ന്യൂഡല്‍ഹി: പുറത്തായ ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെതിരേ രംഗത്ത്. തനിക്ക് ലഭിക്കേണ്ട കരാര്‍ തുക പത്ത് ദിവസത്തിനകം തന്നില്ലെങ്കില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് സ്റ്റിമാക് മുന്നറിയിപ്പ് നല്‍കി.
ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബേ പല തവണ കരാര്‍ ലംഘനം നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2023 ഒക്ടോബര്‍ അഞ്ചിനാണ് സ്റ്റിമാക്കുമായി മൂന്ന് വര്‍ഷത്തേക്ക് കരാര്‍ പുതുക്കിയത്. രണ്ട് വര്‍ഷത്തിലധികം ബാക്കിയിരിക്കെ പരിശീലകനെ പുറത്താക്കുകയായിരുന്നു. ഇക്കാരണത്താല്‍ ഫിഫ അനുശാസിക്കുന്ന തരത്തില്‍, കരാര്‍ മൂല്യപ്രകാരം ആറു കോടി രൂപയെങ്കിലും ഫെഡറേഷന്‍ സ്റ്റിമാക്കിന് നല്‍കണം. അല്ലാത്തപക്ഷം, ഫിഫ ട്രൈബ്യൂണലിനെ സമീപിക്കുമെന്നാണ് സ്റ്റിമാക്കിന്റെ ഭീഷണി.
സ്റ്റിമാക്കിനു കീഴില്‍ കഴിഞ്ഞ 12 മത്സരങ്ങളില്‍ ഒമ്പതിലും തോറ്റിരുന്നു നീലപ്പട. രണ്ടെണ്ണം സമനിലയായി. എ.എഫ്.സി ഏഷ്യന്‍ കപ്പിലെ ദയനീയ പുറത്താകലിനു പിന്നാലെ ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടത്തിലും തുടര്‍തോല്‍വികള്‍ ഏറ്റുവാങ്ങി അടുത്ത റൗണ്ടിലേക്ക് മുന്നേറാനാകാതെ മടങ്ങി ഇന്ത്യ. ഫിഫ റാങ്കിങ്ങില്‍ 121ാം സ്ഥാനത്താണിപ്പോള്‍. ഇതോടെയാണ് ക്രൊയേഷ്യക്കാരനെ പറഞ്ഞുവിടാന്‍ എ.ഐ.എഫ്.എഫ് തീരുമാനിച്ചത്.
2019ല്‍ ചുമതലയേറ്റെടുത്ത സ്റ്റിമാക്കിന്റെ പരിശീലനത്തില്‍ ടീം മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലും നിര്‍ണായക കളികളില്‍ കാലിടറിയത് തിരിച്ചടിയായി. ഒരുവേള ഫിഫ റാങ്കിങ്ങില്‍ ആദ്യ നൂറിലെത്തിയിരുന്നു ഇന്ത്യ. എന്നാല്‍, പിന്നീട് കാര്യങ്ങള്‍ കൈവിട്ടു. സ്വന്തം മണ്ണില്‍ അഫ്ഗാനിസ്താനോട് വരെ തോറ്റത് ലോകകപ്പ് യോഗ്യത റൗണ്ടില്‍ പുറത്തേക്ക് പോകാന്‍ കാരണമായി.