ന്യൂഡല്‍ഹി: കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്റ് പ്രീ അവാർഡ് നേടിയ പായല്‍ കപാഡിയയെ അഭിനന്ദിച്ച നരേന്ദ്ര മോദിക്കെതിരെ ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പായല്‍ കപാഡിയയുടെ നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ അവര്‍ക്കെതിരായ കേസ് ഉടന്‍തന്നെ പിന്‍വലിക്കേണ്ടതല്ലേ എന്നാണ് മോദിയോടുള്ള ചോദ്യമായി ശശി തരൂര്‍ എക്‌സില്‍ കുറിച്ചത്. പായലിനും സുഹൃത്തുക്കള്‍ക്കും എതിരായ കേസ് പിന്‍വലിക്കണമെന്ന് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി പറഞ്ഞ വാര്‍ത്തയും തരൂര്‍ എക്‌സ് പോസ്റ്റില്‍ ചേര്‍ത്തു.
‘മോദി ജി, ഇന്ത്യക്ക് പായലിനെക്കുറിച്ച് അഭിമാനമുണ്ടെങ്കില്‍, നിങ്ങളുടെ ഗവണ്‍മെന്റ് യോഗ്യതയില്ലാത്ത ഒരു ചെയര്‍മാനെ നിയമിച്ചതില്‍ പ്രതിഷേധിച്ച അവര്‍ക്കും സഹ എഫ്.ടി.ഐ.ഐ വിദ്യാര്‍ഥികള്‍ക്കും എതിരായ കേസുകള്‍ ഉടന്‍ തന്നെ പിന്‍വലിക്കേണ്ടതല്ലേ?’ -തരൂര്‍ ചോദിച്ചു.
2015ല്‍ പൂനെ ഫിലിം ഇന്‍സ്റ്റ്റ്റ്യൂട്ടിന്റെ ചെയര്‍മാനായി ബി.ജെ.പി നേതാവും സീരിയല്‍ നടനുമായ ഗജേന്ദ്ര ചൗഹാനെ നിയമിച്ചിരുന്നു. ഇതിനെതിരേ പായലും സഹപാഠികളും നടത്തിയ സമരത്തിനെതിരേയാണ് കേസ് ചുമത്തിയിരുന്നത്.
77ാമത് കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രീ അവാര്‍ഡ് നേടിയ പായല്‍ കപാഡിയയുടെ ചരിത്ര നേട്ടത്തില്‍ ഇന്ത്യ അഭിമാനിക്കുന്നു എന്നാണ് മോദി ട്വീറ്റ് ചെയ്തത്. എഫ്.ടി.ഐ.ഐയുടെ പൂര്‍വ വിദ്യാര്‍ഥിയായ പായല്‍ ആഗോള വേദിയില്‍ തിളങ്ങുന്നത് തുടരുന്നു. ഇത് ഇന്ത്യയിലെ സമ്പന്നമായ സര്‍ഗാത്മകതയുടെ നേര്‍ക്കാഴ്ചയാണ്. ഈ അഭിമാനകരമായ അംഗീകാരം പുതിയ തലമുറയിലെ ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു എന്നുമാണ് മോദി ട്വീറ്റ് ചെയ്തിരുന്നത്.