പാലക്കാട്ട് താമര വിരിഞ്ഞാൽ ഉത്തരവാദി കോൺഗ്രസ്സ്, സി.പി.എം പിടിക്കുന്ന വോട്ടുകൾ യു.ഡി.എഫിന് വെല്ലുവിളിയാകും

പാലക്കാട്ട് താമര വിരിഞ്ഞാൽ ഉത്തരവാദി കോൺഗ്രസ്സ്, സി.പി.എം പിടിക്കുന്ന വോട്ടുകൾ യു.ഡി.എഫിന് വെല്ലുവിളിയാകും

ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പാലക്കാട് മൂന്ന് മുന്നണികളും പ്രവർത്തകരെ സജ്ജമാക്കാനുള്ള നീക്കമാണിപ്പോൾ നടത്തുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഏറ്റവും ശക്തമായ ത്രികോണമത്സരം നടക്കാൻ പോകുന്നതും പാലക്കാട്ട് തന്നെ ആയിരിക്കും. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനപ്രിയ സ്ഥാനാർത്ഥി ആയിട്ടു പോലും 3,859 വോട്ടുകൾക്ക് മാത്രമാണ് ഷാഫി പറമ്പിലിന് വിജയിക്കാൻ കഴിഞ്ഞിരുന്നത്. ഷാഫിയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്തി തൊട്ടു പിന്നിൽ വന്നിരുന്നത് ബി.ജെ.പി സ്ഥാനാർത്ഥിയായ മെട്രോമാൻ ശ്രീധരനാണ്. ഷാഫി പറമ്പിൽ 54,079 വോട്ടുകൾ നേടിയപ്പോൾ ശ്രീധരന് 50,220 വോട്ടുകളാണ് ലഭിച്ചിരുന്നത്. ഇടതുപക്ഷ സ്ഥാനാർത്ഥിയായ സി.പി.എമ്മിലെ സി.പി പ്രമോദിനാകട്ടെ 36,433 വോട്ടുകൾ നേടി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നിരുന്നു.

2016ൽ 17,483 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ വിജയിച്ചിരുന്നത്. 57,559 വോട്ടുകളാണ് ആ തിരഞ്ഞെടുപ്പിൽ ഷാഫിയ്ക്ക് ലഭിച്ചിരുന്നത്. 40,076 വോട്ട് നേടി ബിജെപിയുടെ ശോഭാ സുരേന്ദ്രൻ രണ്ടാമതെത്തിയ തിരഞ്ഞെടുപ്പു കൂടിയാണത്. സിപിഎമ്മിന്റെ എൻ.എൻ കൃഷ്ണദാസിന് ലഭിച്ചത് 38,675 വോട്ടുകളാണ്. അന്നും പാലക്കാട് സി.പി.എം മൂന്നാമതുതന്നെയാണ് എത്തിയിരുന്നത്. കെ.എസ് യു സംസ്ഥാന അദ്ധ്യക്ഷനായിരിക്കെ 2011-ലെ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ 7,403 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പാലക്കാട് മണ്ഡലം പിടിച്ചെടുത്തിരുന്നത്. പിന്നെ ഷാഫി തോൽവി അറിഞ്ഞിട്ടില്ല.

ഷാഫി മത്സര രംഗത്തില്ലാതെ നടക്കുന്ന ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പ് യു.ഡിഎഫിനെ സംബന്ധിച്ച് അഗ്നിപരീക്ഷണമാണ്. ഉപതിരഞ്ഞെടുപ്പ് ആയതിനാൽ, എതിർ സ്ഥാനാർത്ഥികളും ശക്തരാകും. മത്സരത്തിൻ്റെ വീര്യവും കൂടും. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, വി.ടി ബൽറാം, ഡോ. സരിൻ എന്നിവരുടെ പേരുകളാണ് കോൺഗ്രസ്സ് ക്യാംപിൽ സജീവമായിരിക്കുന്നത്.

ബി.ജെ.പിയിൽ നിന്നും ശോഭ സുരേന്ദ്രൻ, സന്ദിപ് വാര്യർ, സി. കൃഷ്ണകുമാർ, നടൻ ഉണ്ണിമുകുന്ദൻ എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. അപ്രതീക്ഷിത നിയോഗമെന്ന നിലയിൽ കെ സുരേന്ദ്രന് തന്നെ നറുക്ക് വീഴാനും സാധ്യതയുണ്ട്. ഇത്തവണ പാലക്കാട് പിടിച്ചിരിക്കും എന്ന വാശിയിലാണ് ബി.ജെ.പി മുന്നോട്ടു പോകുന്നത്.

ഇടതുപക്ഷത്ത് ഇത്തവണയും സി.പി.എം സ്ഥാനാർത്ഥി തന്നെയാണ് പാലക്കാട് മത്സരിക്കുക. ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കി മത്സരം കടുപ്പിക്കാനാണ് സി.പി.എം ശ്രമിക്കുക. ബി.ജെ.പി വിജയിക്കുമെന്ന ഘട്ടത്തിൽ ഷാഫി പറമ്പലിന് അനുകൂലമായി കഴിഞ്ഞ തവണ വീണ ഇടതു വോട്ടുകൾ ഇത്തവണ എന്തായാലും യു.ഡി.എഫിൻ്റെ പെട്ടിയിൽ വീഴാൻ സാധ്യതയില്ല. കോൺഗ്രസ്സ് വിമത നേതാവ് എവി ഗോപിനാഥ് മുതൽ യുവ നേതാക്കൾ വരെ സി.പി.എമ്മിൻ്റെ സാധ്യത പട്ടികയിൽ ഉണ്ടെങ്കിലും പാലക്കാട്ടെ സി.പി.എം പ്രവർത്തകർ ആഗ്രഹിക്കുന്നത് എം സ്വരാജിനെ പോലെയുള്ള തീപ്പൊരി നേതാവിനെയാണ്. മാധ്യമ പ്രവർത്തകനായ നികേഷ് കുമാറിനെ പരീക്ഷിക്കണമെന്ന അഭിപ്രായവും അണികൾക്കിടയിൽ ഉണ്ട്. പാലക്കാട് വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാം സ്ഥാനമെങ്കിലും പിടിക്കുക എന്നതാണ് അവർ ആഗ്രഹിക്കുന്നത്. ചേലക്കര നില നിർത്തുകയും പാലക്കാട്ട് വോട്ട് വർദ്ധിപ്പിക്കുകയും ചെയ്താൽ അത് ഇടതുപക്ഷത്തെ സംബന്ധിച്ച് വലിയ ഉണർവ്വാകും.

അത്തരമൊരു സാഹചര്യം സൃഷ്ടിച്ച് തദ്ദേശ തിരഞ്ഞെടുപ്പിനെയും 2026-ലെ നിയമസഭ തിരഞ്ഞെടുപ്പിനെയും നേരിടുന്നതിനാണ് സി.പി.എമ്മും പ്രാധാന്യം നൽകുന്നത്. സി.പി.എം പാലക്കാട്ട് വോട്ട് വർദ്ധിപ്പിച്ചാൽ അത് യു.ഡി.എഫിൻ്റെ സാധ്യതകളെയാണ് ബാധിക്കുക. ഇത് തിരിച്ചറിയുന്ന കോൺഗ്രസ്സ് നേതൃത്വം നല്ല ഭയത്തിലാണ് ഉള്ളത്. പാലക്കാട് സി.പി.എം വോട്ട് വർദ്ധിപ്പിക്കുകയും ബി.ജെ.പി വിജയിക്കുകയും ചെയ്താൽ ഒരിക്കലും അതിൻ്റെ പഴി സി.പി.എമ്മിന് ചാർത്തി നൽകാൻ കോൺഗ്രസ്സിനു കഴിയുകയില്ല.

തൃശൂർ ലോകസഭ സീറ്റ് ബി.ജെ.പി പിടിച്ചതും കോൺഗ്രസ്സിൽ നിന്നും ആയതിനാൽ പാലക്കാട് കൂടി താമര വിരിഞ്ഞാൽ യു.ഡി.എഫിന് അത് വലിയ പ്രഹരമായി മാറും. നിയമസഭയിൽ സി.പി.എം പൂട്ടിച്ച അക്കൗണ്ട് കോൺഗ്രസ്സ് തുറപ്പിച്ചു എന്ന പ്രചരണത്തിനും അത്തരം ഒരു സാഹചര്യം വഴിയൊരുക്കും. സി.പി.എമ്മിനെ സംബന്ധിച്ച് അവരുടെ പ്രധാന രാഷ്ട്രീയ ശത്രു ബി.ജെ.പിയാണെങ്കിലും കോൺഗ്രസ്സിനെ വിജയിപ്പിച്ച് രാഷ്ട്രീയ തിരിച്ചടി ഏറ്റുവാങ്ങാൻ ഇനിയും അവർ തയ്യാറാകില്ല. ലോകസഭ തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി മറികടക്കാൻ ചേലക്കര നിലനിർത്തേണ്ടതും പാലക്കാട് വർദ്ധിപ്പിക്കേണ്ടതും ഇടതുപക്ഷത്തിന് അനിവാര്യമാണ്. അതിനായി ഏതറ്റംവരെ പോകാനും സി.പി.എം തയ്യാറാകും.

അതേസമയം, ലോകസഭ തിരഞ്ഞെടുപ്പിൽ നേടിയ 18 സീറ്റിൻ്റെ കൂറ്റൻ ജയത്തിൻ്റെ പകിട്ട് ഒറ്റയടിക്ക് പോകാൻ യു.ഡി.എഫിന് പാലക്കാട്ടെ ഒരു തോൽവി മാത്രം മതിയാകും. തൃശൂർ ലോകസഭ സിറ്റിൽ അട്ടിമറി വിജയം നേടിയ ബി.ജെ.പിയ്ക്ക് പാലക്കാട് രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞില്ലങ്കിൽ അത് അവരുടെ കേരള സ്വപ്നങ്ങൾക്കാണ് തിരിച്ചടിയാവുക. അതേസമയം, പാലക്കാട് ഉപതിരഞ്ഞെടുപ്പ് വരുത്തി വച്ചതു തന്നെ കോൺഗ്രസ്സിൻ്റെ താൽപ്പര്യമായതിനാൽ ബി.ജെ.പി അഥവാ വിജയിച്ചാൽ അതിൻ്റെ ധാർമ്മിക ഉത്തരവാദിത്വം പ്രധാനമായും കോൺഗ്രസ്സിനു തന്നെ ആവാനാണ് സാധ്യത. രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ്.

EXPRESS KERALA VIEW

Top