തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പതാകയുടെ ചിത്രങ്ങൾ ചോർന്നു; പിന്നാലെ വിമർശനം

തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പതാകയുടെ ചിത്രങ്ങൾ ചോർന്നു; പിന്നാലെ വിമർശനം
തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പതാകയുടെ ചിത്രങ്ങൾ ചോർന്നു; പിന്നാലെ വിമർശനം

ചെന്നൈ: നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പതാകയുടെ ചിത്രങ്ങൾ ചോർന്നതായി വിവരം. ടിവികെയുടെ പതാകയെന്ന പേരിൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്നലെ സംഘടിപ്പിച്ച പാർട്ടി പരിപാടിയിൽ നിന്നാണ് ചിത്രങ്ങൾ ചോർന്നതെന്നാണ് റിപ്പോർട്ട്. പാർട്ടി ആസ്ഥാനമായ പനയൂരിൽ ഓഗസ്റ്റ് 22നാണ് പതാക ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. പരിപാടിയിൽ വിജയ് തന്നെ പ്രവർത്തകർക്ക് പതാക പരിചയപ്പെടുത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പാർട്ടി ആസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള 30 അടി ഉയരമുള്ള കൊടിമരത്തിൽ വിജയ് തന്നെ പതാക ഉയർത്തും.

തമിഴ്‌നാട്, കേരളം, കർണാടക, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്ന് 300ൽ അധികം പ്രവർത്തകർ പരിപാടിയുടെ ഭാഗമാകും. നൂറിലധികം മാദ്ധ്യമപ്രവർത്തകരെയും ക്ഷണിച്ചിട്ടുള്ളതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. പതാകയുടെ ലോഞ്ചിംഗ് ചടങ്ങിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ കഴിഞ്ഞദിവസം വിജയ് പാർട്ടി ആസ്ഥാനത്തെത്തിയിരുന്നു. പതാക ഉയർത്തുന്നത് പരിശീലിക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. മഞ്ഞ നിറത്തിലാണ് പതാക. ഇതിന് നടുവിലായി ചുവന്ന വൃത്തത്തിൽ വിജയ്‌യുടെ ചിത്രമുണ്ട്. അതിനിടെ പതാകയിൽ വിജ‌യ്‌യുടെ ചിത്രം ഉൾക്കൊള്ളിച്ചതിനെ വിമർശിച്ച് ചിലർ രംഗത്തെത്തി.

എംജിആർ പോലും ഇത്തരത്തിൽ സ്വന്തം ചിത്രം പതാകയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ചിലർ കമന്റ് ചെയ്തു. പതാക ഉയർത്താനുള്ള വിജയ്‌യുടെ പരിശീലനം സിനിമാ ചിത്രീകരണം പോലെയെന്നും ചിലർ കുറ്റപ്പെടുത്തി. അതേസമയം, പ്രചരിക്കുന്നത് ഔദ്യോഗിക പതാകയുടെ ചിത്രമല്ലെന്നും മോഡൽ മാത്രമാണെന്നും വിവരമുണ്ട്. പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം സെപ്‌തംബർ 22ന് വിക്രവണ്ടിയിലാണ് നടക്കുന്നത്.

Top