CMDRF

ടെസ്റ്റ് ടീമിലെടുത്താൽ മികവ് കാട്ടാം; സെലക്ടർമാരോട് സായ് കിഷോർ

ടെസ്റ്റ് ടീമിലെടുത്താൽ മികവ് കാട്ടാം; സെലക്ടർമാരോട് സായ് കിഷോർ
ടെസ്റ്റ് ടീമിലെടുത്താൽ മികവ് കാട്ടാം; സെലക്ടർമാരോട് സായ് കിഷോർ

ചെന്നൈ: ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള എന്‍ട്രൻസ് പരീക്ഷയായ ദുലീപ് ട്രോഫി ടൂര്‍ണമെന്‍റ് തുടങ്ങാനിരിക്കെ ടെസ്റ്റ് ടീമില്‍ അവകാശവാദം ഉന്നയിച്ച് തമിഴ്നാട് സ്പിന്നര്‍ സായ് കിഷോര്‍. താന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളാണെന്നും ടെസ്റ്റ് ടീമില്‍ അവസരം നല്‍കിയാല്‍ കഴിവു തെളിയിക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്നും സായ് കിഷോര്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ദുലീപ് ട്രോഫിക്ക് മുമ്പ് ഞാന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കാരണം, കഴിഞ്ഞ നാലോ അ‍ഞ്ചോ വര്‍ഷമായി ഞാന്‍ ഇത്രയും കഠിനമായി പരിശീലനം നടത്തിയിട്ടില്ല. ഐപിഎല്ലിന് മുമ്പായിരുന്നു ഇതുപോലെ കഠിനമായി പരിശീലനം നടത്തിയത്. പുലര്‍ച്ചെ നാലു മണി മുതല്‍ മണിക്കൂറുകളോളം ബൗളിംഗ് പരിശീലനം നടത്തുന്ന എനിക്ക് ഏത് സാഹചര്യത്തിലും തിളങ്ങാനാകുമെന്ന ആത്മവിശ്വാസമുണ്ടിപ്പോള്‍.

ഐപിഎല്ലില്‍ നമുക്ക് കഴിവ് കാട്ടാന്‍ അധികം സമയം ലഭിക്കില്ല. എന്നാല്‍ ടെസ്റ്റ് ടീമില്‍ അങ്ങനെയല്ല. രാജ്യത്തെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളാണ് ഞാനെന്നാണ് സ്വയം കരുതുന്നത്. എന്നെ ഒരു ടെസ്റ്റ് മത്സരത്തിലെങ്കിലും ഇറക്കി നോക്കു. ഞാന്‍ അതിന് തയാറാണ്. ടെസ്റ്റില്‍ കളിക്കുന്നതിനെക്കുറിച്ച് എനിക്ക് അധികം ആശങ്കകളില്ല. ടെസ്റ്റ് ടീമില്‍ ഇടം കൈയന്‍ സ്പിന്നറായി രവീന്ദ്ര ജഡേജയുണ്ടെന്ന് അറിയാം. അദ്ദേഹത്തോടൊപ്പം പന്തെറിയാന്‍ അവസരം ലഭിക്കുന്നത് വലിയ അനുഭവമായിരിക്കും.

ചെന്നൈ ടീമില്‍ ഒരുമിച്ചുണ്ടായിരുന്നെങ്കിലും എനിക്കും ജഡേജക്കും ഒരുമിച്ച് കളിക്കാനായിരുന്നില്ല. എന്നാലിപ്പോള്‍ ടെസ്റ്റില്‍ ജഡേജക്കൊപ്പം പന്തെറിയാന്‍ ഞാന്‍ തയാറാണ്-ഇടം കൈയന്‍ സ്പിന്നറായ സായ് കിഷോര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ ഗെയിംസില്‍ സായ് കിഷോര്‍ ഇന്ത്യയുടെ ടി20 ടീമില്‍ അരങ്ങേറിയിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായാണ് സായ് കിഷോര്‍ കളിച്ചത്. ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബിക്കായാണ് സായ് കിഷോര്‍ കളിക്കുന്നത്. സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായാണ് ദുലീപ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്. ദുലീപ് ട്രോഫിയില്‍ തിളങ്ങുന്ന താരങ്ങള്‍ക്ക് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ടീമിലും അവസരം ലഭിക്കുമെന്നാണ് കരുതുന്നത്.

Top