ഗസ്സ: വെടിനിർത്തൽ നിർദേശം നടപ്പാക്കിയാൽ പിന്തുണ പിൻവലിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രായേലിലെ തീവ്രവലതുപക്ഷ മന്ത്രിമാർ. എതിർപ്പ് മറികടന്ന് ഇസ്രായേൽ കരാർ നിർദേശം നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. ഹമാസിന്റെ തീരുമാനം അറിഞ്ഞതിന് ശേഷം മാത്രം ചർച്ച തുടരാമെന്നാണ് ഇസ്രായേൽ മധ്യസ്ഥ രാഷ്ട്രങ്ങളെ അറിയിച്ചിരിക്കുന്നത്.
ധനമന്ത്രി ബെസാലെൽ സ്മോട്രിച്ചും ദേശീയ സുരക്ഷാ മന്ത്രി ഇറ്റമർ ബെൻഗ്വിറുമാണ് സർക്കാരിനെ വീഴ്ത്തുമെന്ന് താക്കീത് നൽകിയത്. എന്നാൽ വെടിനിർത്തൽ കരാറിനെ പിന്തുണക്കുന്ന പ്രതിപക്ഷ നേതാവ് യായർ ലാപിഡിന്റെ പിന്തുണ നെതന്യാഹുവിനുണ്ട്. ലാപിഡിന്റെ യെഷ് അതിദ് കക്ഷിക്ക് 24 സീറ്റുണ്ട്. എന്തുവില കൊടുത്തും കരാർ നിർദേശം നടപ്പാക്കും എന്നുതന്നെയാണ് ബൈഡൻ ഈജിപ്തിനും ഖത്തറിനും ഉറപ്പ് നൽകിയിരിക്കുന്നത്. നിലവിൽ ബെൻഗ്വിറിന്റെ ഒറ്റ്സ്മ യെഹൂദിത് കക്ഷിക്ക് ആറും സ്മോട്രിച്ചിന്റെ റിലീജ്യസ് സയണിസം പാർട്ടിക്ക് ഏഴും സീറ്റുണ്ട്. ഇവ രണ്ടും പിന്തുണച്ചാണ് നെതന്യാഹു സർക്കാർ നിലനിൽക്കുന്നത്. പ്രതിപക്ഷ നേതാവ് യായർ പിന്തുണ പ്രഖ്യാപിച്ചതിനാൽ തീവ്രവലതുപക്ഷം പിന്തുണ പിൻവലിച്ചാലും സർക്കാർ സാധ്യതയില്ല.
മൂന്നു ഘട്ടങ്ങളിലായുള്ള വെടിനിർത്തൽ നിർദേശമാണ് ബൈഡൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ആറാഴ്ച നീളുന്ന ആദ്യ ഘട്ടത്തിൽ ഗസ്സയിൽനിന്ന് ഇസ്രായേൽ സൈന്യം പിന്മാറും. അനുബന്ധമായി, ഘട്ടംഘട്ടമായി ബന്ദികളുടെയും നൂറുകണക്കിന് ഫലസ്തീൻ തടവുകാരുടെയും മോചനം നടക്കും. ബന്ദികളിൽ ആദ്യം സിവിലിയന്മാരെയും പിന്നീട് സൈനികരെയുമാകും വിട്ടയക്കുക. പ്രതിദിനം 600 എണ്ണമെന്ന തോതിൽ സഹായട്രക്കുകളും കടത്തിവിടും. ഗസ്സയിൽ യുദ്ധവിരാമവും പുനർനിർമാണവും അവസാനമായി നടപ്പാക്കും. എന്നാൽ, ഹമാസിനെ ഇല്ലാതാക്കുംവരെ യുദ്ധം തുടരുമെന്നായിരുന്നു നെതന്യാഹുവിന്റെ ആദ്യ പ്രതികരണം.
അതേസമയം റഫ ഉൾപ്പെടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. പിന്നിട്ട 24 മണിക്കൂറിനിടെ 60 മരണം കൂടിയായതോടെ ഗസ്സയിലെ ആകെ മരണ സംഖ്യ 36,439 ആയി. 20 നാളുകൾ നീണ്ട നരനായാട്ടിനെ തുടർന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങിയ ജബാലിയയിൽനിന്ന് 50 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ഇവിടെ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 120 കടന്നു. ആശുപത്രികളുടെ പ്രവർത്തനം നിലച്ചതും സഹായം ലഭിക്കാത്തതും കാരണം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ് റഫ ഉൾപ്പെടെ ഗസ്സയിൽ. റഫ അതിർത്തി അടച്ച് ഗസ്സയിലേക്ക് സഹായട്രക്കുകൾ മുടങ്ങിയതോടെ പട്ടിണി വ്യാപിക്കുന്നതായി യു.എൻ ഏജൻസികൾ അറിയിച്ചു.