സ്ഥാനമൊഴിയുന്നതിന് മുന്‍പ് വന്‍ സംഘര്‍ഷത്തിനാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇപ്പോള്‍ തിരി കൊളുത്തിയിരിക്കുന്നത്. റഷ്യയ്ക്കുള്ളില്‍ ആഴത്തിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ ശേഷിയുള്ള അമേരിക്കന്‍ ദീര്‍ഘദൂര മിസൈലുകള്‍ യുക്രെയിന്‍ സൈന്യത്തിന് ഉപയോഗിക്കാന്‍ ഇതാദ്യമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അംഗീകാരം നല്‍കിയതായാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിക്കുന്നത്. വന്‍ പ്രത്യാഘാതം വിളിച്ചു വരുത്തുന്ന നീക്കമാണിത്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റായ ഡോണാള്‍ഡ് ട്രംപ് അധികാരം ഏറ്റെടുക്കുന്നതിന് മുന്‍പ് പരമാവധി കുളമാക്കാന്‍ തന്നെയാണ് ജോ ബൈഡന്‍ ഭരണകൂടം ലക്ഷ്യമിടുന്നത്.
താന്‍ അധികാരമേറ്റെടുത്ത് 24 മണിക്കൂറിനുള്ളില്‍ റഷ്യ – യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി ട്രംപും അദ്ദേഹം പ്രത്യേക ചുമതല ഏല്‍പ്പിച്ച ഇലോണ്‍ മസ്‌കും യുക്രെയിന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. റഷ്യയുമായി ഒരിക്കലും ഒരു സംഘര്‍ഷത്തിന് അമേരിക്ക പോകരുത് എന്ന ശക്തമായ നിലപാടുള്ള ട്രംപ് യുക്രെയിനെ സഹായിച്ച് അമേരിക്കയുടെ ഖജനാവും ആയുധപുരയും കാലിയായി തുടങ്ങിയതായും പരസ്യമായി തന്നെ ആരോപണമുന്നയിച്ചിരുന്നു. ഇതൊന്നും തന്നെ നിലവിലെ പ്രസിഡന്റ് ജോബൈഡന് അംഗീകരിക്കാന്‍ പറ്റാത്ത നിലപാടുകളാണ്.
അതു കൊണ്ടു തന്നെയാണ് ട്രംപ് അധികാരം ഏല്‍ക്കുന്നതിന് മുന്‍പ് സംഘര്‍ഷം വര്‍ദ്ധിപ്പിക്കാനും അമേരിക്ക – റഷ്യന്‍ പോരിലേക്ക് കാര്യങ്ങള്‍ എത്തിക്കാനും ബൈഡന്‍ ഭരണകൂടം പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. റഷ്യ – അമേരിക്ക ഉടക്ക് വര്‍ദ്ധിച്ചാല്‍ ട്രംപിന്റെ സമവായ നിക്കം പൊളിയുമെന്നതാണ് ഈ വിഭാഗത്തിന്റെ കണക്കു കൂട്ടല്‍. യുക്രെയിന്‍ – റഷ്യ സംഘര്‍ഷത്തില്‍ ഉത്തരകൊറിയന്‍ സൈനികരെ ഉപയോഗപ്പെടുത്തിയ റഷ്യയുടെ നീക്കമാണ് ആര്‍മി ടാക്റ്റിക്കല്‍ മിസൈല്‍ സിസ്റ്റംസ് ഉപയോഗിക്കാനുള്ള അംഗീകാരത്തിന് കാരണമായതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നത്.
Also Read:ലോകത്തെ വിഴുങ്ങാനൊരുങ്ങി ‘താപ തരംഗങ്ങൾ’
പടിഞ്ഞാറന്‍ റഷ്യയിലെ കുര്‍സ്‌ക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റഷ്യയുടെയും ഉത്തരകൊറിയയുടെയും സേനകളെയാണ് ഈ അമേരിക്കന്‍ ആയുധങ്ങള്‍ ലക്ഷ്യമിടുന്നതെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തര കൊറിയയുമായുള്ള സഹകരണം പ്രതിരോധ പങ്കാളിത്ത ഉടമ്പടി പ്രകാരമാണ് മുന്നോട്ട് പോകുന്നതെന്നതാണ് റഷ്യയുടെ നിലപാട്. അത് ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ മണ്ണിലെ ഉത്തരകൊറിയന്‍ സൈനികരുടെ സാന്നിധ്യത്തെ ഇതുവരെ റഷ്യ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലന്നതും ശ്രദ്ധേയമാണ്.
പതിനായിരത്തിലധികം ഉത്തര കൊറിയന്‍ സൈനികര്‍ യുക്രെയിന് എതിരായ യുദ്ധത്തില്‍ പങ്കെടുക്കുന്നതായാണ് അമേരിക്കയും ദക്ഷിണ കൊറിയയും ആരോപിക്കുന്നത്. യുക്രെയിന്‍ സൈന്യത്തിന് നല്‍കിയ പുതിയ അനുമതി അമേരിക്കയുടെ നിലവിലെ നയത്തില്‍ നിന്നുള്ള പ്രകടമായ മാറ്റമാണ്. അതുകൊണ്ടു തന്നെ പ്രത്യാഘാതവും എന്തായാലും ഉറപ്പാണ്. പുടിന്‍ മാത്രമല്ല ഉത്തരകൊറിയന്‍ സൈനികര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കിം ജോങ് ഉന്നും പ്രകോപിതനാകും. പുടിനെ പോലെ ‘ലോകത്തിന്റെ നന്മയും യുദ്ധം കൊണ്ട് മാനവരാശി അനുഭവിക്കേണ്ടിവരുന്ന പ്രത്യാഘാതവും നോക്കിയല്ല ഉത്തര കൊറിയന്‍ ഭരണാധികാരി നിലപാട് സ്വീകരിക്കുക.
‘വെട്ടൊന്ന് തുണ്ടം രണ്ട് ‘എന്ന പോളിസിയില്‍ വിശ്വസിക്കുന്ന കിം ജോങ് ഉന്‍ തന്റെ സൈന്യത്തിന് വല്ലതും പറ്റിയാല്‍ ആണവ മിസൈലുള്‍പ്പെടെ പ്രയോഗിക്കാന്‍ മടിക്കുകയില്ല. അത്തരം ഒരു സന്ദര്‍ഭം ഉണ്ടായാല്‍ യുക്രെയിനെ അല്ല സാക്ഷാല്‍ അമേരിക്കയെ തന്നെയാണ് ഉത്തര കൊറിയ ആക്രമിക്കുക. ട്രംപിന്റെ ആദ്യ ഭരണകാലത്ത് അമേരിക്കയെ ലക്ഷ്യമിട്ട് ഉത്തര കൊറിയ ആണവ മിസൈല്‍ തിരിച്ചു വെച്ചപ്പോള്‍ സമാധാന ശ്രമത്തിനായി ആദ്യം ഓടിയെത്തിയതും ഇരു കൊറിയകള്‍ക്കിടയില്‍ വെച്ച് കിം ജോങ് ഉന്നുമായി ചര്‍ച്ച നടത്തിയതും ട്രംപ് തന്നെയാണ്. ട്രംപ് അധികാരം ഏറ്റെടുക്കുന്നതുവരെ അമേരിക്കന്‍ മിസൈലുകള്‍ റഷ്യയില്‍ പതിച്ചില്ലെങ്കില്‍ പഴയ ആ ചരിത്രം വീണ്ടും ആവര്‍ത്തിക്കും.
പുടിനുമായും കിം ജോങ് ഉന്നിനുമായും മാത്രമല്ല ഇറാനുമായി പോലും ഒരു സമവായ ചര്‍ച്ചയ്ക്ക് ട്രംപ് തയ്യാറാകാനുള്ള സാധ്യത ഏറെയാണ്. റഷ്യന്‍ മണ്ണില്‍ അമേരിക്കന്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ചില നിയന്ത്രണങ്ങള്‍ ബൈഡന്‍ ഭരണകൂടം മുമ്പ് ലഘൂകരിച്ച് കൊടുത്തിരുന്നെങ്കിലും അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട റഷ്യന്‍ പ്രദേശങ്ങളിലെ ആക്രമണങ്ങള്‍ക്ക് അമേരിക്കയുടെ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നത് നിര്‍ത്തിവയ്ക്കുകയാണ് ചെയ്തിരുന്നത്. ഈ നയമാണിപ്പോള്‍ വീണ്ടും മാറ്റിയിരിക്കുന്നത്. റഷ്യയെ സംബന്ധിച്ച് അത്യന്തം പ്രകോപനകരമായ നീക്കമാണിത്.
Also Read:യുദ്ധക്കൊതിയനായ ബൈഡന്റേത് ‘ കടുത്ത തീരുമാനം’; ആഞ്ഞടിച്ച് ഇലോണ്‍ മസ്‌ക്
അതുകൊണ്ടു തന്നെ, എന്തും സംഭവിക്കാം എന്നതാണ് നിലവിലെ അവസ്ഥ. തങ്ങളുടെ മണ്ണില്‍ ഏത് രാജ്യത്തിന്റെ അടയാളമുള്ള മിസൈല്‍ പതിച്ചാലും ആ രാജ്യത്തെ ആക്രമിക്കും എന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതു കൊണ്ട് തന്നെ ഏതെങ്കിലും ഒരു അമേരിക്കന്‍ മിസൈല്‍ റഷ്യയില്‍ നാശനഷ്ടം സൃഷ്ടിച്ചാല്‍ ഇനി അമേരിക്കയിലും ബോംബുകള്‍ വീഴുമെന്നതും വ്യക്തമാണ്. തീര്‍ച്ചയായും അതൊരു ലോക മഹായുദ്ധത്തില്‍ തന്നെയാണ് കലാശിക്കുക. ഒരു അമേരിക്കന്‍ നിര്‍മ്മിത ATACMS മിസൈലിന് ഏകദേശം 300 കിലോമീറ്റര്‍ സൂപ്പര്‍സോണിക് വേഗതയില്‍ 214 കിലോഗ്രാം വാര്‍ഹെഡ് വഹിക്കാനാകും.
അമേരിക്കന്‍ നിര്‍മ്മിത M270 മള്‍ട്ടിപ്പിള്‍ ലോഞ്ച് റോക്കറ്റ് സിസ്റ്റത്തില്‍ നിന്നും M142 ഹൈ മൊബിലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സിസ്റ്റത്തില്‍ നിന്നുമാണ് ആക്രമിക്കാന്‍ കഴിയുക. ഇവ രണ്ടും 2022 മുതല്‍ യുക്രെയിനിന്റെ ആയുധപ്പുരയില്‍ ഉണ്ടെങ്കിലും പ്രയോഗിക്കാന്‍ അനുമതി ലഭിക്കാത്തതിനാല്‍ വെറുതെ കിടക്കുകയാണ് ഉണ്ടായത്. അമേരിക്കയുടെ ഇപ്പോഴത്തെ നയമാറ്റം ഉത്തര കൊറിയയെ ഭയപ്പെടുത്താന്‍ ഉദ്ദേശിച്ചാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥത്തിന്‍ ആരാണ് ഭയപ്പെടുക എന്നത് ഇനിയാണ് ലോകം കാണാന്‍ പോകുന്നത്.
നിലവില്‍, ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അംഗീകാരം കുര്‍സ്‌ക് മേഖലയെ മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളൂ എന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ റഷ്യന്‍ സേനയുടെ കൈവശമുള്ള പ്രദേശമാണിത്. ഈ പശ്ചാത്തലത്തില്‍ പുതിയ തീരുമാനം അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും എതിരായ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ നിക്കങ്ങള്‍ക്ക് കാരണമാകുമെന്ന ഭയം ഉന്നത അമേരിക്കന്‍ ഉദ്ദ്യോഗസ്ഥര്‍ തന്നെ ന്യൂയോര്‍ക്ക് ടൈംസിനോട് പങ്കുവച്ചിട്ടുണ്ട്. ഓഗസ്റ്റില്‍ ആരംഭിച്ച കിയെവ് കുര്‍സ്‌ക് മേഖലയിലെ സംഘര്‍ഷത്തില്‍ മാത്രം യുക്രെയിനിന്റെ ഭാഗത്ത് 32,600-ലധികം പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
കൂടാതെ 213 ടാങ്കുകള്‍ 136 കാലാള്‍പ്പട യുദ്ധ വാഹനങ്ങള്‍ 1,100-ലധികം കവചിത കാറുകള്‍ എന്നിവയുള്‍പ്പെടെ നൂറുകണക്കിന് ആയുധ നഷ്ടവും യുക്രെയിന്‍ ഭാഗത്ത് സംഭവിച്ചിട്ടുണ്ട്. നവംബര്‍ 16ന് പുറത്തുവിട്ട റഷ്യന്‍ സൈനിക കണക്കുകളിലാണ് ഈ വിവരമുള്ളത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് നവംബര്‍ 18 ന് പുലര്‍ച്ചെ യുക്രെയ്‌നിലേക്ക് 120 മിസൈലുകളും 90 ഡ്രോണുകളും ഒറ്റയടിക്ക് റഷ്യ തൊടുത്തുവിട്ടു എന്നാണ്. ആഗസ്റ്റിനുശേഷം യുക്രെയ്നിനുനേരെ നടന്ന ഏറ്റവും വലിയ മിസൈല്‍ ഡ്രോണ്‍ ആക്രമണവും അമേരിക്കന്‍ തെരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യത്തെ വലിയ റഷ്യന്‍ ആക്രമണവുമാണ് ഇത്.
Also Read:ആണവ പദ്ധതിക്ക് എതിരെ നിന്നാല്‍ കനത്ത വില നല്‍കേണ്ടിവരും; ഇറാന്റെ മുന്നറിയിപ്പ്
ട്രംപിന്റെ വിജയത്തിനുശേഷവും റഷ്യ വിട്ടുവീഴ്ച ചെയ്യാനുള്ള മാനസികാവസ്ഥയിലല്ലന്നാണ് ഈ ആക്രമണം കാണിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പോളണ്ടും നാറ്റോ സഖ്യകക്ഷികളും തങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളിലെ വ്യോമാതിര്‍ത്തി സംരക്ഷിക്കാന്‍ ഞായറാഴ്ച പുലര്‍ച്ചെ തന്നെ പുതിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. റഷ്യന്‍ ഡ്രോണുകളും മിസൈലുകളും തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചതായി മോള്‍ഡോവയും ആരോപിച്ചിട്ടുണ്ട്.
റഷ്യന്‍ പ്രദേശത്ത് ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ യുക്രൈയിനെ അനുവദിക്കുന്നത്, അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടെയുള്ള നാറ്റോ രാജ്യങ്ങള്‍ റഷ്യക്കെതിരെ നേരിട്ട് യുദ്ധം ചെയ്യുന്നതായി കണക്കാക്കുമെന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് പുടിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്. അത്തരം നടപടികളുണ്ടായാല്‍ ‘ഉചിതമായ തിരിച്ചടി നല്‍കാന്‍ റഷ്യന്‍ സൈന്യത്തിനും പുടിന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റഷ്യക്ക് ഒപ്പം യുദ്ധത്തില്‍ ചേര്‍ന്ന ഉത്തര കൊറിയയുടെ നിലപാടും ഇതു തന്നെയാണ്. അതായത്, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആണവായുധങ്ങള്‍ ഉള്ള രാജ്യത്തെയാണ് വീണ്ടും വീണ്ടും ജോ ബൈഡന്‍ ഭരണകുടം പ്രകോപിപ്പിച്ചു കൊണ്ടിരിക്കുന്നത്. ‘വിനാശകാലേ വിപരീത ബുദ്ധി’ എന്നു തന്നെയാണ്, ഈ പ്രവര്‍ത്തിയെയും വിശേഷിപ്പിക്കേണ്ടത്.
വീഡിയോ കാണാം