ഭൂരിപക്ഷം ലഭിച്ചാൽ പഴയ മൂന്നാം മുന്നണി പോലെ ഇന്ത്യാ മുന്നണിയും മാറും, അപ്പോൾ രാഹുലിനേക്കാൾ സാധ്യത കെജരിവാളിന് !

ഭൂരിപക്ഷം ലഭിച്ചാൽ പഴയ മൂന്നാം മുന്നണി പോലെ ഇന്ത്യാ മുന്നണിയും മാറും, അപ്പോൾ രാഹുലിനേക്കാൾ സാധ്യത കെജരിവാളിന് !
ഭൂരിപക്ഷം ലഭിച്ചാൽ പഴയ മൂന്നാം മുന്നണി പോലെ ഇന്ത്യാ മുന്നണിയും മാറും, അപ്പോൾ രാഹുലിനേക്കാൾ സാധ്യത കെജരിവാളിന് !

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടം പിന്നിടുമ്പോള്‍ വലിയ ആത്മവിശ്വാസമാണ് ഇന്ത്യാ മുന്നണിക്ക് ഇപ്പോഴുള്ളത്. മോദി വിരുദ്ധ വാര്‍ത്തകള്‍ക്ക് സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രചാരമാണ് നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. 400 സീറ്റുകള്‍ക്കു മീതെ നേടുമെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി ഇപ്പോള്‍ ശരിക്കും പ്രതിരോധത്തില്‍ ആയിരിക്കുകയാണ്. 300 സീറ്റുകള്‍ നേടി ഇന്ത്യാ സഖ്യം അധികാരത്തില്‍ എത്തുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോള്‍ വിലയിരുത്തുന്നത്.

മോദിയെയും ബി.ജെ.പിയെയും കടന്നാക്രമിച്ച് ഇന്ത്യാ സഖ്യത്തിന് വേഗത നല്‍കിയിരിക്കുന്നത് ഇപ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ്. തുടക്കത്തില്‍ ബി.ജെ.പിയ്ക്ക് ഉണ്ടായിരുന്ന വലിയ ആത്മവിശ്വാസം നഷ്ടപ്പെട്ടത് അവരുടെ തന്നെ കയ്യിലിരിപ്പു കൊണ്ടാണ്. കെജ്രിവാളിന്റെ അറസ്റ്റും തുടര്‍ന്ന് നടന്ന സംഭവ വികാസങ്ങളും ബി.ജെ.പി വിചാരിച്ച ഫലമല്ല ഉണ്ടാക്കിയിരിക്കുന്നത്. വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ ഭരണഘടന തന്നെ അവര്‍ മാറ്റി എഴുതുമെന്ന പ്രചരണം വ്യാപകമായാണ് രാജ്യത്ത് നടക്കുന്നത് ഇത് ബി.ജെ.പിയുടെ വോട്ട് ബാങ്കിനെ പോലും ഉലയ്ക്കുന്ന തരത്തിലാണ് മാറിയിരിക്കുന്നത്. പോളിങ്ങില്‍ ഉണ്ടായ വലിയ ഇടിവും ബി.ജെ.പി നേതൃത്വത്തിന്റെ ചങ്കിടിപ്പിക്കുന്നതാണ്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ കെജ്രിവാള്‍ ദിവസവും മോദിക്ക് എതിരെ നടത്തുന്ന കടന്നാക്രമണം ഇന്ത്യാ മുന്നണിയുടെ കുന്തമുനയായാണ് മാറിയിരിക്കുന്നത്.

2019-ല്‍ കണ്ട മോദി തരംഗം ഇപ്പോള്‍ ഇല്ലന്ന യാഥാര്‍ത്ഥ്യം ബി.ജെ.പി അനുകൂല മാധ്യമങ്ങള്‍ പോലും ഇപ്പോള്‍ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. സ്വന്തം യൂട്യൂബ് ചാനലില്‍ മോദി നടത്തിയ വൈറല്‍ പ്രസംഗം ഒന്നേകാല്‍ ലക്ഷത്തിനു താഴെ മാത്രം ആളുകള്‍ കണ്ടപ്പോള്‍ പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം പത്തും പതിനഞ്ചും ലക്ഷം പേരാണ് കണ്ടിരിക്കുന്നത്. ഇത് ഒരു അപായ സൂചന ആയാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ഇന്ത്യ മുഴുവന്‍ നരേന്ദ്ര മോദിയുടെ പ്രസംഗം കാത്തിരുന്ന പഴയ കാലം ഉണ്ടായിരുന്നു എന്നതും ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്. ബി.ജെ.പിയുടെയും അവരുടെ മുന്നണിയായ എന്‍.ഡി.എയുടെയും ശക്തി കേന്ദ്രമായ ബീഹാറിലും മഹാരാഷ്ട്രയിലും മാത്രമല്ല യു.പിയില്‍ പോലും ലക്ഷങ്ങളെ തെരുവിലിറക്കിയാണ് ഇന്ത്യാ സഖ്യം കരുത്ത് കാട്ടിയിരിക്കുന്നത്. ഈ മൂന്നു സംസ്ഥാനങ്ങളിലും കൂടി മാത്രം 168 ലോകസഭ സീറ്റുകളാണ് ഉള്ളത്. 2019-ല്‍ ഈ സംസ്ഥാനങ്ങളില്‍ തൂത്തുവാരിയ ബി.ജെ.പി മുന്നണിയ്ക്ക് ഇത്തവണ എത്ര സീറ്റുകള്‍ ലഭിക്കും എന്നത് മോദിയുടെ സ്വപ്നങ്ങള്‍ക്ക് നിര്‍ണ്ണായകമാണ്. 40 സീറ്റുകള്‍ ഉള്ള ബീഹാറിലും 48 സീറ്റുകള്‍ ഉള്ള മഹാരാഷ്ട്രയിലും വലിയ നഷ്ടമാണ് ബി.ജെ.പി മുന്നണിയ്ക്ക് സംഭവിക്കാന്‍ പോകുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യഥാര്‍ത്ഥ ശിവസേന ആരെന്ന മത്സരം നടക്കുന്ന മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ വിഭാഗം സൃഷ്ടിക്കുന്ന വന്‍ ഓളങ്ങള്‍ ഇന്ത്യാ സഖ്യത്തിന് കരുത്തായി മാറിയാല്‍ മറാത്ത രാഷ്ട്രീയത്തിലും വന്‍ പൊളിച്ചെഴുത്തുകളാണ് നടക്കുക.

ബീഹാറിലാകട്ടെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന്റെ അവസരവാദപരമായ നിലപാട് ബി.ജെ.പിക്ക് ദോഷം ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ വന്‍ തിരിച്ചടിയാണ് എന്‍.ഡി.എയ്ക്കു ലഭിക്കുക. ഇവിടെ ആര്‍.ജെ.ഡിയും ഇടതുപക്ഷവും കോണ്‍ഗ്രസ്സും അടങ്ങിയ ഇന്ത്യാ സഖ്യം പ്രചരണത്തില്‍ വന്‍ മുന്നേറ്റമാണ് നടത്തി കൊണ്ടിരിക്കുന്നത്. രാജ്യത്ത് തന്നെ ഏറ്റവും അധികം ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന യു.പിയില്‍ അയോദ്ധ്യ ക്ഷേത്ര ഉദ്ഘാടനമൊന്നും വോട്ടായില്ലങ്കില്‍ അത് ബി.ജെ.പിക്ക് ഉണ്ടാക്കുന്ന പ്രതിസന്ധി വളരെ വലുതായിരിക്കും. സമാജ് വാദി പാര്‍ട്ടിയാണ് യു.പിയില്‍ പ്രതിപക്ഷ സഖ്യത്തെ നയിക്കുന്നത്. പ്രചരണ യോഗങ്ങളില്‍ വന്‍ ജനക്കൂട്ടം ഇരമ്പി എത്തുന്നത് ഇന്ത്യാ സഖ്യത്തിന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 80-ല്‍ 20 സീറ്റെങ്കിലും നേടുമെന്ന ആത്മവിശ്വാസമാണ് യു.പിയില്‍ ഇന്ത്യാ സഖ്യം പങ്കുവയ്ക്കുന്നത്. കര്‍ഷക സമരം 100 ദിവസം പിന്നിട്ടതോടെ കൂടുതല്‍ ശക്തമായതും ബി.ജെ.പി നേരിടുന്ന പുതിയ വെല്ലുവിളിയാണ്. പഞ്ചാബിലും ഹരിയാനയിലും മാത്രമല്ല കര്‍ഷകര്‍ ശക്തരായ രാജസ്ഥാന്‍ മധ്യപ്രദേശ് സംസ്ഥാനങ്ങളിലും യു.പിയിലെ ചില ഭാഗങ്ങളിലും ഇതിന്റെ നേട്ടം ഇന്ത്യാ മുന്നണിക്ക് ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയുകയില്ല. 42 സീറ്റുകള്‍ ഉള്ള പശ്ചിമ ബംഗാളില്‍ 2019-ല്‍ നേടിയ 18 സീറ്റുകള്‍ ഇത്തവണ ബി.ജെ.പിയ്ക്ക് ലഭിക്കുമെന്ന് ഒരു മാധ്യമവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇവിടെ അപ്രതീക്ഷിതമായ മുന്നേറ്റം സി.പി.എം നടത്തുന്നതിനാല്‍ കുറച്ചു സീറ്റുകള്‍ അവരും പിടിച്ചെടുത്തേക്കും.

ദക്ഷിണേന്ത്യയില്‍ ബി.ജെ.പിയുടെ ഏക കോട്ടയായ കര്‍ണ്ണാടകയിലും വലിയ വെല്ലുവിളിയാണ് നിലവില്‍ ബി.ജെ.പി നേരിടുന്നത്. ജനതാദള്‍(എസ്) എംപിയുടെ പീഢനമാണ് കര്‍ണ്ണാടക രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയിരിക്കുന്നത്. ഈ പാര്‍ട്ടിയെ മുന്നണിയില്‍ എടുത്തത് അബദ്ധമായി പോയി എന്ന ചിന്തയും ബി.ജെ.പി നേതൃത്വത്തില്‍ ഇപ്പോഴുണ്ട്. തെലങ്കാനയിലും തമിഴ്‌നാട്ടിലും പരമാവധി ഒന്നോ രണ്ടോ സീറ്റുകള്‍ക്ക് അപ്പുറം ബി.ജെ.പിയ്ക്ക് ലഭിക്കാനുള്ള സാധ്യതയും കുറവാണ്. കേരളത്തിലും ഇത്തവണ ബി.ജെ.പി അക്കൗണ്ട് തുറക്കാനുള്ള സാധ്യത വിരളമാണ്. ആന്ധ്രയില്‍ ബി.ജെ.പി – ടി.ഡി.പി സഖ്യം വിജയിച്ചാലും വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് വിജയിച്ചാലും മോദിക്കാണ് നേട്ടം. പ്രതിപക്ഷ പാര്‍ട്ടികള്‍ ആണെങ്കിലും മോദി സര്‍ക്കാറിനെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ സഹായിച്ച ചരിത്രമാണ് ആന്ധ്രയിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിനും ഒറീസയിലെ ബിജു ജനതാദള്ളിനും ഉള്ളത്. എന്നാല്‍, ദേശീയ തലത്തില്‍ ഇന്ത്യാ മുന്നണിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള നേരിയ സാധ്യത ഉണ്ടായാല്‍ പോലും ഈ പാര്‍ട്ടികള്‍ നിലപാട് മാറ്റാനും സാധ്യതയുണ്ട്.

അതേസമയം കേവല ഭൂരിപക്ഷം ഇന്ത്യാ സഖ്യത്തിന് ലഭിച്ചാല്‍ മുന്നണിയിലെ ഘടക കക്ഷികളെ ഒപ്പം നിര്‍ത്തുക എന്ന വലിയ വെല്ലുവിളി നേതൃത്വത്തിന് നേരിടേണ്ടി വരും. പ്രധാനമന്ത്രി പദ മോഹികളുടെ ഒരു കൂടാരമാണ് ഇന്ത്യാ സഖ്യം. ഇടതുപക്ഷമൊഴികെ മറ്റു മിക്ക പ്രതിപക്ഷപാര്‍ട്ടികളും ആ പദവി ആഗ്രഹിക്കുന്നവരാണ്. ഇന്ത്യാ സഖ്യ സര്‍ക്കാറിനെ പുറത്ത് നിന്നും പിന്തുണയ്ക്കുമെന്ന് പറയുന്ന മമത ബാനര്‍ജി മുതല്‍ ആരോഗ്യപ്രശ്‌നം നേരിടുന്ന ശരദ് പവാര്‍ വരെ ആ പട്ടികയിലുണ്ട്.

ഇന്ത്യാ സഖ്യത്തിന് സര്‍ക്കാറുണ്ടാക്കാന്‍ കഴിയാവുന്ന ഒരു സാഹചര്യം വന്നാല്‍ തന്ത്രപരമായ ഒരു നീക്കത്തിന് ഇടതു പാര്‍ട്ടികള്‍ തയ്യാറയേക്കും. അത്തരമൊരു അവസ്ഥയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സി.പി.എം നിര്‍ദ്ദേശിച്ചാല്‍ ആര്‍.ജെ.ഡിയും ഡി.എം.കെയും ശിവസേനയും തുടങ്ങി സമാജ് വാദിപാര്‍ട്ടി വരെ പിന്തുണയ്ക്കാനുള്ള സാധ്യതയും കൂടുതലാണ്. കോണ്‍ഗ്രസ്സ് പ്രധാനമന്ത്രി വരാതിരിക്കാന്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സിനും ഇത്തരമൊരു ഘട്ടത്തില്‍ കെജരിവാളിനെ പിന്തുണയ്‌ക്കേണ്ടി വരും. ഈ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരും തന്നെ കോണ്‍ഗ്രസ്സില്‍ നിന്നും ഒരു പ്രധാനമന്ത്രിയെ ആഗ്രഹിക്കാത്തവരാണ്.

മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നതിനെ ഏതു വിധേയനേയും തടയുക എന്ന ലക്ഷ്യമുള്ള രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ്സിനും ഇക്കാര്യത്തിലും വിട്ടുവീഴ്ച ചെയ്യേണ്ടതായി വരും. അതല്ലെങ്കില്‍ കോണ്‍ഗ്രസ്സിനെ തന്നെ ബി.ജെ.പി പിളര്‍ത്തും. മുന്‍പ് മൂന്നാം മുന്നണി സര്‍ക്കാറിനെ പുറത്തു നിന്നും പിന്തുന്നച്ച ചരിത്രമുള്ള പാര്‍ട്ടി കൂടിയാണ് കോണ്‍ഗ്രസ്സ്. അന്ന് മൂന്നാം ബദലിന് പിന്നില്‍ പ്രവര്‍ത്തിച്ചതും സി.പി.എം ആണ്. സി.പി.എം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ നേതൃത്വത്തില്‍ നടന്ന നീക്കമാണ് ഫലം കണ്ടിരുന്നത്.

ഇത്തവണ ഇന്ത്യാ സഖ്യം അധികാരത്തില്‍ വരികയാണെങ്കില്‍ പഴയ പോലെ പുറത്തു നിന്നു മാത്രം പിന്തുണയ്ക്കുന്ന ഏര്‍പ്പാടിന് കോണ്‍ഗ്രസ്സ് തയ്യാറാകാന്‍ ഒരു സാധ്യതയും ഇല്ല. പത്തുവര്‍ഷം അധികാരത്തില്‍ നിന്നും പുറത്തു നിന്ന ആ പാര്‍ട്ടി അധികാരത്തിന്റെ പങ്കുപറ്റാന്‍ ലഭിക്കുന്ന ഏതവസരവും പുതിയ സാഹചര്യത്തില്‍ ഉപയോഗിക്കുക തന്നെ ചെയ്യും. പ്രതിപക്ഷ സഖ്യം സര്‍ക്കാരുണ്ടാക്കിയാല്‍ അതില്‍ ചേരില്ലന്ന് ഉറപ്പിച്ചു പറയാന്‍ പറ്റുന്ന ഏക പാര്‍ട്ടി സി.പി.എം മാത്രമാണ്. പ്രധാനമന്ത്രി പദത്തില്‍ എത്താന്‍ ലഭിച്ച സുവര്‍ണ്ണാവസരം പോലും ഉപയോഗപ്പെടുത്താത്ത ഒരു വലിയ ചരിത്രവും ആ പാര്‍ട്ടിക്കുണ്ട്. രാജ്യത്തെ മറ്റൊരു പാര്‍ട്ടിക്കും ഇല്ലാത്ത പ്രത്യയശാസ്ത്ര ബോധമാണത്. സി.പി.എമ്മിന്റെ നയങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്ന ഒരു സര്‍ക്കാറില്‍ മാത്രമേ സി.പി.എം ചേരുകയൊള്ളൂ. അതവരുടെ പ്രഖ്യാപിത നയവുമാണ്. സി.പി.എമ്മിന്റെ രാജ്യത്തെ പ്രധാന ശത്രു ബി.ജെ.പിയാണ്. അവരെ പുറത്തു നിര്‍ത്താന്‍ മൂന്നാം മുന്നണി സര്‍ക്കാറുകളെ മാത്രമല്ല കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള ഒന്നാം മന്‍മോഹന്‍ സര്‍ക്കാറിനെ പിന്തുണച്ച ചരിത്രവും സി.പി.എമ്മിനുണ്ട്. അന്നത്തെ കരുത്ത് ഇന്ന് ഇടതുപക്ഷത്തിന് ഇല്ലങ്കിലും കേരളത്തിലും ബംഗാളിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷ സി.പി.എമ്മിനുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും കഴിഞ്ഞ തവണ നാലു സീറ്റുകള്‍ നേടിയ ഇടതുപാര്‍ട്ടികള്‍ ഇത്തവണയും ആ നാല് സീറ്റുകള്‍ ഉറപ്പിച്ചിട്ടുണ്ട്. ബീഹാറില്‍ 5 സീറ്റുകളിലാണ് ഇടതുപക്ഷം മത്സരിക്കുന്നത്. ഇവിടെയും വലിയ പ്രതീക്ഷയാണ് ഉള്ളത്. രാജസ്ഥാനില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്ന ഏകസീറ്റിലും സി.പി.എമ്മിന് പ്രതീക്ഷയുണ്ട്. ഇതിനു പുറമെ ബംഗാളില്‍ നിന്നും കേരളത്തില്‍ നിന്നുമായി 20 സീറ്റുകളാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്. എങ്ങനെ വന്നാലും 25-ല്‍ കുറയാത്ത അംഗസംഖ്യ ലോകസഭയില്‍ ഇടതുപക്ഷത്തിന് ഉണ്ടാകുമെന്നാണ് അവകാശവാദം. ഈ ഒരു നമ്പറിന് അടുത്തെത്തിയാല്‍ ഇടതു നിലപാടിനും ഇന്ത്യാ സഖ്യത്തില്‍ പ്രസക്തിയേറും. കെജരിവാളിന് സാധ്യത തുടങ്ങുന്നതും അവിടെ നിന്നായിരിക്കും.

ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളുമായി വ്യക്തിപരമായി തന്നെ വലിയ അടുപ്പമാണ്. സി.പി.എം നേതാക്കള്‍ക്കുള്ളത്. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയെയും കൂട്ടിയാണ് സമരപന്തലില്‍ കെജരിവാള്‍ എത്തിയിരുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ കുതിപ്പില്‍ പ്രധാന പങ്ക് കെജ്രിരിവാളിന് ഉണ്ട് എന്നതിലും ഇടതു പാര്‍ട്ടികള്‍ക്ക് സംശയമില്ല. സമാന കാഴ്ചപാട് തന്നെയാണ്, മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമുള്ളത്. കോണ്‍ഗ്രസ്സ് നേതാക്കള്‍ അത് പരസ്യമായി സമ്മതിച്ചു തരില്ലങ്കിലും അതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്. രാഹുല്‍ ഗാന്ധിയേക്കാള്‍ മോദിയെ പ്രതിരോധത്തില്‍ ആക്കിയ പ്രചരണം കെട്ടഴിച്ചു വിട്ടിരിക്കുന്നത് കെജ്രിവാളാണ്. അതു കൊണ്ടു തന്നെ ഇന്ത്യ സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ കെജ്രിവാളിനെ അവര്‍ക്ക് മാറ്റി നിര്‍ത്താന്‍ കഴിയുകയില്ല. ഡല്‍ഹി, പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളില്‍, ആം ആദ്മി പാര്‍ട്ടി മികച്ച വിജയം നേടുകയും ഇടതുപാര്‍ട്ടികളും ആര്‍.ജെ.ഡിയും ഡി.എം.കെയും തൃണമൂലം കെജരിവാളിനെ പിന്തുണയ്ക്കുന്ന സാഹചര്യവും ഉണ്ടായാല്‍ രാഹുല്‍ ഗാന്ധിക്കും ആ നിര്‍ദ്ദേശം അംഗീകരിക്കേണ്ടതായി വരും. ഇതെല്ലാം തന്നെ സാധ്യതകളാണ്. രാഷ്ട്രീയത്തില്‍ ഒന്നും ഒന്നും രണ്ടല്ലാത്തതിനാല്‍ ഒരു സാധ്യതയും നമുക്ക് തള്ളികളയാന്‍ കഴിയുകയില്ല.

EXPRESS KERALA VIEW

Top