പ്രതിസന്ധി തീരാതെ എയര്‍ ഇന്ത്യ എക്സ്പ്രസ്. കൊച്ചിയില്‍ നിന്നുള്ള അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി. ബഹറിന്‍, ഹൈദരാബാദ്, ദമാം, കൊല്‍ക്കത്ത, ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്. ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. ഇക്കാര്യം യാത്രക്കാരെ ഇന്നലെ തന്നെ കമ്പനി അറിയിച്ചു.
പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള കാലാതാമസമാണ് പ്രതിസന്ധി തുടരാനുള്ള കാരണം. ഇന്നലെ കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട ആറു വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. 2 ദിവസത്തിനകം സര്‍വീസുകള്‍ പൂര്‍ണതോതില്‍ പുനരാരംഭിക്കാനാകുമെന്ന് വിമാനക്കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ജീവനക്കാര്‍ തിരികെ എത്തുന്നതോടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വ്യക്തമാക്കുന്നത്.
ചൊവ്വാഴ്ചയോടെ സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയിലാകുമെന്നാണ് അറിയിപ്പ്. ജീവനക്കാരുടെ സമരം മൂലം 180 ഓളം സര്‍വീസുകളാണ് രണ്ട് ദിവസത്തിനിടെ മുടങ്ങിയത്. ലേബര്‍ കമ്മീഷന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് സമവായം ആയത്. സമരം ചെയ്തവരെ പിരിച്ച് വിട്ട നടപടി കമ്പനി പിന്‍വലിക്കാന്‍ തയ്യാറായിട്ടുണ്ട്.