തിരുവനന്തപുരം: തിരുവനന്തപുരം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആന്റ് ടെക്നോളജിയിലെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഐഐഎസ്ടിയിലെ വിദ്യാർത്ഥികൾ ഭാഗ്യം ചെയ്തവരാണെന്നും രാജ്യത്തെ ഏറ്റവും മികച്ച അധ്യാപകരുടെ കീഴിൽ പഠിക്കാൻ കഴിഞ്ഞുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഓരോ സ്ഥാപനത്തിലും പഠിച്ചിറങ്ങിയവർ തെളിച്ച വഴി പ്രധാനമാണ്. പിന്നാലെ വരുന്നവർക്ക് അവരാണ് സംഭാവനകൾ നൽകേണ്ടത്. ഐഐഎസ്ടി സമാനതകളില്ലാത്ത സ്ഥാപനമാണെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ഗവർണറായിരുന്നപ്പോൾ ചാൻസിലർ എന്ന നിലയിൽ നിരവധി സർവകലാശാലകൾ സന്ദർശിച്ചിട്ടുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ആ അനുഭവത്തിൽ നിന്നും പറയുന്നു ഐഐഎസ്ടി ലോകത്തിലെ തന്നെ മികച്ച സർവ്വകലാശാലയാണ്. ലോകം സാമ്പത്തിക തകർച്ച ഉൾപ്പടെ നിരവധി വെല്ലുവിളികളെ നേരിട്ടു. പക്ഷേ അപ്പോഴും ഇന്ത്യ അപ്പോഴും തലയുർത്തി നിന്നു. രാജ്യത്തിൻ്റെ വാതായനങ്ങൾ ഇന്ന് വികസനത്തിനായി തുറന്നിട്ടിരിക്കുകയാണ്. ഇന്ത്യ എന്ത് ചെയ്യുന്നുവെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ബഹിരാകാശ ശാസ്ത്ര രംഗത്തുണ്ടായത് വലിയ കുതിച്ചുചാട്ടമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഇന്ത്യ മറ്റുളളവരുമായി മത്സരിക്കുകയല്ല. ഇന്ത്യ വിശ്വസിക്കുന്നത് വസുധൈവ കുടുംബകമെന്ന ആശയത്തിലാണ്. 2023 ൽ ചന്ദ്രയാൻഉൾപ്പെടെ 7 വിക്ഷേപണങ്ങളും വിജയകരമായിരുന്നു. മറ്റൊരു രാജ്യത്തിന് ഇത് അവകാശപ്പെടാൻ കഴിയില്ല. രാജ്യത്തിൻ്റെ നേട്ടങ്ങളെ രാഷ്ട്രീയ കണ്ണോടെ കാണരുതെന്നും രാഷ്ട്രീയ താൽപര്യത്തോടെ വിമർശിക്കരുതെന്നും ജഗ്ദീപ് ധൻകർ അഭിപ്രായപ്പെട്ടു. ചന്ദ്രയാൻ വിജയത്തിന് ശേഷം അത്തരം പരാമർശങ്ങളുണ്ടായി. ഇത് രാജ്യതാൽപര്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
2047ൽ രാജ്യം ലോക രാഷ്ട്രങ്ങളിൽ ഒന്നാമതാകും. വികസിത ഭാരതത്തിൻ്റെ സ്വപ്നം അതാണെന്ന് പറഞ്ഞ ഉപരാഷ്ട്രപതി രാജ്യത്തെ ഗവേഷക സമൂഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും പ്രശംസിച്ചു. അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി മാറിയത് അവരുടെ കഠിന ശ്രമം കൊണ്ടു മാത്രമാണ്. പരാജയങ്ങളിൽ നിന്നാണ് വിജയങ്ങൾ ഉണ്ടാകുന്നത്. പരാജയങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ടാണ് മുന്നോട്ടു പോയത്. രാജ്യത്തെ ഏറ്റവും വലിയ ഉദാഹരണം ചന്ദ്രയാൻ ദൗത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് നേതാവും മുൻധനമന്ത്രിയുമായ പി. ചിദംബരത്തിനെതിരെ ഉപരാഷ്ട്രപതി രൂക്ഷ വിമർശനമുന്നയിച്ചു. പുതിയ ക്രിമിനൽ നിയമങ്ങളുണ്ടാക്കിയത് പാർട്ട് ടൈമർമാരെന്നായിരുന്നു ചിദംബരത്തിൻ്റെ വിമർശനം. ഇത് പാർലമെൻ്റിനോടുള്ള വിമർശനമാണെന്ന് കുറ്റപ്പെടുത്തിയ ഉപരാഷ്ട്രപതി ഇത് പിൻവലിക്കണമെന്നും ഇത്തരം പരാമർശങ്ങൾ അവഹേളനമാണെന്നും ചൂണ്ടിക്കാട്ടി. പുതിയ നിയമങ്ങളെ കുറിച്ച് ചർച്ച നടത്താതെ മിണ്ടാതിരുന്നിട്ടാണ് ഇപ്പോൾ വിമർശിക്കുന്നതെന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പറഞ്ഞു.