ളൂവെന്നും കളക്ടര്‍ ഉത്തരവിറക്കി. ഇതിനെതിരെ ശക്തമായ സമ്മര്‍ദ്ദമാണ് അന്നത്തെ യു.ഡി.എഫ് സര്‍ക്കാരില്‍ നിന്നും മന്ത്രി മഞ്ഞളാംകുഴി അലിയില്‍ നിന്നും ഉണ്ടായത്. പക്ഷേ, വയനാടിന്റെ നന്‍മയെക്കരുതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേശവേന്ദ്രകുമാറിന് പിന്തുണ നല്‍കുകയായിരുന്നു. ക്വാറി പൂട്ടിച്ചതിനെതിരെ ക്വാറി മുതലാളിമാരും രാഷ്ട്രീയനേതാക്കളും പരാതികളുമായെത്തിയപ്പോഴും ന്യായമായതുണ്ടെങ്കില്‍ കളക്ടര്‍ ചെയ്യുമെന്നും അല്ലാത്തതൊന്നും കേള്‍ക്കില്ലെന്നും പറഞ്ഞൊഴിയുകയായിരുന്നു ഉമ്മന്‍ചാണ്ടി.
ഏതു സര്‍ക്കാര്‍ വന്നാലും വിസനത്തിന്റെ പുറമ്പോക്കിലേക്ക് ആട്ടിയിറക്കപ്പെട്ടവരായിരുന്നു വയനാട്ടിലെ ആദിവാസി ഗോത്രസമൂഹം. ഇവരെ ചേര്‍ത്തുപിടിക്കുകയായിരുന്നു കേശവേന്ദ്രകുമാര്‍. ആദിവാസി സമൂഹത്തിന്റെ ആവലാതികള്‍ കേള്‍ക്കാനും പരിഹാരം കാണാനും ഓരോ മാസവും കളക്ടര്‍ കോളനികള്‍ സന്ദര്‍ശിച്ചു.

വിവിധ വകുപ്പുകള്‍ കോടിക്കണക്കിന് രൂപ ആദിവാസി ക്ഷേമത്തിന് ചെലവഴിക്കുമ്പോഴും ആദിവാസി സമൂഹം ചൂഷണത്തിനിരയായി ദയനീയ ജീവിതം നയിക്കുന്ന യാഥാര്‍ത്ഥ്യം അറിഞ്ഞാണ് അവരെ കേട്ട് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കളക്ടര്‍ കോളനികളിലേക്കെത്തിയത്. ‘കോളനി മിത്രം’ എന്ന പദ്ധതി ആവിഷ്‌കരിച്ച് ഓരോ മാസവും വയനാട്ടിലെ ആദിവാസി കോളനികളിലെത്തി. അവര്‍ കളക്ടറുടെ കൈപിടിച്ച് പരാതികള്‍ പറഞ്ഞു. സ്നേഹവായ്പോടെ അവ കേട്ട കളക്ടര്‍ അവയ്ക്ക് പരിഹാരം കണ്ടെത്തി. വയനാട്ടിലെ 3,000 ആദിവാസി കുടുംബങ്ങള്‍ക്കാണ് കേശവേന്ദ്രകുമാര്‍ വീടിനായി സ്ഥലം കണ്ടെത്തിയത്. ഇടനിലക്കാരില്ലാതെ ആദിവാസികള്‍ക്കിഷ്ടപ്പെട്ട ഭൂമി ഭൂ ഉടമകളില്‍ നിന്നും കളക്ടര്‍ ചര്‍ച്ച നടത്തി വിലനിശ്ചയിച്ച് വാങ്ങി നല്‍കുകയായിരുന്നു. ഇടനിലക്കാര്‍ക്കും രാഷ്ട്രീയനേതൃത്വത്തിനും ഉദ്യോഗസ്ഥര്‍ക്കും കമ്മീഷനടിക്കാന്‍ വഴിയൊരുക്കാതെ കളക്ടര്‍ നേരിട്ടിടപെട്ടാണ് പദ്ധതി നടപ്പാക്കിയത്.

ഭരണ, രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബിയും ക്വാറി മാഫിയയും കൈകോര്‍ത്തതോടെയാണ് വയനാട്ടില്‍ നിന്നും കേശവേന്ദ്രകുമാര്‍ മാറ്റപ്പെട്ടത്. 2018 ലെ പ്രളയകാലത്ത് വയനാട്ടില്‍ വ്യാപകമായി ഉരുള്‍പൊട്ടലും നാശനഷ്ടങ്ങളുമുണ്ടായതോടെ പിണറായി സര്‍ക്കാര്‍ കേശവേന്ദ്രകുമാറിന് കളക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കി വയനാട്ടിലേക്കയച്ചു. അന്ന് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ദുരന്തമേഖലകള്‍ കണ്ടെത്തി ജനങ്ങളെ മിന്നല്‍ വേഗത്തില്‍ ഒഴിപ്പിക്കാനും കൂടുതല്‍ ദുരന്തങ്ങളില്ലാതെ വയനാടിനെ രക്ഷിക്കാനും കേശവേന്ദ്രകുമാര്‍ വിശ്രമമില്ലാതെയാണ് പ്രവര്‍ത്തിച്ചത്. ഏറെ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായ വൈത്തിരി, പൊഴുതന, തിരുനെല്ലി പഞ്ചായത്തുകളില്‍ ഇനി കെട്ടിടങ്ങളുടെ ഉയരം എട്ട് മീറ്ററേ പാടുള്ളൂവെന്നും ദുരന്തനിവാരണ നിയമ പ്രകാരം കേശവേന്ദ്രകുമാര്‍ ഉത്തരവിറക്കി കെട്ടിട നിര്‍മ്മാണ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കി.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേശവേന്ദ്രകുമാറിനെതിരെ കരി ഓയില്‍ ഒഴിച്ച കെ.എസ്.യുക്കാര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കാന്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. ഇതിനെതിരെ ഐ.എ.എസ് അസോസിയേഷന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനം മാറ്റി. കേസ് കാരണം എന്‍ജിനീയറിങ് പൂര്‍ത്തിയായിട്ടും ജോലി ലഭിക്കാത്ത കെ.എസ്.യു വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കേശവേന്ദ്രകുമാറിനെ കണ്ടിരുന്നു. നിങ്ങള്‍ സാമൂഹിക സേവനം നടത്തി നല്ല മനസ്സിന്റെ ഉടമകളായെന്ന് എനിക്ക് ബോധ്യപ്പെടണം എന്ന നിബന്ധനയാണ് കേശവേന്ദ്രകുമാര്‍ മുന്നോട്ടുവെച്ചത്. കെ.എസ്.യുക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലും സര്‍ക്കാര്‍ ആശുപത്രികളിലും ശുചീകരണം നടത്തുകയും സൗജന്യ ഭക്ഷണ വിതരണം നടത്തുകയും ചെയ്തു. ഇതോടെ കുട്ടികള്‍ക്ക് അവരുടെ തെറ്റ് ബോധ്യപ്പെട്ടുവെന്നും വാദിയായ തനിക്ക് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നും കേശവേന്ദ്രകുമാര്‍ ചീഫ് സെക്രട്ടറിക്ക് കത്തെഴുതുകയായിരുന്നു.


തന്നെ കരിഓയില്‍ ഒഴിച്ച് അപമാനിച്ച കെ.എസ്.യുക്കാരോട് പോലും ക്ഷമിക്കാനും അവരെ നേര്‍വഴിക്ക് നടത്താനും കഴിഞ്ഞ വലിയ മനസ്സിന്റെ ഉടമ കൂടിയാണ് കേശവേന്ദ്രകുമാര്‍. മുണ്ടക്കൈ ഉരുള്‍ ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോഴും വയനാട്ടുകാര്‍ ആഗ്രഹിക്കുന്നത് തങ്ങള്‍ക്ക് രക്ഷയാകുന്ന, ചേര്‍ത്ത് പിടിക്കുന്ന കേശവേന്ദ്രകുമാറിനെപ്പോലെ ഒരു കളക്ടറെയാണ്. മൂന്നു വര്‍ഷം മുമ്പ് ജന്‍മനാടായ ബീഹാറിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയ കേശവേന്ദ്രകുമാര്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് ധനവകുപ്പില്‍ തിരിച്ചെത്തിയിട്ടുണ്ട്. കളക്ടര്‍ബ്രോക്കും മന്ത്രിയെ ആലിംഗനം ചെയ്ത് വാര്‍ത്തയില്‍ നിറയുന്ന യുവ ഐ.എ.എസുകാരിക്കും കണ്ടുപഠിക്കാനുള്ള റോള്‍ മോഡലായി…

EXPRESS KERALA VIEW

Top